ADVERTISEMENT

തിരുവനന്തപുരം∙ അന്ന് ഉമ്മന്‍ ചാണ്ടിക്കെതിരെ എഫ്‌ഐആര്‍ ഇട്ടിട്ട് എന്തായി?. ചോദിക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ ആണെന്നു കരുതിയെങ്കില്‍ തെറ്റി. തൊട്ടടുത്ത ദിവസങ്ങളില്‍ ഈ ചോദ്യം മാധ്യമങ്ങള്‍ക്കു മുന്നില്‍ ഉന്നയിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമാണെന്നതാണ് ഏറെ ശ്രദ്ധേയം. സോളര്‍ പീഡന വിവാദത്തില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുത്ത നടപടി പാളിപ്പോയെന്ന് സമ്മതിക്കുന്ന തരത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു പിന്നാലെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും രംഗത്തെത്തിയത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തുകൊണ്ടാണ് കേസെടുക്കാത്തത് എന്ന ചോദ്യത്തിനാണ് വെളളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ എം.വി.ഗോവിന്ദന്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ കേസ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ നടി ശ്രീലേഖ മിത്ര ഉന്നയിച്ച ആരോപണത്തില്‍ സംവിധായകന്‍ രഞ്ജിത്തിനെ ന്യായീകരിക്കാനാണ് പിണറായി സര്‍ക്കാര്‍ എടുത്ത സോളര്‍ പീഡനക്കേസിനെ മന്ത്രി സജി ചെറിയാന്‍ തള്ളിപ്പറഞ്ഞത്. കുറ്റം ചെയ്യാത്തയാളെ ക്രൂശിക്കാനാകുമോ. നിരപരാധി ആണെന്നു വന്നാല്‍ എന്തു ചെയ്യുമെന്നും സജി ചെറിയാന്‍ ചോദിച്ചു.   

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിഷയത്തിലും സംവിധായകന്‍ രഞ്ജിത്തിനെതിരായ വിവാദത്തിലും കേസെടുക്കാതിരുന്നതിനെ ന്യായീകരിക്കാന്‍ സോളര്‍ പീഡനവിവാദത്തില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ കേസെടുത്ത മുന്‍ അനുഭവം സിപിഎമ്മും സര്‍ക്കാരും ഉയര്‍ത്തുമ്പോള്‍ അക്കാലത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെ പറഞ്ഞ കാര്യങ്ങള്‍ ശരിവയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം കുറ്റസമ്മതമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ഹേമ കമ്മിറ്റി വിഷയത്തില്‍ ആരെങ്കിലും പരാതി നല്‍കാതെ കേസെടുക്കാനാവില്ലെന്നാണ് പാര്‍ട്ടി നിലപാടെന്നാണ് എം.വി.ഗോവിന്ദന്‍ പറഞ്ഞത്. പരാതി ഇല്ലാതെ കേസെടുക്കാം. പക്ഷെ ആ കേസ് നിലനില്‍ക്കില്ല. പല കേസുകളും നമ്മുടെ മുന്നില്‍ ഉദാഹരണമായി ഉണ്ടല്ലോ. ഉമ്മന്‍ ചാണ്ടിക്കെതിരായ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ മേൽ കേസെടുത്തിട്ട് എന്താണ് സംഭവിച്ചതെന്ന് അറിയാമല്ലോ എന്നാണ് എം.വി.ഗോവിന്ദന്‍ പറഞ്ഞത്. 

അതേസമയം, കുറച്ചുകൂടി കടന്ന് ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുത്തതിനെ തള്ളിപ്പറയുകയായിരുന്നു മന്ത്രി സജി ചെറിയാന്‍ ശനിയാഴ്ച രാവിലെ ചെയ്തത്. ഏതെങ്കിലും ഒരാള്‍ ആര്‍ക്കെങ്കിലും എതിരെ ആക്ഷേപമുയര്‍ത്തിയാല്‍ അതുപ്രകാരം കേസെടുക്കാന്‍ പറ്റുമോ. അങ്ങനെ എടുത്ത ഏതെങ്കിലും കേസ് നിലനിന്നിട്ടുണ്ടോ. ഉമ്മന്‍ ചാണ്ടിക്കെതിരെ എഫ്‌ഐആര്‍ ഇട്ടിട്ട് എന്തായെന്ന് മന്ത്രി ചോദിച്ചു. ഉമ്മന്‍ചാണ്ടിക്കെതിരെ ഇതുപോലൊരു ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ കമ്മിഷനെ വച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണല്ലോ എഫ്‌ഐആര്‍ ഇട്ടത്. അതാണല്ലോ സുപ്രീംകോടതി തള്ളിക്കളഞ്ഞത്. അതുകൊണ്ട് ഏതെങ്കിലും ഒരു കാലഘട്ടത്തില്‍ ഏതെങ്കിലും ഒരു വിഷയത്തെ സംബന്ധിച്ച് നിയമപരമായ നിലപാട് എടുക്കുമ്പോള്‍ സൂക്ഷിച്ച് എടുക്കണം. ആ നിലപാടാണ് ഇപ്പോള്‍ പറയുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. 

സോളര്‍ പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് ആണ് ഉമ്മന്‍ ചാണ്ടിക്കും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ 2018 ഒക്‌ടോബറില്‍ കേസെടുത്തത്. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞെങ്കിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പിന്നീടു പരാതി എഴുതി വാങ്ങുകയായിരുന്നു. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കാനാവില്ലെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി അരിജിത് പസായത്താണ് നിയമോപദേശം നല്‍കിയത്. 

പിന്നീട് പരാതി ലഭിച്ചെങ്കിലും കേസെടുക്കാന്‍ പൊലീസ് താല്‍പര്യം കാട്ടിയിരുന്നില്ല. ഒരു പരാതിയില്‍ ഒട്ടേറെ പേര്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസ് എടുക്കാനാവില്ലെന്നായിരുന്നു അന്ന് അന്വേഷണ സംഘം തലവനായിരുന്ന ഡിജിപി രാജേഷ് ദിവാന്‍ ഉള്‍പ്പെടെ ഉള്ളവരുടെ നിലപാട്. ഐജി ദിനേന്ദ്ര കശ്യപും എഡിജിപി അനില്‍കാന്തും കേസെടുക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറിയിരുന്നു. എന്നാല്‍ ഓരോരുത്തര്‍ക്കുമെതിരെ പ്രത്യേകം പരാതികളാണെങ്കില്‍ കേസെടുക്കാമെന്ന് നിയമോപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് പ്രകൃതിവിരുദ്ധ പീഡനത്തിന് ഉമ്മന്‍ ചാണ്ടിക്കെതിരെയും ബലാല്‍സംഗത്തിന് കെ.സി.വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയും കേസെടുത്തു.

ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പരാതിക്കാരിയുടെ ആവശ്യത്തെ തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐക്കു വിട്ടു.  ഈ കേസുകള്‍ എല്ലാം പിന്നീട് അന്വേഷിച്ച സിബിഐ ഉമ്മചാണ്ടി ഉള്‍പ്പെടെ എല്ലാവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. പരാതിക്കാരിയുടെ വാദങ്ങള്‍ തള്ളി തിരുവനന്തപുരം സിജെഎം കോടതി സിബിഐ റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തു.

English Summary:

What happened to the case filed against Oommen Chandy? asks MV Govindan and Saji Cherian, Are they admit that the move to file a case against Oommen Chandy was a misstep.?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com