ADVERTISEMENT

കണ്ണൂർ∙ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരാവകാശ കമ്മിഷന്‍ ആവശ്യപ്പെടാത്ത ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റിയതില്‍ സിനിമാമേഖലയില്‍ നിന്ന് സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മൂവര്‍ സംഘത്തിനു പങ്കുണ്ടോയെന്നു പരിശോധിക്കണമെന്നു കെപിസിസി പ്രസിഡന്റും എംപിയുമായ കെ.സുധാകരന്‍. സര്‍ക്കാരിന്റെ ദൂരൂഹമായ  നടപടിക്കു പിന്നില്‍ കുറ്റാരോപിതരായ ഉന്നതരെ സംരക്ഷിക്കാനുള്ള വ്യഗ്രത പ്രകടമാണ്.സര്‍ക്കാര്‍ സ്വന്തം ഇഷ്ടപ്രകാരം ഒഴിവാക്കിയ ഭാഗം ഉടനെ പുറത്തുവിടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

സംവിധായകനും അഭിനേതാക്കളും ആയ ചിലര്‍ പിണറായി സര്‍ക്കാരിന്റെ ഭാഗമാണ്. അവര്‍ മന്ത്രിയും എംഎല്‍എയും അക്കാദമിയുടെ ചെയര്‍മാനുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ സംവിധാനത്തിന്റെ പവര്‍ ഗ്രൂപ്പായി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടു തന്നെയാണ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറംലോകം കാണാന്‍ പോലും നാലരക്കൊല്ലം വൈകിയതും വിവരാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ച ഖണ്ഡികകള്‍ക്കു പുറമെ ചിലത് കൂടി സര്‍ക്കാര്‍ സ്വമേധയാ വെട്ടിമാറ്റിയതും. പദവിയില്‍നിന്നു മാറ്റിനിര്‍ത്തി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര ഉന്നയിച്ച ഗുരുതരമായ ആരോപണം സര്‍ക്കാര്‍ അടിയന്തരമായി അന്വേഷിക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

ലൈംഗികാതിക്രമവും ചൂഷണവും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ദുരനുഭവം നേരിട്ടവര്‍ നല്‍കിയ രഹസ്യമൊഴി പരിഗണിച്ചു സര്‍ക്കാരിന് കേസെടുക്കാവുന്നതാണ്. എന്നാല്‍ സര്‍ക്കാർ അതിനു തയാറാകാത്തതിനു പിന്നിൽ ശക്തമായ ഇടപെടലുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലഭിച്ച മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കിൽ, പരാതിക്കാരന് വേണ്ടി കാത്തുനില്‍ക്കില്ല. ഇത്രയും നാള്‍ നിയമനടപടി സ്വീകരിക്കാതെ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചത് തന്നെ ഗുരുതരമായ കൃത്യവിലോപമാണെന്നും  കെ.സുധാകരന്‍ ആരോപിച്ചു.

English Summary:

Power Play in Mollywood: K.Sudhakaran Exposes Govt-Film Industry Nexus in Hema Report Row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com