ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ശനിയാഴ്ച യെലോ അലർട്ട്
Mail This Article
തിരുവനന്തപുരം∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ 3 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 26, 27 തിയതികളിലും ഈ ജില്ലകളിൽ യെലോ അലർട്ട് ആണ്. 25ന് കണ്ണൂരും കാസർകോട്ടും യെലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണു പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണു ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
അതേസമയം, മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിനു സമീപം ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടു. പശ്ചിമ ബംഗാളിനും വടക്കു കിഴക്കൻ ജാർഖണ്ഡിനും മുകളിലായി മറ്റൊരു ന്യൂനമർദ്ദവും സ്ഥിതിചെയ്യുന്നുണ്ട്.
വടക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മിതമായതോ ഇടത്തരം രീതിയിലോ മഴയ്ക്കും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നാളെയും 27നും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.