ADVERTISEMENT

തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാത്തതിനു വിമര്‍ശനം നേരിടേണ്ടി വന്ന സര്‍ക്കാരിനെ കൂടുതല്‍ വെട്ടിലാക്കി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ നടി നടത്തിയ വെളിപ്പെടുത്തല്‍.  ശനിയാഴ്ച രാവിലെ ഏഴരയ്ക്കു രഞ്ജിത്തിനെ പിന്തുണച്ചു രംഗത്തെത്തിയ സാംസ്‌കാരിക മന്ത്രി പ്രതിഷേധച്ചൂടിനൊടുവില്‍ വൈകിട്ടേടെ നിലപാട് മയപ്പെടുത്തി. ആകാശത്തുനിന്നു പരാതി വന്നാല്‍ നടപടിയെടുക്കാനാകില്ലെന്നും നടി രേഖാമൂലം പരാതി നല്‍കിയാല്‍ മാത്രമേ നടപടി എടുക്കാന്‍ കഴിയുകയുള്ളുവെന്നും ചൂണ്ടിക്കാട്ടി രാവിലെ രഞ്ജിത്തിനെ സംരക്ഷിക്കാന്‍ ശ്രമിച്ച മന്ത്രി സജി തുടര്‍ന്നു നിലപാടു മയപ്പെടുത്തുകയായിരുന്നു. 

ചലച്ചിത്ര മേഖലയിലെ വനിതകള്‍ ഉള്‍പ്പെടെ കടുത്ത രീതിയില്‍ പ്രതികരണവുമായി രംഗത്ത് എത്തിയതോടെയാണു രഞ്ജിത്തിനെ കൈവിട്ടു കളംമാറി ചവിട്ടാന്‍ മന്ത്രി ഉള്‍പ്പെടെ നിര്‍ബന്ധിതരായത്. രഞ്ജിത്തിനെ സംരക്ഷിച്ചുകൊണ്ടുള്ള പ്രസ്താവന വിവാദമായതിനു പിന്നാലെ ഫെയ്‌സ്ബുക്കില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തി. തെറ്റ് ആരു ചെയ്താലും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാല്‍ നടപടി ഉറപ്പാണെന്നും മന്ത്രി വിശദീകരിച്ചു. എന്നാല്‍ അവിടം കൊണ്ടും പ്രതിഷേധങ്ങള്‍ അവസാനിച്ചില്ല. അതോടെ മന്ത്രി നിലപാടു കൂടുതല്‍ മയപ്പെടുത്തി.

രഞ്ജിത്തിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ നടി ശ്രീലഖ മിത്രയ്ക്കു നേരിട്ടെത്തി പരാതി നല്‍കാന്‍ കഴിയില്ലെങ്കില്‍ ഏതു തരത്തില്‍ പരാതി സ്വീകരിക്കാന്‍ കഴിയുമെന്നു ചിന്തിക്കുമെന്നു മന്ത്രി വൈകിട്ടു പറഞ്ഞു. അക്കാര്യം നിയമവിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കും. അന്വേഷണം നടത്തി ആരോപണവിധേയന്‍ കുറ്റക്കാരനാണെന്നു കണ്ടാല്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

രാജിയില്‍ തീരുമാനമെടുക്കേണ്ടത് രഞ്ജിത്ത് ആണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ബംഗാളില്‍നിന്നു കേസുമായി മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടുണ്ടെന്നും കേരളത്തില്‍നിന്ന് ആരെങ്കിലും സഹായിച്ചാല്‍ നടപടിയുമായി മുന്നോട്ടു പോകുമെന്നായിരുന്നു ശ്രീലേഖ മിത്രയുടെ നിലപാട്.

English Summary:

Sreelekha Mitra vs. Ranjith: Kerala Cultural Minister Caught in Controversy, Pledges Action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com