ADVERTISEMENT

താനെ∙ മഹാരാഷ്ട്രയിലെ ബദ്‌ലാപുരില്‍ നഴ്സറി സ്കൂളിൽ പഠിക്കുന്ന 4 വയസ്സുള്ള രണ്ട് പെൺകുട്ടികളെ സ്കൂൾ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു. സ്കൂളിലെ ശുചീകരണ തൊഴിലാളിയായ അക്ഷയ് ഷിൻഡെ (24) ആണ് പെൺകുട്ടികളുടെ ടോയ്‌ലറ്റിനുള്ളിൽ വച്ച് രണ്ട് കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചത്. എന്നാൽ കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ വൈകിയതിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ബദ്‌ലാപുരില്‍ നാട്ടുകാർ ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കുകയാണ്. ബദ്‌ലാപുർ - കല്യാൺ റെയിൽവേ പാതയിലാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ട്രെയിനുകൾ തടയുന്നത്.

പ്രതി ശനിയാഴ്ച അറസ്റ്റിലായെങ്കിലും, പരാതി നൽകി 12 മണിക്കൂറിലധികം കഴിഞ്ഞാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്ന ആരോപണവുമായി പെൺകുട്ടികളുടെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പ് വിഷയത്തിൽ ഇടപെട്ടതിന് ശേഷമാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ തയാറായതെന്നും പെൺകുട്ടികളുടെ മാതാപിതാക്കൾ ആരോപിച്ചു. 

ഓഗസ്റ്റ് ഒന്നിനാണ് അക്ഷയ് ഷിൻഡെയെ സ്കൂളിൽ നിയമിച്ചത്. പെൺകുട്ടികളെ ശുചിമുറിയിലേക്ക് കൊണ്ടുപോകാൻ ഇയാളെ അനുവദിച്ചതിൽ സ്കൂൾ അധികൃതർക്കെതിരെയും പരാതി ഉയർന്നിട്ടുണ്ട്. ശുചിമുറിയിൽ വച്ച് ജീവനക്കാരൻ നടത്തിയ ലൈംഗികാതിക്രമത്തെ കുറിച്ച് പെൺകുട്ടികളിലൊരാൾ മുത്തച്ഛനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ശുചിമുറിയിൽ പോയപ്പോൾ ഷിൻഡെ തങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായും കുട്ടികൾ വെളിപ്പെടുത്തി. മകൾക്ക് സ്‌കൂളിൽ പോകാൻ ഭയമാണെന്ന് പീഡനത്തിനിരയായ ഒരു പെൺകുട്ടിയുടെ കുടുംബം തുറന്നുപറയുകയും ചെയ്തതോടെയാണ് രണ്ട് കുട്ടികളും നേരിട്ട ദുരനുഭവത്തെ കുറിച്ച് പുറംലോകം അറിയുന്നത്. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ രണ്ട് പെൺകുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തുകയായിരുന്നു.

പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ കുട്ടികളുടെ മാതാപിതാക്കളെ ഏറെ നേരം പൊലീസ് പുറത്ത് കാത്തുനിർത്തിയിരുന്നു. പിന്നീട് ഇവരെ വിളിപ്പിച്ചുവെങ്കിലും സിസിടിവി ദൃശ്യങ്ങളുടെ അഭാവത്തിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് സ്റ്റേഷൻ ‍ഇൻ – ചാർജ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതോടെ മാതാപിതാക്കൾ ജില്ലാ ശിശുക്ഷേമ സമിതിയെ സമീപിക്കുകയും സമിതിയുടെ നിർദശ പ്രകാരം പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് റജിസ്ടർ ചെയ്യുകയുമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിരവധി വീഴ്ചകളാണ് കണ്ടെത്തിയത്. പെൺകുട്ടികളെ ശുചിമുറിയിൽ കൊണ്ടുപോകുന്നതിന് വനിതാ ജീവനക്കാരില്ലെന്നും സ്‌കൂളിലെ പല സിസിടിവി ക്യാമറകളും പ്രവർത്തനരഹിതമാണെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.

English Summary:

Molestation of Minor Girls: Badlapur Erupts in Protest, Trains Blocked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com