ADVERTISEMENT

കോഴിക്കോട്∙ ഫോൺ നഷ്ടപ്പെട്ടെന്ന പരാതിയുമായി എത്തിയ എലത്തൂർ എരഞ്ഞിക്കൽ സ്വദേശിനി ഗ്രീഷ്മയ്ക്ക് രണ്ട് ദിവസത്തിനുള്ളിൽ ഫോൺ കണ്ടെത്തി നൽകി പൊലീസ്. സെൻട്രൽ എക്യുപ്മെന്‍റ് ഐഡന്റിറ്റി റജിസ്റ്റർ (സിഇഐആർ) പോർട്ടലിലൂടെയാണ് എലത്തൂർ പൊലീസ് ഫോൺ കണ്ടെത്തിയത്. 

പൊലീസിന്റെ നിർദേശ പ്രകാരം പരാതിക്കാരി സിഇഐആർ പോർട്ടലിൽ ഫോണിന്റെ വിവരങ്ങൾ റജിസ്റ്റർ ചെയ്തു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം പോർട്ടൽ വഴി ഫോണിൽ മറ്റൊരു സിം ഉപയോഗിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്ലസ് ടു വിദ്യാർഥിയുടെ കൈവശം ഫോൺ ഉള്ളതായി മനസ്സിലാക്കിയത്. പൊലീസ് വിദ്യാർഥിയുടെ വീട്ടിലെത്തി അന്വേഷണം നടത്തി.

കളഞ്ഞു കിട്ടിയ ഫോൺ കോഴിക്കോട്ടെ ഒരു സ്ഥാപനത്തിൽ വിൽപ്പന നടത്തിയതായി വിദ്യാർഥി പറഞ്ഞു. തുടർന്ന് വിൽപ്പന നടത്തിയ സ്ഥാപനത്തിൽ എത്തിയ പൊലീസ് ഫോൺ കണ്ടെടുക്കുകയായിരുന്നു. എലത്തൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കെ.ഷിമിനാണ് രണ്ടുദിവസത്തിനുള്ളിൽ പരാതിക്കാരിയുടെ ഫോൺ കണ്ടെത്തി നൽകിയത്.

ഫോൺ പോയാൽ സിഇഐആർ

ഫോൺ മോഷ്ടിക്കപ്പെട്ടാൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകണം. തുടർന്ന് സിഇഐആർ പോർട്ടലിൽ നഷ്ടപ്പെട്ടുപോയ ഫോണിന്റെ വിവരങ്ങൾ റജിസ്റ്റർ ചെയ്യുക. ഫോൺ നഷ്ടപ്പെട്ട ഉടനെ ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുക. ഈ സിം മറ്റൊരു ഫോണിൽ ആക്ടിവേറ്റ് ചെയ്യണം. നഷ്ടപ്പെട്ട ഫോൺ മറ്റാരെങ്കിലും ഉപയോഗിക്കുകയോ മറ്റേതെങ്കിലും സിം ഇടാൻ ശ്രമിക്കുകയോ ചെയ്താൽ പോർട്ടൽ മുഖേന പൊലീസിനും നഷ്ടപ്പെട്ട ആളുടെ ഡ്യൂപ്ലിക്കേറ്റ് സിമ്മിലേക്കും നഷ്ടപ്പെട്ട ഫോണുമായി ബന്ധപ്പെട്ട വിവരങ്ങൾ എസ്എംഎസ് മുഖേന ലഭിക്കും. നഷ്ടപ്പെട്ട ഫോണിന്റെ ലൊക്കേഷനും ഉപയോഗിക്കുന്ന ആളിന്റെ വിവരങ്ങളും ഇതുവഴി പൊലീസിന് മനസ്സിലാക്കാൻ സാധിക്കും. ഇതുവഴി പൊലീസിന് ഫോൺ കണ്ടെടുക്കാൻ സാധിക്കും.

English Summary:

Lost Phone Recovered in 48 Hours: Elathur Police Utilize CEIR Portal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com