‘ധാര്‍മികത ഉണ്ടെങ്കില്‍ രഞ്ജിത് സ്ഥാനം ഒഴിയണം; അഭിപ്രായം സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍’
Mail This Article
തിരുവനന്തപുരം∙ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്ത് ഒഴിയുന്നതാണു നല്ലതെന്നു ചലച്ചിത്ര അക്കാദമി അംഗം മനോജ് കാന. രഞ്ജിത്തിൽനിന്നും ദുരനുഭവം നേരിട്ടെന്ന് ബംഗാളി നടി വെളിപ്പെടത്തിയതിനു പിന്നാലെയാണു പ്രതികരണം. ‘‘ധാര്‍മികത ഉണ്ടെങ്കില്‍ സ്ഥാനത്തുനിന്നും ഒഴിയുകയാണു വേണ്ടത്. അക്കാദമിയുടെ പ്രതിനിധി എന്ന നിലയില്‍ അഭിപ്രായം പറയാന്‍ ആരും ചുമതലപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഒരു സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അഭിപ്രായം പറയാം. ബംഗാളി നടി ഉയര്‍ത്തിയ ആരോപണം വളരെ ഗൗരവമുള്ളതാണ്. വെറുതേ ശത്രുത കൊണ്ടു പറയുന്ന വിഷയം അല്ലല്ലോ ഇത്. നടിയുടെ വാക്കുകള്‍ പരിശോധിക്കപ്പെടണം. ആരോപണം ശരിയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു ചെയര്‍മാന്‍ പിന്മാറുകയാണു വേണ്ടത്’’– മനോജ് കാന പറഞ്ഞു.
സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചതു നല്ല ഉദ്ദേശ്യത്തോടെയാണ്. ഇത്തരം കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉയര്‍ന്നുവരാനും സാധ്യതയുണ്ട്. ഒരു സര്‍ക്കാര്‍ സംവിധാനത്തിന്റെ ചെയര്‍മാനെതിരെ ഉയര്‍ന്ന ആരോപണം ഗൗരവത്തോടെ പരിഗണിക്കേണ്ടതാണ്. സര്‍ക്കാര്‍ നടപടി ഉണ്ടാകുമെന്നാണു കരുതുന്നത്. അക്കാദമിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയമാണെന്നു തോന്നുന്നില്ലെന്നും അക്കാദമി എന്നതു ചെയര്‍മാന്‍ മാത്രമല്ലല്ലോ എന്നും മനോജ് കാന പറഞ്ഞു.
മുഖ്യധാര സിനിമകളില്‍ അല്ല കൂടുതലായി ദുഷ്പ്രവണതകള്‍ കാണപ്പെടുന്നതെന്ന അമ്മ പ്രസിഡന്റ് സിദ്ദിഖിന്റെ പ്രസ്താവന തെറ്റാണെന്നും മനോജ് കാന പറഞ്ഞു. അറിവില്ലായ്മ കൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ഇത്തരം കാര്യങ്ങള്‍ നടക്കുന്നതു പണത്തിന്റെയും അധികാരത്തിന്റെയും മേല്‍ക്കോയ്മയുള്ള ഇടങ്ങളിലാണ്. ആയിരക്കണക്കിന് ആളുകളെ മുന്‍നിര്‍ത്തി അവരുടെ പിന്തുണയോടെയാണ് ഞാനൊക്കെ സിനിമ എടുക്കുന്നത്. അത്തരം സമാന്തര സിനിമകളില്‍ തൊഴിലാളിയോ തൊഴില്‍ ഉടമയോ ഇല്ല. അവിടെ എല്ലാവരും കലാകാരന്മാരാണ്. എല്ലാവരും ഒന്നിച്ചുനിന്നാണു ചെറിയ പണത്തിനു സിനിമ യാഥാര്‍ഥ്യമാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെങ്കിലും അതെല്ലാം മാറികടക്കുന്നതു കൂട്ടായ്മയിലൂടെയാണ്. ഷൂട്ട് കഴിഞ്ഞ് പോകുമ്പോള്‍ ദുഃഖത്തോടു കൂടിയാണു പിരിയുന്നത്. അത്തരം സ്ഥലങ്ങളില്‍ അല്ല ദുഷ്പ്രവണതകള്‍ നടക്കുന്നത്. അത് പണത്തിന്റെയും അധികാരത്തിന്റെയും മേല്‍ക്കോയ്മയില്‍നിന്നുണ്ടാകുന്ന ഇടങ്ങളിലാണ്. അധികാരം പ്രയോഗിക്കപ്പെടുകയാണെന്നും മനോജ് കാന പറഞ്ഞു.