കാഫിർ സ്ക്രീൻഷോട്ട് വിവാദം: അന്വേഷണത്തിൽ തെറ്റ് കാണുന്നില്ലെന്ന് ഹൈക്കോടതി
Mail This Article
കൊച്ചി ∙ വടകര വ്യാജ ‘കാഫിർ സ്ക്രീൻഷോട്ട്’ പ്രചരിപ്പിച്ച കേസിൽ ഇതുവരെ നടത്തിയ അന്വേഷണത്തിൽ തെറ്റൊന്നും കാണുന്നില്ലെന്ന് ഹൈക്കോടതി. ഹർജിക്കാരുടെ ആവശ്യം പൊലീസ് ആദ്യം സമർപ്പിച്ച റിപ്പോര്‍ട്ടില്‍ നീതീകരിക്കുന്നുണ്ടല്ലോ എന്ന് ആരാഞ്ഞ കോടതി, ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്താവുന്നതല്ലേ ഉള്ളൂ എന്നും ചൂണ്ടിക്കാട്ടി. കേസന്വേഷണം ശരിയായ ദിശയിലല്ലെന്നും മതസ്പർധ, വ്യാജരേഖയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ കേസിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കാട്ടി ഹൈക്കോടതിയിലെ ഹർജിക്കാരനും കേസിലെ പ്രതിയുമായ യൂത്ത് ലീഗ് നേതാവ് പി.കെ.മുഹമ്മദ് ഖാസിം സത്യവാങ്മൂലം നൽകിയിരുന്നു. ഇതു പരിഗണിച്ചപ്പോഴാണ് ഇതുവരെയുള്ള അന്വേഷണത്തിൽ പ്രശ്നമൊന്നും കാണുന്നില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അഭിപ്രായപ്പെട്ടത്.
പൊലീസ് സമർപ്പിച്ച കേസ് ഡയറി പരിശോധിച്ച ശേഷം ഈ മാസം 29ന് കേസ് വീണ്ടും പരിഗണിക്കും. വടകര ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേന്ന് പ്രചരിപ്പിക്കപ്പെട്ട കാഫിർ സ്ക്രീൻഷോട്ട് വിഷയത്തിൽ ഖാസിമിനെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. എന്നാൽ താനല്ല ഇത് നിർമിച്ചതും പ്രചരിപ്പിച്ചതെന്നും കാട്ടി ഖാസിമും അന്വേഷണം ആവശ്യപ്പെട്ട് കേസ് കൊടുത്തു. തുടർന്ന് പൊലീസ് രണ്ടു കേസുകളും അന്വേഷിച്ചു തുടങ്ങിയെങ്കിലും അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് ചൂണ്ടിക്കാട്ടി ഖാസിം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതിയിൽ സമര്‍പ്പിച്ച റിപ്പോർട്ടിൽ ഖാസിമിനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, ഫെയ്സ്ബുക്, വാട്‌സാപ് എന്നിവയിലൂടെയാണ് ഈ സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിക്കപ്പെട്ടത് എന്നതിനാൽ ഇവരുടെ മാതൃകമ്പനിയായ മെറ്റയിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞെങ്കിലും ലഭ്യമായില്ല. ഇതിനു പിന്നാലെയാണ് ഈ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച വിവിധ ഇടത് അക്കൗണ്ടുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പൊലീസ് കോടതിയിൽ സമര്‍പ്പിക്കുന്നതും വലിയ രാഷ്ട്രീയ വിവാദമായി വളരുന്നതും.
അന്വേഷണം ശരിയായ ദിശയിൽ മുന്നേറുന്നുവെന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോൾ സർക്കാർ അറിയിച്ചു. കേസിലെ പ്രതിയായ ഖാസിമിനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടില്ലെന്നും വ്യാജ സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തിയാൽ മാത്രമേ കേസന്വേഷണം പൂർത്തിയാകൂ എന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതിന് മെറ്റയുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഖാസിമിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി ഖാസിമിന്റെ ഉൾപ്പെടെയുള്ള ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട് എന്ന് സർക്കാർ അറിയിച്ചു. 9 നമ്പറുകളാണ് ഇയാൾ ഉപയോഗിക്കുന്നത്. ഈ നമ്പറുകൾ ഏതൊക്കെ വാട്‌സാപ് ഗ്രൂപ്പുകളുടെ ഭാഗമാണെന്ന കാര്യം പരിശോധിച്ചു വരികയാണ് എന്നും സര്‍ക്കാർ പറഞ്ഞു.
കേസന്വേഷണത്തിൽ പൊലീസിന് വീഴ്ചയുണ്ടെന്നും ദുര്‍ബലമായ വകുപ്പുകളാണ് താൻ നൽകിയ കേസില്‍ വടകര പൊലീസ് ചുമത്തിയത് എന്നും കാണിച്ച് ഖാസിം അധിക സത്യവാങ്മൂലം നൽകിയിരുന്നു. മതസ്പര്‍ധ വളര്‍ത്തിയതിനും വ്യാജരേഖ ചമച്ചതിനുമുള്ള കുറ്റം ചുമത്തിയില്ല, ഇടത് സൈബര്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ വടകര പൊലീസ് പ്രതി ചേര്‍ത്തില്ല, വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചവരെ പൊലീസ് സാക്ഷികളാക്കി, വ്യാജ സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം തിരിച്ചറിയാന്‍ റിബേഷിനെ വിശദമായി ചോദ്യം ചെയ്യണം തുടങ്ങിയ കാര്യങ്ങൾ സൂചിപ്പിച്ചാണ് സത്യവാങ്മൂലം നൽകിയിരിക്കുന്നത്.