ADVERTISEMENT

തിരുവനന്തപുരം∙ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെ സംരക്ഷിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. രഞ്ജിത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്നും രേഖാമൂലം പരാതി തന്നാൽ മാത്രമേ കേസെടുക്കാൻ പറ്റു എന്നും, ഒരു റിപ്പോർട്ടിന്റെയോ ആരോപണത്തിന്റെയോ പേരിൽ കേസെടുക്കാനാകില്ലെന്നും സജി ചെറിയാൻ പറഞ്ഞു. രഞ്ജിത്തിനെ ചുമതലകളിൽ നിന്ന് മാറ്റുന്നതിൽ തീരുമാനമെടുക്കേണ്ടത് സിപിഎം ആണെന്നും സാംസ്കാരിക വകുപ്പ് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

‘‘മുഖ്യമന്ത്രി ഹേമകമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തില്‍ റിപ്പോർട്ടിന്റെ പേരിൽ കേസെടുക്കാനാകില്ല എന്ന് വ്യക്തമാക്കിയതാണ്. പരാതി കിട്ടിയാൽ എത്ര ഉന്നതനാണെങ്കിലും വിട്ടു വീഴ്ചയുണ്ടാകില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയതുമാണ്. 

രഞ്ജിത്തിനെതിരായ ആരോപണത്തിൽ അദ്ദേഹം തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. നടി രഞ്ജിത്തിനെതിരെ പരാതി നൽകുകയാണെങ്കിൽ സർക്കാർ അതിൻമേൽ നടപടി സ്വീകരിക്കും. ആരെങ്കിലും ഒരു ആരോപണം പറഞ്ഞാൽ കേസെടുക്കാനാകില്ല. അങ്ങനൊരു കേസെടുത്താൽ അത് നിലനിൽക്കുകയുമില്ല. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ രേഖാമൂലം തന്നാൽ ശക്മായ നടപടിയെടുക്കും. 

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാന്റെ ചുമതല വഹിക്കുന്നത് രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായിട്ടാണ്. അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്. ആരോപണത്തിൽ വസ്തുതയുണ്ടെങ്കിൽ സിപിഎം പരിശോധിക്കാതിരിക്കില്ല. 

പരസ്യമായ ആരോപണമാണ് വന്നത്.  ആരോപണ വിധേയനും അത് പരസ്യമായി തള്ളിയിട്ടുണ്ട്. അതുകൊണ്ട് പരാതി ലഭിച്ചാലേ നടപടിയെടുക്കാനാകു’’– സജി ചെറിയാൻ പറഞ്ഞു. അന്വേഷിച്ചതിന് ശേഷമേ കുറ്റക്കാരനാണെന്ന് പറയാനാകൂ. അല്ലാതെ ഒരാളെ ക്രൂശിക്കാനോ നടപടിയെടുക്കാനോ ആകില്ല. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗൽഭനായ കലാകാരനാണ്. അന്ന്  അദ്ദേഹത്തിനൊപ്പം മറ്റുള്ളവരുമുണ്ടായെന്ന് അദ്ദേഹം തന്നെ പറയുന്നു. ഇതെല്ലാം പരിശോധിച്ച് വേണം നടപടിയെടുക്കാൻ. ഒരാൾ ആകാശത്ത് നിന്ന് ഒരു കാര്യം പറഞ്ഞാൽ കേസെടുക്കാൻ പറ്റില്ല. ഞങ്ങൾ ഇരയ്ക്കൊപ്പമാണ്, വനിതകൾക്കൊപ്പമാണ്. എന്നാൽ പരാതി കിട്ടിയാലേ കാര്യങ്ങൾ മനസ്സിലാകൂ. 

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ പല കാര്യങ്ങളും ചർച്ച ചെയ്തു. പലതിലും തീരുമാനമായിട്ടുമുണ്ട്. അതിൽ പലതും ചെയ്തു കഴിഞ്ഞു. അമ്മയുടെ അംഗങ്ങളുടെയും ഡബ്ല്യൂസിസി അംഗങ്ങളുടെയും ഭാരവാഹികളെ കണ്ട് കാര്യങ്ങള്‍ ചോദിച്ച് രേഖയാക്കിയിട്ടുണ്ട്. അവരുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുമുണ്ട്. അവർ നിർദേശിക്കപ്പെട്ട കാര്യങ്ങൾ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിന് സിനിമാ നയം വേണം. അതിന് വേണ്ടിയാണ് കോൺക്ലേവ് വച്ചത്. ഇന്ത്യയിലെ ഏറ്റവും നല്ല ഇൻഡസ്ട്രിയായി മലയാള സിനിമ മാറി. അതിനെ നശിപ്പിക്കാനാകുമോ. ആ മേഖലയിൽ വന്ന തെറ്റായ പ്രവണതകളും കര്‍ശനമായി നേരിടും. ഹൈക്കോടതി റിപ്പോർട്ട് സീൽ ചെയ്ത് തരാൻ പറഞ്ഞിട്ടുണ്ട്. അത് നൽകും. പിന്നെ കോടതിയാണ് പറയേണ്ടത്. കോടതി പറയുന്നതു പോലെ സർക്കാർ പ്രവർത്തിക്കും.

ഉമ്മൻ ചാണ്ടിക്കെതിരെ എഫ്ഐആർ ഇട്ടിട്ട് എന്തായി?

സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ എഫ്ഐആർ ഇട്ടിട്ട് എന്തായെന്ന് മന്ത്രി സജി ചെറിയാൻ. രഞ്‍‍ജിത്തിനെതിരായ ആരോപണത്തിന് മറുപടിയുമായെത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി പിണറായി സർക്കാരെടുത്ത കേസിനെ തള്ളിപറഞ്ഞത്. ‘‘ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം ഉയർന്നപ്പോൾ ഒരു കമ്മിഷനെ നിയമിച്ചു. ആ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഇട്ടത്. പിന്നാലെ അത് തള്ളിക്കളയുകയാണുണ്ടായത്’’– സജി ചെറിയാൻ പറഞ്ഞു.

English Summary:

Minister Saji Cherian's Press Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com