ADVERTISEMENT

തിരുവനന്തപുരം∙ 2024ലെ പാരിസ് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി.ആര്‍. ശ്രീജേഷിന് പാരിതോഷികമായി 2 കോടി രൂപ അനുവദിക്കും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ അംഗങ്ങൾക്ക് അതാതു സംസ്ഥാനങ്ങൾ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീജേഷിന് 2 കോടി രൂപ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

രാജ്യാന്തര ഹോക്കിയിൽ ഇന്ത്യയുടെ തിരിച്ചുവരവിന് വഴിതെളിവച്ചവരിൽ പ്രധാനിയായ പി.ആർ. ശ്രീജേഷ്, പാരിസ് ഒളിംപിക്സോടെ രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിച്ചിരുന്നു. ഇന്ത്യയ്‌ക്ക് വെങ്കല മെഡൽ സമ്മാനിച്ച സ്പെയിനെതിരായ മത്സരമായിരുന്നു ശ്രീജേഷിന്റെ കരിയറിലെ അവസാന മത്സരം. ശ്രീജേഷിനോടുള്ള ആദരസൂചകമായി ഇന്ത്യൻ സീനിയർ ഹോക്കി ടീമിൽ അദ്ദേഹം ധരിച്ചിരുന്ന 16–ാം നമ്പർ ജഴ്സി പിൻവലിക്കാൻ ഹോക്കി ഇന്ത്യ തീരുമാനിച്ചിരുന്നു. മാത്രമല്ല, ശ്രീജേഷിനെ ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനായും നിയമിച്ചു. പാരിസ് ഒളിംപിക്സിനു പിന്നാലെ കേരളത്തിൽ തിരിച്ചെത്തിയ ശ്രീജേഷിന് അധികൃതരും ആരാധകരും ചേർന്ന് വമ്പിച്ച സ്വീകരണമാണ് നൽകിയത്. 

നേരത്തെ, ഒളിംപിക്സിലെ മെഡൽ നേട്ടത്തിൽ ശ്രീജേഷിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്‌സ്‌ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ‘‘പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ സ്പെയിനിനെ തോൽപിച്ച് ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡൽ നേട്ടം ഇന്ത്യൻ ടീം ആവർത്തിച്ചിരിക്കുകയാണ്. ടൂർണമെന്റിൽ മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. പ്രഫഷനൽ ഹോക്കിയിൽ നിന്നും വിരമിക്കുന്ന ശ്രീജേഷിന് ഈ വിജയം അവിസ്മരണീയമായ വിടവാങ്ങൽ സമ്മാനമായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിനും മറ്റ് ടീമംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.’ – മുഖ്യമന്ത്രി കുറിച്ചു.

English Summary:

Kerala Government Honors PR Sreejesh with Rs 2 Crore for Olympic Feat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com