ജർമനിയിൽ ആഘോഷപരിപാടിക്കിടെ കത്തിയാക്രമണം; 3 പേർ കൊല്ലപ്പെട്ടു
Mail This Article
ബെർലിൻ∙ ജർമനിയിലെ സോലിങ്കനിൽ കത്തിയാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. നാലുപേർക്ക് ഗുരുതര പരുക്ക്. നഗര വാർഷികാഘോഷ ചടങ്ങുകൾക്കിടെ വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. അക്രമി ഒളിവിലാണ്.
അക്രമി ഒറ്റയ്ക്കായിരുന്നെന്നും നഗരത്തിലെത്തി ആളുകളെ ആക്രമിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും നഗരത്തിൽ പരിശോധന ശക്തമാക്കിയെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ബോധപൂർവമായ ആക്രമണമാണെന്നാണ് കരുതുന്നതെന്നും ഭീകരാക്രമണമാണോ എന്നതിന് ഇതുവരെ തെളിവുകളില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്ത് പൊലീസ് പട്രോളിങ് തുടരുന്നു.
മൂന്നു ദിവസം നീണ്ടു നിൽക്കുന്ന നഗര വാർഷികാഘോഷ ചടങ്ങുകൾ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. പരിപാടികൾക്കായി നിരവധി പേർ എത്തിയിരുന്നു. സംഗീത പരിപാടി നടക്കുന്നതിനിടെയാണ് ആക്രമണം നടത്തിയത്. എല്ലാവരും ചേർന്ന് നടത്തിയ ആഘോഷത്തിനിടെ ഇത്തരമൊരു അപകടം നടന്നതിൽ സങ്കടമുണ്ടെന്നും മരിച്ചവർക്കും പരുക്കേറ്റവർക്കും വേണ്ടി പ്രാർഥിക്കുന്നെന്നും സോലിങ്കനിലെ മേയർ ടിം കുർസ്‌ബാക്ക് സമൂഹ മാധ്യമത്തിൽ കുറിച്ചു.