പോക്‌സോ ഉള്‍പ്പെടെ നാലരവര്‍ഷം പൂഴ്ത്തിയത് എന്തിന്; സിപിഎമ്മില്‍ അതൃപ്തി
Mail This Article
തിരുവനന്തപുരം∙ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം നേരിടാനുള്ള പോക്‌സോ നിയമപ്രകാരം കേസ് ചുമത്താനുള്ള വെളിപ്പെടുത്തലുകള്‍ വരെ ഉള്‍പ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നാലര വര്‍ഷം നടപടിയൊന്നും സ്വീകരിക്കാതിരുന്ന സര്‍ക്കാരിന്റെയും സാംസ്‌കാരിക വകുപ്പിന്റെയും നിലപാടില്‍ സിപിഎമ്മിനുള്ളില്‍ അതൃപ്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ക്കു ശേഷം തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുപറഞ്ഞ പാര്‍ട്ടി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പൂഴ്ത്തിവയ്പ് ആരോപണം ഗൗരവത്തോടെയാണ് കാണുന്നത്. പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ തന്നെ നിലപാട് നേരിട്ട് വിശദീകരിക്കും.
സ്ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയും ഉണ്ടായ ഞെട്ടിപ്പിക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മൊഴികളും തെളിവുകളും അടക്കം സര്‍ക്കാരിനു മുന്നിലെത്തിയിട്ടും ഇത്രനാള്‍ മൗനം പാലിച്ചത് തിരഞ്ഞെടുപ്പു കാലത്തിനു മുന്‍പ് പ്രതിപക്ഷത്തിന് ആയുധം നല്‍കുന്നതിനു തുല്യമായെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ അഭിപ്രായപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും മുന്‍മന്ത്രി എ.കെ.ബാലന്റെയും നിലപാടുകള്‍ക്കു വിരുദ്ധമായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അഭിപ്രായം പ്രകടിപ്പിച്ചത് വിഷയത്തില്‍ ഭരണപക്ഷത്തുള്ള ഭിന്നതയും വ്യക്തമാക്കി. ഇരകളുടെ പരാതിയില്ലാതെ നിയമനടപടി സാധ്യമല്ലെന്ന് സര്‍ക്കാരും ഒരു വിഭാഗം സിപിഎം നേതാക്കളും വാദിക്കുമ്പോള്‍ പരാതിയില്ലാതെതന്നെ കേസ് എടുക്കാമെന്നാണ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞത്. ബാലഗോപാല്‍ ഉള്‍പ്പെടെ പല നേതാക്കള്‍ക്കും ഇതേ നിലപാടു തന്നെയാണുള്ളത്. പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും പ്രതികള്‍ എത്ര വലിയവരാണെങ്കിലും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറയുമ്പോഴും നാലരവര്‍ഷം എന്തുകൊണ്ടാണ് ഒരു നടപടിയും സ്വീകരിക്കാതിരുന്നതെന്ന ചോദ്യമാണ് പ്രധാനമായും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നത്.
സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി സ്വീകരിക്കുന്ന പുരോഗമനപരമായ നിലപാടുകള്‍ക്കു വിരുദ്ധമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിലപാടുകള്‍ എന്നാണ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിക്കുന്നത്. പോക്‌സോ ചുമത്താന്‍ പാകത്തിലുള്ള വിവരങ്ങള്‍ മറച്ചുവയ്ക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവര്‍ത്തിച്ച് ആരോപണം ഉന്നയിക്കുന്നത് സര്‍ക്കാരിനെയും പാര്‍ട്ടിയെയും കടുത്ത പ്രതിരോധത്തിലാക്കുമെന്നും സമൂഹത്തിനു മുന്നില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുമെന്നും ഇവര്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ ഉള്‍പ്പെടെ മുന്‍പ് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഒരു നീക്കവും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. വിഷയത്തില്‍ സാംസ്‌കാരികവകുപ്പ് മന്ത്രിയുടെ നിലപാടുകളും അഭിപ്രായങ്ങളും സിനിമാ രംഗത്തെ പുഴുക്കുത്തുകളെ വെള്ളപൂശാന്‍ നടത്തുന്ന ശ്രമമാണെന്ന് പൊതുസമൂഹത്തില്‍ സംശയം ജനിപ്പിക്കുന്നതാണെന്നും ചില നേതാക്കള്‍ വ്യക്തമാക്കുന്നു. ചില വ്യക്തികള്‍ നടത്തുന്ന ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സിനിമാ മേഖലയെ ആകെ സംശയനിഴലില്‍ ആക്കുമെന്നും കൃത്യമായ നടപടികളിലൂടെ വ്യവസായത്തെ സംരക്ഷിക്കാനുള്ള നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കുന്നതുള്‍പ്പെടെ കാര്യങ്ങളില്‍ നിലപാടു വ്യക്തമാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. നാലര വര്‍ഷം രഹസ്യമാക്കിവച്ച റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കോടതി ആവശ്യപ്പെട്ടതോടെ വിഷയത്തില്‍ ഇനി ഒളിച്ചുകളിക്കാന്‍ സര്‍ക്കാരിനാകില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളില്‍ ആരെങ്കിലും പരാതി നല്‍കിയാല്‍ ഇടപെടാം എന്നാണു മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്. മൊഴികളില്‍ ആരുടെയും പേരില്ലെന്നു പറഞ്ഞ സര്‍ക്കാര്‍ ഇതേ നിലപാടാണ് ഇന്നലെ ഹൈക്കോടതിയില്‍ ആദ്യം പറഞ്ഞത്. എന്നാല്‍, സര്‍ക്കാര്‍ എന്തു നടപടിയാണ് ഉദ്ദേശിക്കുന്നതെന്ന് കോടതി ചോദിച്ചതോടെ, റിപ്പോര്‍ട്ടിലെ പരസ്യപ്പെടുത്താത്ത ഭാഗങ്ങള്‍ കൂടി പരിശോധിച്ച് കേസ് എടുക്കാന്‍ വസ്തുതകളുണ്ടോ എന്ന് അറിയിക്കാമെന്ന നിലപാടിലായി.
ലൈംഗിക ചൂഷണം ഉള്‍പ്പെടെ നേരിട്ടുവെന്ന വെളിപ്പെടുത്തലിനു പുറമേ, മൊഴി നല്‍കിയവര്‍ കൈമാറിയ ഓഡിയോ, വിഡിയോ ക്ലിപ്പുകളും വാട്‌സാപ് ചാറ്റുകളും സ്‌ക്രീന്‍ ഷോട്ടുകളും റിപ്പോര്‍ട്ടിന്റെ ഭാഗമായി കമ്മിറ്റി ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് തയാറാക്കിയതു കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലല്ലെന്നും നേരിട്ടു തെളിവെടുത്താണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഗുരുതര കുറ്റകൃത്യങ്ങള്‍ വെളിപ്പെട്ടാല്‍ നേരിട്ടു കേസ് എടുക്കാന്‍ വ്യവസ്ഥയില്ലേ എന്ന ചോദ്യം കോടതിയില്‍നിന്നുണ്ടായി. 'പോക്‌സോ' പോലുള്ള കുറ്റങ്ങളില്‍ തീര്‍ച്ചയായും ഇതു സാധിക്കുമെന്നു പറഞ്ഞ സര്‍ക്കാര്‍, ഈ വിഷയം പരിശോധിക്കാമെന്നും മറുപടി നല്‍കി. ഇരകളുടെ സ്വകാര്യത ചൂണ്ടിക്കാട്ടിയാണ് ഇതിനെ സര്‍ക്കാര്‍ ന്യായീകരിക്കുന്നത്. എന്നാല്‍, സ്വകാര്യത സംരക്ഷിച്ചുകൊണ്ടുതന്നെ നിയമനടപടി സാധ്യമല്ലേ എന്നാണ് ഹൈക്കോടതിയുടെ ചോദ്യം. സ്ത്രീസുരക്ഷയാണു നയമെന്നു പ്രഖ്യാപിക്കുന്ന സര്‍ക്കാരിന് ഈ ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മാത്രം പരിഗണിച്ചുള്ള ചര്‍ച്ചകളും നയരൂപീകരണവുമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, ലൈംഗിക കുറ്റകൃത്യം അടക്കം വ്യക്തമാക്കുന്ന മൊഴികള്‍ നീതിപീഠത്തിനു മുന്നിലെത്തുന്നതോടെ സര്‍ക്കാരിന് നടപടി ചര്‍ച്ചകളിലൊതുക്കാനാകില്ല.