‘ഉന്നതാധികാര സമിതിയെ അറിയിച്ചില്ല’: ശബരിമലയിലെ ഭസ്മക്കുളം നിർമാണം തടഞ്ഞ് ഹൈക്കോടതി
Mail This Article
കൊച്ചി ∙ ശബരിമല സന്നിധാനത്തെ പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം രണ്ടാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി. ശബരിമല ഉന്നതാധികാര സമിതിയെ അറിയിക്കാതെ നിർമാണ പ്രവർത്തനം ആരംഭിച്ചത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ദേവസ്വം ബോർഡ് ബെഞ്ചിന്റെ ഉത്തരവ്. ഈ വിഷയത്തിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു.
ദിവസവും ഒട്ടേറെ ഭക്തർ വരുന്നയിടമാണ് ശബരിമല എന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാര്‍ എന്നിവർ, ഇത്തരത്തിൽ പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ദേവസ്വം ബോർഡും പ്രസിഡന്റും ചേർന്ന് തീരുമാനമെടുത്താൽ പോരാ എന്നും വ്യക്തമാക്കി. പൊലീസ്, സ്പെഷൽ കമ്മിഷണർ, ശബരിമല ഉന്നതാധികാര സമിതി എന്നിവരുമായി കൂടിയാലോചന നടത്തി വേണം ഇത്തരം നിർമാണ പ്രവർത്തനങ്ങൾ നടത്താനെന്നും കോടതി പറഞ്ഞു. ഉന്നതാധികാര സമിതിയോട് ആലോചിക്കാതെ നിർമാണ പ്രവർത്തനം ആരംഭിച്ചത് ശരിയായ പ്രവണതയല്ലെന്നും ദേവസ്വം ബെഞ്ച് വിമർശിച്ചു.
ഭസ്മക്കുളം മാറ്റുന്ന കാര്യം സ്പെഷൽ കമ്മിഷണറെ അറിയിച്ചിരുന്നു എന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. കേസിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ബോർഡ് സാവകാശം തേടി. തുടർന്നാണ് നിർമാണ പ്രവർത്തനങ്ങൾ രണ്ടാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടത്. രണ്ടാഴ്ചയ്ക്കുശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും. മറ്റൊരിടത്തുള്ള യഥാർഥ ഭസ്മക്കളത്തിന്റെ നിലവിലെ അവസ്ഥ എന്താണെന്നും കോടതി ആരാഞ്ഞു.
ഇക്കഴിഞ്ഞ ഞായറാഴ്ച ശബരിമല സന്നിധാനത്ത് പുതിയ ഭസ്മക്കുളത്തിനായി കല്ലിട്ടിരുന്നു. ശബരി ഗെസ്റ്റ് ഹൗസിനു മുൻവശത്ത് കൊപ്രാക്കളത്തിനു സമീപമാണ് കുളത്തിനു സ്ഥലം തീരുമാനിച്ചിട്ടുള്ളത്. ശ്രീകോവിലിനു പടിഞ്ഞാറാണു നിലവിലുള്ള ഭസ്മക്കുളം. ഇതിലേക്ക് മലിനജലവും ഉറവയായി എത്തുന്നതിനാലാണ് പുതിയ കുളം നിർമിക്കാൻ തീരുമാനിച്ചത്. പൂര്‍ണമായും ആധുനിക ശുദ്ധീകരണ സംവിധാനങ്ങളോട് കൂടിയാണ് ഭസ്മക്കുളം നിര്‍മിക്കുക. പഞ്ചലോഹ ഗണപതി വിഗ്രഹം ശബരിമല എന്‍ട്രി പോയിന്റിലേക്കു മാറ്റി സ്ഥാപിക്കുന്നതിന്റെ ശിലസ്ഥാപന കര്‍മം ഞായറാഴ്ച നടന്നിരുന്നു.