ADVERTISEMENT

കോഴിക്കോട് ∙ കർണാടകയിലെ ഷിരൂരിൽ കാണാതായ അർജുനുവേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചതിൽ പ്രതിഷേധിച്ച് ലോറി സമരം ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് ലോറി ഉടമ മനാഫ്. നിലവിൽ യാതൊരു ‌തിരച്ചിലും നടത്തുന്നില്ല. തിരച്ചിൽ നടത്താൻ ഈശ്വർ മൽപെയ്ക്ക് സർക്കാർ അനുമതിയും നൽകുന്നില്ല. ഡ്രഡ്ജിങ് യന്ത്രം എത്തിക്കുന്ന കാര്യത്തിൽ കേരള, കർണാടക സർക്കാരുകൾ അലംഭാവം കാണിക്കുകയാണെന്നും മനാഫ് ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. മനാഫ് സംസാരിക്കുന്നു.

∙ തിരച്ചിൽ നിർത്തിവച്ച സ്ഥിതിക്ക് എന്താണ് തുടർനടപടികൾ?

സമര പരിപാടികളിലേക്ക് തിരിയാനാണ് നീക്കം. ചേംബർ ഓഫ് കൊമേഴ്സ്, ബിഎൻഐ എന്നീ സംഘടകളുടെ നേതൃത്വത്തിൽ തുടർ നടപടികളെക്കുറിച്ച് ചർച്ച നടക്കുന്നു. ഇപ്പോൾ യാതൊരു തിരച്ചിലും നടക്കുന്നില്ല. സർക്കാർ കോടതിയിൽ നൽകിയത് തെറ്റായ വിവരങ്ങളാണ്. പുഴയുടെ ഒഴുക്ക് അപകടാവസ്ഥയിലാണ്, കാലാവസ്ഥ മോശമാണ്, ഈശ്വർ മൽപെയ്ക്ക് ഇറങ്ങാൻ ബുദ്ധിമുട്ടാണ് എന്നെല്ലാമാണ് റിപ്പോർട്ട് നൽകിയത്. നിലവിൽ തിരച്ചിലിന് നേതൃത്വം നൽകുന്നവരെ കോടതി ഇടപെട്ട് മാറ്റി പുതിയ സംഘത്തെ ഏൽപ്പിക്കണം. 

ഈശ്വർ മൽപെ രക്ഷാദൗത്യത്തിനിടെ. Photo: Special Arrangement
ഈശ്വർ മൽപെ രക്ഷാദൗത്യത്തിനിടെ. Photo: Special Arrangement

കലക്ടറെയും എസ്പിയെയും സംശയമുണ്ട്. മണ്ണിടിച്ചിൽ ഉൾപ്പെടെ മറ്റ് അപകടങ്ങളും നടന്നതായാണ് വിവരം. അതിൽ അന്വേഷണം നടന്നിട്ടില്ല. അർജുനെ കിട്ടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനാലാണ് മറ്റു കാര്യങ്ങൾ അന്വേഷിച്ചുപോകാത്തത്. ഇവർ ആദ്യം മുതലേ രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തുകയാണ്. ശരിയായ സ്ഥലത്തല്ല തിരച്ചിൽ നടത്താൻ പറയുന്നത്. വണ്ടി വെള്ളത്തിനടിയിലുണ്ടെന്ന് ഈശ്വർ മൽപെ പറഞ്ഞതോടുകൂടി തിരച്ചിൽ നിർത്തിവയ്പ്പിച്ചു. അതിനുശേഷം അദ്ദേഹത്തെ വെള്ളത്തിൽ ഇറങ്ങാൻ സമ്മതിച്ചിട്ടില്ല.

അധികൃതർ പറഞ്ഞ സ്ഥലത്തല്ല ഈശ്വർ മൽപെ തിരഞ്ഞത്. അദ്ദേഹം ശരിയായ സ്ഥലത്ത് തിരഞ്ഞു. ഇതോടെയാണ് അധികൃതർ തിരച്ചിൽ നടത്തുന്നതിൽനിന്നും മൽപെയെ തടഞ്ഞത്. തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് ഒപ്പിട്ട് നൽകാൻ അധികാരികൾ മൽപെയോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ തിരച്ചിൽ പൂർണമായി അവസാനിപ്പിക്കാനായിരുന്നു നീക്കം. എന്നാൽ ഒപ്പിടാൻ ഈശ്വർ മൽപെ തയാറായില്ല. സൈന്യമുൾപ്പെടെയുള്ളവർ തിരച്ചിൽ നേരത്തേതന്നെ അവസാനിപ്പിച്ചതാണ്.  

∙ ഡ്രഡ്ജിങ് യന്ത്രം എത്തിക്കുന്നതിൽ തീരുമാനമായോ ?

ഇല്ല. കേരളത്തിൽ ചെറിയ തുകയ്ക്ക് ഡ്രഡ്ജിങ് യന്ത്രം നൽകാൻ തയാറുള്ള നിരവധിപ്പേരുണ്ട്. ബാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത് കേരള സർക്കാരാണ്. ഇക്കാര്യത്തിൽ അലംഭാവം കാണിക്കുകയാണ്. മന്ത്രി മുഹമ്മദ് റിയാസ് ഷിരൂരിലെത്തി ഡ്രഡ്ജിങ് യന്ത്രം കേരളം നൽകുമെന്ന് അറിയിച്ചു. അതോടുകൂടി കർണാടക സർക്കാർ ഇക്കാര്യം കേരളത്തിന്റെ തലയിലിട്ടു. എന്നാൽ മന്ത്രി അനുവദിക്കാമെന്ന് പറഞ്ഞ യന്ത്രം ഷിരൂലിൽ മണ്ണ് നീക്കാൻ സാധിക്കുന്നതല്ല. ഇതോടെ ഡ്രഡ്ജിങ് യന്ത്രത്തിന്റെ കാര്യത്തിൽ തുടർനടപടി ഉണ്ടായില്ല. ഷിരൂരിൽ ഡ്രഡ്ജിങ് നടത്താൻ സാധിക്കുന്ന യന്ത്രങ്ങൾ കേരളത്തിലെ സ്വകാര്യ വ്യക്തികളുടെ കയ്യിലുണ്ട്. അവരിൽ പലരും വിട്ടുതരാനും തയാറാണ്. എന്നാൽ സർക്കാർ തലത്തിൽ യാതൊരു നടപടിയുമുണ്ടാകുന്നില്ല. 

മനാഫ്
മനാഫ്

∙ തിരച്ചിൽ നടത്തുന്നതിന് ഈശ്വർ മൽപെയ്ക്ക് പണം നൽകുന്നുണ്ടോ ?

ഇല്ല. അദ്ദേഹത്തിന് സംഭാവനകൾ ലഭിക്കാറുണ്ട്. പിന്നെ യൂട്യൂബ് ചാനലിൽ നിന്നുള്ള വരുമാനവും കൊണ്ടാണ് മുന്നോട്ടുപോകുന്നത്.

∙ ഇനി എന്തുതരം സമര പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത് ?

ഷിരൂരിലും കേരളത്തിലും പ്രത്യക്ഷ സമരം നടത്തുന്നതിനാണ് ആലോചിക്കുന്നത്. പ്രധാനമായും ലോറി സമരമാണ് ഉദ്ദേശിക്കുന്നത്. ലോറി സമരം ചരക്കുനീക്കത്തെ സാരമായി ബാധിക്കുമെന്നതിനാൽ ഓണത്തിനുശേഷം ആരംഭിക്കാനാണ് ആലോചന. സമരം പരമാവധി ജനങ്ങളെ ബാധിക്കാതിരിക്കാനാണ് ശ്രമം. ഓണം തീരുന്നത് വരെയുള്ള സമയത്ത് സർക്കാർ തലത്തിൽ എന്തെങ്കിലും നടപടിയുണ്ടാകുമോ എന്നും കാത്തിരിക്കും. 

ലോറി ഡ്രൈവർമാർക്ക് വലിയ പ്രയാസം മറ്റു സംസ്ഥാനങ്ങളിൽ നേരിടേണ്ടി വരുന്നുണ്ട്. ലോറി പാർക്കു ചെയ്യുന്നതിന് ഹൈവേകളിൽ സ്ഥലമില്ല. ലോറി ഡ്രൈവർമാർക്ക് പ്രാഥമിക കാര്യങ്ങൾ ചെയ്യുന്നതിനുള്ള സൗകര്യമില്ല. വലിയ തുക ടോൾ വാങ്ങിയിട്ടും യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ ഹൈവേ അധികൃതർ തയാറാകുന്നില്ല. ഇക്കാര്യങ്ങളെല്ലാം ഉന്നയിച്ചാകും സമരം. കേരളത്തിലെയും കർണാടകയിലെയും മുഴുവൻ ലോറി ഉടമകളെയും ഡ്രൈവർമാരെയും സമരത്തിൽ പങ്കെടുപ്പിക്കാനാണ് ശ്രമം.

English Summary:

Arjun Search Halted: Lorry Owner Manaf Threatens Protests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com