‘തെറ്റുപറ്റിയിട്ടില്ല, നിയമപരമായി തെളിയിക്കും; റിബേഷ് കൂടുതൽ കാര്യങ്ങൾ പറയാത്തതിൽ കാരണമുണ്ടാകും’
Mail This Article
കോഴിക്കോട്∙ വടകരയിലെ കാഫിർ വ്യാജ സ്ക്രീൻഷോട്ട് വിവാദത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നു മുൻ എംഎൽഎ കെ.കെ.ലതിക. തനിക്കു തെറ്റു പറ്റിയിട്ടില്ലെന്നു നിയമപരമായി തെളിയിക്കുമെന്നും ലതിക മാധ്യമപ്രവർത്തകരോടു സംസാരിക്കവേ പറഞ്ഞു. ‘‘ലോക്സഭാ തിരഞ്ഞെടുപ്പിൽ വീടുകൾ കയറി യുഡിഎഫ് വർഗീയ പ്രചാരണം നടത്തി. ഇടതുപക്ഷത്തെ ഒരാൾക്കും സ്ക്രീൻ ഷോട്ട് വിഷയത്തിൽ പങ്കുണ്ടാകില്ല. വർഗീയ പ്രചാരണം നടത്തരുതെന്നു കൃത്യമായ നിർദേശം ഉണ്ടായിരുന്നു. റിബേഷ് കൂടുതൽ കാര്യങ്ങൾ പറയാത്തതിൽ കാരണമുണ്ടാകും’’– ലതിക പറഞ്ഞു.
വ്യാജ സ്ക്രീൻഷോട്ട് ലതികയും സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തിരുന്നു. ലതികയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതേസമയം, വ്യാജ ‘കാഫിർ സ്ക്രീൻഷോട്ട്’ പ്രചരിപ്പിച്ച കേസിൽ ഇതുവരെ നടത്തിയ അന്വേഷണത്തിൽ തെറ്റൊന്നും കാണുന്നില്ലെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേസിൽ പ്രതിയായ മുഹമ്മദ് ഖാസിം നൽകിയ ഹർജി പരിഗണിക്കവെയാണു കോടതിയുടെ നിരീക്ഷണം.
പൊലീസ് സമർപ്പിച്ച കേസ് ഡയറി പരിശോധിച്ച ശേഷം ഈ മാസം 29നു കേസ് വീണ്ടും പരിഗണിക്കും. വടകര ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേന്ന് പ്രചരിപ്പിക്കപ്പെട്ട കാഫിർ സ്ക്രീൻഷോട്ട് വിഷയത്തിൽ ഖാസിമിനെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. എന്നാൽ താനല്ല ഇതു നിർമിച്ചതും പ്രചരിപ്പിച്ചതെന്നും കാട്ടി ഖാസിമും അന്വേഷണം ആവശ്യപ്പെട്ട് കേസ് കൊടുക്കുകയായിരുന്നു.