പ്രമോഷൻ സമയത്ത് ശീതളിന് പരാതിയുണ്ടായിരുന്നില്ല; 'ഫൂട്ടേജ്' സെറ്റിൽ നടന്നത് വെളിപ്പെടുത്തി ഫൈറ്റ് മാസ്റ്റർ
Mail This Article
‘ഫൂട്ടേജ്’ സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റ നടി ശീതൾ തമ്പി നഷ്ടപരിഹാരം ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സിനിമയുടെ സംഘട്ടനം ഒരുക്കിയ ഇർഫാൻ അമീർ. അപകടം പറ്റിയപ്പോൾ തന്നെ ശീതളിനെ ആശുപത്രിയിൽ എത്തിച്ചിരുന്നു. അന്ന് പ്രൊഡക്ഷൻ ടീം ഹൃദ്യമായാണ് ശീതളിനോട് പെരുമാറിയിരുന്നത് എന്നും അന്വേഷിച്ചപ്പോൾ അറിഞ്ഞിരുന്നു എന്ന് ഇർഫാൻ മനോരമ ഓൺലൈനിനോടു പറഞ്ഞു.
നാല് റീടേക്കുകൾ
ഫോൺഫൂട്ടേജ് രീതിയിലാണ് ഈ സിനിമ പൂർണമായും ചിത്രീകരിച്ചിരിക്കുന്നത്. അഭിനേതാക്കളുടെ ശരീരത്തിലാണ് ക്യമറ ഘടിപ്പിക്കുക. കനം കുറഞ്ഞ ക്യാമറ ആണെങ്കിലും സംഘട്ടനം ചെയ്യുമ്പോൾ പരിശീലനം ആവശ്യമാണ്. അതുകൊണ്ട് ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലനത്തിന് ശേഷമാണ് ചിത്രീകരണം തുടങ്ങിയത്. എന്താണ് ഈ സിനിമയിലെ രംഗങ്ങൾ, അതിലെ സംഘട്ടനത്തിലെ അപകടങ്ങൾ എന്തൊക്കെയാണ് എന്നൊക്കെ അഭിനേതാക്കളെ കൃത്യമായി ബോധിപ്പിച്ചിരുന്നു. അവരുടെ കൃത്യമായ സമ്മതം ലഭിച്ച ശേഷമാണ് ചിത്രീകരണത്തിലേക്ക് കടന്നത്. പരാതിയിൽ പറഞ്ഞിട്ടുള്ള അപകടം നടന്ന രംഗം നാലുതവണ ഷൂട്ട് ചെയ്തിരുന്നു. ക്യാമറ അഭിനേതാക്കളുടെ ശരീരത്തിൽ നിന്നും അല്പം നീങ്ങിയാൽ പോലും ഫ്രെയിം ഔട്ട് ആകുമായിരുന്നു. അതിനാലാണ് കൂടുതൽ ടേക്കുകൾ വേണ്ടിവന്നത്.
അന്ന് സംഭവിച്ചത്
അന്നത്തെ ചിത്രീകരണം കാട്ടിലായിരുന്നു. ഏകദേശം ഒരാൾ ഉയരത്തിൽനിന്നും നടൻ വിശാഖ് നായരും ശീതൾ തമ്പിയും വെള്ളത്തിലേക്ക് ചാടുന്നതായിരുന്നു രംഗം. മൂന്നടി ആഴമുള്ള വെള്ളക്കെട്ടാണ് തയ്യാറാക്കിയിരുന്നത്. വെള്ളത്തിനടിയിൽ സുരക്ഷയ്ക്കായി ആറ് കിടക്കകൾ തയ്യാറാക്കിയിരുന്നു. ചുറ്റും സഹായികളെ ഒരുക്കി നിർത്തിയിട്ടുമുണ്ടായിരുന്നു. വിശാഖിനായിരുന്നു റിഗ് ഘടിപ്പിച്ചിരുന്നത്. ശീതൾ വിശാഖിന്റെ കൈ പിടിച്ചു ചാടുന്ന വിധത്തിലാണ് ഫൈറ്റ് കൊറിയോഗ്രാഫി. ഓരോ തവണ ചാടുമ്പോളും ആർട്ടിസ്റ്റുകളുടെ ആത്മവിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയാണ് അടുത്ത ടേക്കിലേക്ക് പോയിരുന്നത്. ശീതൾ വളരെ നന്നായി ഷൂട്ടിനോട് സഹകരിച്ചിരുന്നു. നാലാം തവണ ചാടിയപ്പോൾ വെള്ളത്തിന് താഴെയുള്ള കിടക്കയിൽ നിന്നും ശീതൾ തെന്നി മാറിപ്പോവുകയായിരുന്നു. കാലിനു വേദനയുമായാണ് ശീതൾ എണീറ്റുവന്നത്. കിടക്കയില്ലാത്തിടത്തേക്ക് കാൽ കുത്തിപ്പോയി എന്നാണ് പിന്നീട് മനസിലായത്. ആ രംഗം കൃത്യമായി ലഭിച്ചിരുന്നു. സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് അന്വേഷിച്ചപ്പോൾ അറിഞ്ഞത്. അപ്പോൾത്തന്നെ അവിടെ ഉണ്ടായിരുന്ന ഇന്നോവ കാറിൽ ശീതളിനെ ആശുപത്രിയിൽ എത്തിച്ചു. കണങ്കാലിൽ പൊട്ടലുണ്ടായിരുന്നു. പ്രൊഡക്ഷൻ ടീം എല്ലാ കാര്യത്തിലും ഒപ്പം നിന്നു എന്നാണ് ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞത്.
അപകടത്തിന് ശേഷം
അന്ന് ശീതളിനോട് ഞാൻ സംസാരിച്ചിരുന്നു. വിവരങ്ങൾ അന്വേഷിച്ചു. പിന്നീട് നേരിട്ട് കണ്ടിട്ടില്ല. ശീതളിന്റെ അവസാന ഡേറ്റ് ആയിരുന്നു അത്. സോഷ്യൽ മീഡിയയിലൂടെ സിനിമയുടെ പ്രൊമോഷൻ അഭിമുഖങ്ങളിലെല്ലാം ശീതളിനെ കണ്ടിരുന്നു. അന്നെല്ലാം വളരെ സന്തോഷമായാണ് ശീതൾ പെരുമാറിയിരുന്നത്. ഇന്ന് റീലിസ് ദിവസത്തിലാണ് ഇങ്ങനെയൊരു ആരോപണം ഉണ്ടായത്. ഇന്ന് ശീതളിനോട് സംസാരിക്കാൻ പറ്റിയിട്ടില്ല. വാർത്ത ഞാനും അറിഞ്ഞുവരുന്നതെയുള്ളൂ. സിനിമയുടെ റിലീസ് തിരക്കുകളിലാണ് മഞ്ജുചേച്ചി. അതുകൊണ്ട് പ്രൊഡക്ഷൻ ടീമുമായ് സംസാരിച്ചിട്ടില്ല.
ആംബുലൻസ് ഉണ്ടായിരുന്നില്ല
സംഘട്ടനങ്ങൾ തയ്യാറാക്കുമ്പോൾ ചിത്രീകരണത്തിന് എന്തെല്ലാം സന്നാഹങ്ങൾ വേണമെന്ന് പ്രൊഡക്ഷൻ ടീമിനെ അറിയിക്കുന്നത് ഫൈറ്റ് മാസ്റ്ററും സംഘവുമാണ്. കാറുകൾ തലകീഴായി മറിയുന്നതുപോലെയൊക്കെയുള്ള അതിതീവ്ര രംഗങ്ങൾ ചിത്രീകരിക്കുമ്പോഴാണ് ആംബുലൻസ് സൗകര്യമൊക്കെ ഒരുക്കാറുള്ളത്. താരതമ്യേന കഠിനമല്ലാത്ത ജമ്പിങ് രംഗങ്ങളിൽ ആംബുലൻസുകൾ ഒരുക്കി നിർത്താറില്ല. പിന്നെ ഫുട്ടേജ് സിനിമയുടെ ചിത്രീകരണം നടന്നത് ഒരു കാട്ടിനുള്ളിൽ ആയിരുന്നു. അങ്ങോട്ടേക്ക് വലിയ വാഹനങ്ങൾ ചെന്നെത്തില്ലായിരുന്നു. ജീപ്പും ഇന്നോവയുമായിരുന്നു ഉണ്ടായിരുന്നത്.
‘ഫൂട്ടേജ്’ സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റ നടി ശീതൾ തമ്പി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ചിത്രത്തിന്റെ നിർമാതാക്കളായ മഞ്ജു വാരിയർക്കും ബിനീഷ് ചന്ദ്രനും നോട്ടിസ് അയച്ചത്. ഒരു മാസത്തിനുള്ളിൽ 5.75 കോടി നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് ശീതൾ നൽകിയ നോട്ടിസിൽ പറഞ്ഞിരിക്കുന്നത്.