കമ്മിറ്റിയുടെ ചോദ്യങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞ് നടൻ; ഹേമ കമ്മറ്റി റിപ്പോർട്ടിൽ നല്ലവരെക്കുറിച്ചും പരാമർശം
Mail This Article
കൊച്ചി ∙ മലയാള സിനിമാരംഗത്തെ സ്ത്രീകൾക്കു സുരക്ഷിതമായി ജോലി ചെയ്യാൻ സാഹചര്യം ഒരുക്കുന്ന ചലച്ചിത്രപ്രവർത്തകരെക്കുറിച്ചും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമുണ്ട്. കമ്മിറ്റി മുൻപാകെ മൊഴി നൽകിയ ഒന്നിലേറെപ്പേർ ഇത്തരത്തിൽ മാതൃകാപരമായ സാഹചര്യം സെറ്റുകളിൽ ഒരുക്കുന്ന സംവിധായകന്റെയും സിനിമറ്റോഗ്രഫറുടെയും പേരു പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. ചലച്ചിത്രരംഗത്തിന് അഭിമാനകരമായ ഇത്തരം വിവരങ്ങളും പുറത്തുവന്നിട്ടില്ല.
ഇവരെക്കാൾ സമൂഹം ബഹുമാനിക്കുന്ന വ്യക്തികളെക്കുറിച്ച് ഹേമ കമ്മിറ്റിക്കു ഗുരുതരസ്വഭാവമുള്ള മൊഴികളാണു ലഭിച്ചിരിക്കുന്നത്. മൊഴി നൽകാനെത്തിയ നടൻമാരിലൊരാൾ കമ്മിറ്റിയുടെ ചോദ്യങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞെന്ന വിവരവും പുറത്തുവരുന്നുണ്ട്.
റിപ്പോർട്ട് മുദ്രവച്ച കവറിൽ കൈമാറുന്നത് സ്വാഗതാർഹം: പ്രൊഡ്യൂസേഴ്സ് അസോ.
കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ട് മുദ്രവച്ച കവറിൽ കൈമാറണമെന്ന ഹൈക്കോടതി നിർദേശം സ്വാഗതാർഹമാണെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. 2022 മുതൽ തൊഴിലിടങ്ങളിൽ ഇന്റേണൽ കംപ്ലെയ്ന്റ്സ് കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. ഒരു ലക്ഷം രൂപയിലേറെ പ്രതിഫലം വാങ്ങുന്ന നടീനടൻമാരുമായി കരാറിലേർപ്പെടുന്നുണ്ടെന്നും അസോസിയേഷൻ പ്രസിഡന്റ് ആന്റോ ജോസഫ്, സെക്രട്ടറി ബി.രാഗേഷ് എന്നിവർ പറഞ്ഞു.