ADVERTISEMENT

കോഴിക്കോട്∙ ചലച്ചിത്ര അക്കാദമി അധ്യക്ഷൻ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിൽ പ്രതിഷേധം കനത്തതോടെ ചാലിപ്പുറത്തെ രഞ്ജിത്തിന്റെ വീടിനു മുൻപിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. അറസ്റ്റ് ആവശ്യപ്പെട്ടു രഞ്ജിത്ത് താമസിച്ചിരുന്ന വയനാട്ടിലെ സ്വകാര്യ വസതിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധം വർധിക്കാൻ സാധ്യതയുള്ളതിനാലാണു വീടിന് മുൻപിൽ സുരക്ഷ ഏർപ്പെടുത്തിയത്.

പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചേക്കുമെന്നാണു സൂചന. ഔദ്യോഗിക വാഹനത്തിലെ ബോർഡ് ഊരിമാറ്റിയാണ് വയനാട്ടില്‍നിന്നും കോഴിക്കോട്ടെ വസതിയിലേക്ക് ര‍ഞ്ജിത്ത് ഇന്നു മടങ്ങിയത്. ഇതോടെയാണു രാജി സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിച്ചത്.

സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തി തന്നോട് രഞ്ജിത് മോശമായി പെരുമാറിയെന്നായിരുന്നു കഴിഞ്ഞ ദിവസം നടി വെളിപ്പെടുത്തിയത്. ‘പാലേരിമാണിക്യം’ സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്പർശിച്ചതായും മുടിയിൽ തലോടിയതായും നടി ആരോപിച്ചിരുന്നു. കഴുത്തിൽ സ്പർശിക്കാൻ ശ്രമിച്ചതോടെ മുറിയിൽ നിന്നിറങ്ങി. ഇതേത്തുടർന്ന് സിനിമയിൽ അഭിനയിക്കാതെ പിറ്റേന്നു തന്നെ മടങ്ങി. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നാൽ അതിലേക്കുള്ള സൂചനകൾ നൽകുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റമെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

English Summary:

Police Security for Director Ranjith Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com