ഒരു വർഷമായി, കുറച്ചുനേരം നിന്നു ജോലി ചെയ്യാൻ പോലും കഴിയുന്നില്ല; നഷ്ടപരിഹാരം വേണം: ശീതൾ തമ്പി
Mail This Article
കൊച്ചി∙ ‘ഫൂട്ടേജ്’ സിനിമയുടെ ചിത്രീകരണത്തിനിടെ കാലിനു ഗുരുതരമായ പരുക്കേറ്റ സംഭവത്തിൽ നിർമാതാക്കളിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള നിയമനടപടികളുമായി മുന്നോട്ടുപോകാൻ നടി ശീതൾ തമ്പി. ചിത്രത്തിന്റെ നിർമാതാക്കളായ മൂവീ ബക്കറ്റിന്റെ പങ്കാളികളായ നടി മഞ്ജു വാരിയർ, ബിനിഷ് ചന്ദ്രൻ എന്നിവര്‍ക്ക് അയച്ചിരിക്കുന്ന വക്കീൽ നോട്ടിസിനു മറുപടി ലഭിച്ചശേഷം അടുത്ത നടപടികൾ തീരുമാനിക്കുമെന്ന് ശീതളിന്റെ അഭിഭാഷകൻ രഞ്ജിത് ബി.മാരാർ പറഞ്ഞു.
‘‘നോട്ടിസ് സ്വീകരിച്ചതിനുശേഷവും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് ഇപ്പോൾ പ്രതികരണങ്ങൾ പുറത്തു വരുന്നത്. ആശുപത്രിയിലെ പണം കൊടുത്തു തുടങ്ങിയ കാര്യങ്ങളാണ് അവര്‍ പറയുന്നത്. എന്നാൽ അതൊക്കെ നമ്മൾ നോട്ടിസിൽ തന്നെ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്. എന്നാൽ അതിനുശേഷമുള്ള കാര്യങ്ങളെക്കുറിച്ചാണു നമ്മൾ പറയുന്നത്’’ – അഡ്വ. രഞ്ജിത് പറഞ്ഞു.
ഇത് ഒരു വ്യക്തിയുടെ മാത്രം കാര്യമല്ലെന്നും വലിയൊരു വിഭാഗത്തെ ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘‘ഒരു സംഘട്ടന രംഗം ചെയ്യുന്നത് ഡ്യൂപ് ആണെങ്കിൽ അവരുടെ അവസ്ഥ എന്താകും? അവർക്കും ഇതേ അവസ്ഥ തന്നെയല്ലേ സംഭവിക്കുന്നത്? അവരെ പിന്നീട് ആരും തിരിഞ്ഞു നോക്കില്ല. ഇത് ഷൂട്ടിങ്ങിനിടയിൽ പരുക്കു പറ്റിയതാണ്. അതുകൊണ്ട് അതിന് അർഹമായ നഷ്ടപരിഹാരം കിട്ടണമെന്നാണു നമ്മൾ പറയുന്നത്. സിനിമ റിലീസ് ചെയ്യരുതെന്നോ അങ്ങനെയൊന്നുമുള്ള ആവശ്യം നമ്മൾ ഉന്നയിച്ചിട്ടില്ല’’– അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്റർടെയ്ൻമെന്റ് ട്രൈബ്യൂണൽ രൂപീകരിക്കണം പോലുള്ള കാര്യങ്ങൾ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ തന്നെ പറഞ്ഞിട്ടുണ്ട് എന്നും ശീതളിന്റെ അഭിഭാഷകൻ പറയുന്നു. 5.75 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ശീതൾ നിർമാതാക്കൾക്ക് വക്കീൽ നോട്ടിസ് അയച്ചിരിക്കുന്നത്. ആശുപത്രി ചെലവിനത്തിൽ 8.13 ലക്ഷം രൂപയും പിന്നീട് ചികിത്സാ ചെലവിനത്തിൽ 1.80 ലക്ഷം രൂപയും നിർമാണ കമ്പനി തന്നിരുന്നു എന്ന കാര്യം വക്കീൽ നോട്ടിസിൽ പറയുന്നുണ്ട്.
എന്നാൽ ഇതു കഴിഞ്ഞ് ഒരു വർഷത്തിലേറെയായിട്ടുപോലും തനിക്കു കുറച്ചുനേരം നിൽക്കാനോ നിന്നുകൊണ്ടു ജോലി ചെയ്യാനോ സാധിക്കുന്നില്ലെന്നും ശീതൾ പറയുന്നു. തന്റെ സിനിമാ കരിയറിനെ തന്നെ ബാധിക്കുന്ന വിധത്തിലാണു കണങ്കാലിനേറ്റ പരുക്ക് എന്നും അവർ പറയുന്നു. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ പരുക്കേറ്റ സമയത്ത് ശീതളിന് ആവശ്യമായ ചികിത്സ നൽകിയിരുന്നു എന്നു വ്യക്തമാക്കി നിർമാതാക്കൾ രംഗത്തെത്തിയിരുന്നു. ആശുപത്രി ചെലവ് വഹിച്ചതും പരുക്കേറ്റു വിശ്രമത്തിലായിരിക്കുമ്പോഴും സാമ്പത്തിക സഹായം നൽകിയിരുന്നു എന്നും നിർമാതാക്കൾ പറയുന്നു. മാത്രമല്ല, റിലീസിനോട് അനുബന്ധിച്ചു സിനിമയുടെ പ്രൊമോഷനൽ പരിപാടികൾക്കും ശീതൾ സഹകരിച്ചിരുന്നു എന്നും നിർമാതാക്കൾ പറയുന്നു.