‘സിനിമാ സെറ്റിൽ അസൗകര്യമുണ്ട്; പരാതി പറഞ്ഞാൽ ഇടപെടും, അതാണ് എനിക്ക് സിനിമയില്ലാത്തത്’
Mail This Article
തിരുവനന്തപുരം∙ സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ആരെങ്കിലും പരാതിയായി തന്നോട് പറഞ്ഞാൽ ഉടൻ ഇടപെടുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു നടൻ കൂടിയായ മന്ത്രി. ‘‘സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ച് എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. പരാതി പറഞ്ഞാൽ ഉടൻ നടപടി എടുത്തിരിക്കും. അതാണ് സ്വഭാവം. അതാണ് സിനിമയിൽ അധികം അവസരം ഇല്ലാത്തത്’’–ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
റിപ്പോർട്ടിൽ സർക്കാർ നടപടിയെടുക്കുമെന്ന് സാംസ്കാരിക മന്ത്രി പറഞ്ഞിട്ടുണ്ട്. സർക്കാർ നടപടിയെടുക്കുമെന്ന് ഉറപ്പുണ്ട്. റിപ്പോർട്ട് താൻ കണ്ടിട്ടില്ല. ശുപാർശയാണ് ജസ്റ്റിസ് ഹേമ നൽകിയത്. സിനിമാ സെറ്റുകളിൽ അസൗകര്യങ്ങളുണ്ടെന്നത് ശരിയാണ്. ശുചിമുറി ഇല്ലാത്തതിനാൽ സ്ത്രീകൾക്ക് വലിയ ബുദ്ധിമുട്ടുണ്ട്. ഇതിലൊക്കെ നേരത്തെ നടപടിയെടുക്കേണ്ടതാണ്. നടപ്പിലാക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അവസരങ്ങള്‍ക്കായി കിടക്ക പങ്കിടണമെന്ന കാര്യം നേരത്തെയും നമ്മൾ കേട്ടിട്ടുള്ളതാണ്. അതിലൊന്നും അഭിപ്രായം പറയുന്നില്ല.
റിപ്പോർട്ടിൽ എന്തൊക്കെ നടപടി സ്വീകരിക്കണമെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. നിയമപരമായി പുറത്തുവന്നതാണ്. റിപ്പോർട്ടിലില്ലാത്തത് ഊഹമായി പറയേണ്ട കാര്യമില്ല. റിപ്പോർട്ടിൽ ആരുടെയും പേര് പറഞ്ഞിട്ടില്ല. അതിനാൽ, ഇല്ലാത്ത കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ടോയെന്നും മന്ത്രി ചോദിച്ചു. സിനിമാ സെറ്റുകളിലെ സുരക്ഷാ കാര്യങ്ങളെക്കുറിച്ച് സിനിമാ സംഘടനകളുമായി സംസാരിച്ചതായും മന്ത്രി പറഞ്ഞു.