‘തെറ്റുചെയ്ത കശ്മലന്മാരുടെ പേര് വെളിപ്പെടുത്താത്തത് എന്താണ്; നാലര വർഷം റിപ്പോർട്ടിൽ സർക്കാർ അടയിരുന്നു’
Mail This Article
കോഴിക്കോട്∙ നാലരവർഷം ഹേമ കമ്മിറ്റി റിപ്പോർട്ടിന് മുകളിൽ സർക്കാർ അടയിരുന്നതിന്റെ രഹസ്യമെന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഹേമ കമ്മിഷൻ റിപ്പോർട്ട് നൽകിയത് മുഖ്യമന്ത്രിക്കല്ലേയെന്നും പിന്നെങ്ങനെയാണ് സർക്കാരിന് ഉത്തരവാദിത്തമില്ലാതാകുന്നതെന്നും മുരളീധരൻ ചോദിച്ചു. ‘‘മുറിയിൽ പോയി തട്ടുന്ന വിദ്വാൻമാർ ആരാണ്? തെറ്റ് ചെയ്തവർ ആരെന്ന് പുറത്തുപറഞ്ഞില്ലെങ്കിൽ മാന്യന്മാരും സംശയനിഴലിലാകും. പേരുകൾ പുറത്തുപറയുന്നതിൽ എന്തിനാണ് മടി. മാനനഷ്ടമുണ്ടായാൽ അവർ കേസ് കൊടുക്കട്ടെ’’– കെ.മുരളീധരൻ പറഞ്ഞു.
സോളാർ റിപ്പോർട്ട് വന്നപ്പോൾ പ്രസിദ്ധീകരിക്കാൻ നാല് ആഴ്ചപോലും എടുത്തില്ല. പൊതുപ്രവർത്തകരെന്നാൽ തുറന്ന പുസ്തകമാണ്. പൊതുപ്രവർത്തകരേക്കാൾ വലുതല്ലല്ലോ സിനിമ പ്രവർത്തകർ. ഇരയുടെ പേരല്ലേ വെളിപ്പെടുത്താൻ പാടില്ലാത്തത്. തെറ്റുചെയ്ത കശ്മലന്മാരുടെ പേര് വെളിപ്പെടുത്താത്തത് എന്താണ്. മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാമല്ലോ. സാംസ്കാരിക മന്ത്രി മുടന്തൻ ന്യായമാണ് പറയുന്നത്. ആരെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത്രയധികം പീഡനങ്ങൾ മറച്ചുവച്ചത് ക്രിമിനൽ കുറ്റമാണെന്നും മുരളീധരൻ പറഞ്ഞു.