‘ഹേമ കമ്മിറ്റിയെ വച്ചതു സർക്കാർ തീരുമാനം; ഇരയും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന് പറയുന്നത് തെറ്റ്’
Mail This Article
തിരുവനന്തപുരം ∙ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ മുതലെടുപ്പിനാണു പ്രതിപക്ഷം ശ്രമിക്കുന്നതെന്നു മന്ത്രി എം.ബി.രാജേഷ്. സർക്കാരിന് ആരെയെങ്കിലും സംരക്ഷിക്കാനുണ്ടെങ്കില്‍ ഹേമ കമ്മിറ്റിയെ നിയോഗിക്കുമോ? സർക്കാർ നിലപാട് വ്യക്തമാണ്. ഇപ്പോള്‍ ചിലർ പ്രചരിപ്പിക്കുന്നതു സങ്കുചിത രാഷ്ട്രീയ താല്‍പര്യമാണെന്നും മന്ത്രി പറഞ്ഞു.
‘‘സർക്കാരിന്റെ മുകളിൽ മറ്റാരെങ്കിലും സമ്മർദം ചെലുത്തിയിട്ടാണോ ഹേമ കമ്മിറ്റിയെ നിയമിച്ചത്? ഹേമ കമ്മിറ്റിയെ വച്ചതു സർക്കാരിന്റെ തീരുമാനമായിരുന്നു. ഇന്ത്യയിൽ മറ്റെല്ലായിടത്തും, ബോളിവുഡിൽ ഉൾപ്പെടെ, മീടു അടക്കമുള്ള വെളിപ്പെടുത്തൽ ഉണ്ടായില്ലേ? എന്നിട്ടെന്താണ് ഒരു ചർച്ചയും വരാതിരുന്നത്? കമ്മിറ്റിയെ വയ്ക്കാനോ അന്വേഷിക്കാനോ ആരും തയാറായില്ലല്ലോ. ആരും പറയാതെ തന്നെ കേരളത്തിലെ സർക്കാർ ഇത്തരമൊരു നിലപാട് സ്വീകരിച്ചെന്ന നല്ല അഭിപ്രായം ഉണ്ടാകരുതെന്ന് ഉദ്ദേശിച്ചല്ലേ ഈ പ്രചാരണം?
സർക്കാർ നിയമിച്ച കമ്മിറ്റിയുടെ ശുപാർശകളിൽ സ്വീകരിച്ച നടപടികൾ എന്താണെന്നു മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റിയുടെ ശുപാർശകളെ വളരെ ഗൗരവത്തോടെയാണു കാണുന്നത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിൽ സർക്കാരിന് ഒരു താൽപര്യക്കുറവും ഉണ്ടായിരുന്നില്ല. പലരും മൊഴി നൽകിയത് രഹസ്യാത്മകത കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പു നൽകിയത് കൊണ്ടാണ്. കോൺക്ലേവിൽ ഇരയും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്നു പറയുന്നതു തെറ്റാണ്. കോൺക്ലേവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതു നയം രൂപീകരിക്കാനുള്ള കൂട്ടായ ചർച്ചയാണ്. റിപ്പോർട്ടിന്മേൽ നിയമപരമായ നടപടികൾ സർക്കാർ സ്വീകരിക്കും.’’– രാജേഷ് വ്യക്തമാക്കി.