പിഎഫ് വായ്പ: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാത്തവരുടെ അപേക്ഷ നിരസിക്കുന്നെന്ന് ആരോപണം
Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാത്ത സർക്കാർ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് (പിഎഫ്) വായ്പാ അപേക്ഷ നിരസിക്കുന്നതായി ആരോപണം. കോൺഗ്രസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ഈ വിഷയത്തിൽ പ്രതിഷേധിച്ചു. പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.
ജീവനക്കാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സ്പാർക്ക് സോഫ്റ്റുവെയറിൽ ഇതിനായി മാറ്റങ്ങൾ വരുത്തിയെന്നാണ് ജീവനക്കാരിൽ ഒരു വിഭാഗം ആരോപിക്കുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാത്തവർ പിഎഫ് വഴി ലോണെടുക്കാൻ സ്പാർക്കിൽ അപേക്ഷിക്കുമ്പോൾ അപേക്ഷകൾ പരിഗണിക്കുന്നില്ല. ദുരാതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാത്തതാണ് അപേക്ഷ പരിഗണിക്കാതിരിക്കാനുള്ള കാരണമായി സന്ദേശത്തിലൂടെ അറിയിക്കുന്നത്.
അഞ്ചുദിവസത്തെ ശമ്പളമാണ് സാലറി ചലഞ്ചെന്ന പേരില്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് പിടിക്കുന്നത്. അഞ്ചുദിവസമെന്ന നിബന്ധന ഒഴിവാക്കണമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം. സമ്മതപത്രം നല്‍കിയില്ലെങ്കിലും ശമ്പളം പിടിക്കുമെന്ന് കാണിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് സര്‍ക്കുലര്‍ പുറത്തിറങ്ങി.