ADVERTISEMENT

കൊച്ചി∙ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാഷ്ട്രീയമായി യാതൊരു വിവരവുമില്ലെന്ന് അദ്ദേഹം തെളിയിക്കുകയാണെന്നും അദ്ദേഹത്തിന് പാർട്ടി ക്ലാസ് കൊടുക്കണമെന്നും സംവിധായകൻ ആഷിഖ് അബു. ഈ വിഷയം സംസാരിക്കാൻ സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും വരണം. പരാതിയെപറ്റി അന്വേഷിക്കാതെ വേട്ടക്കാരന്റെ വിശദീകരണത്തിൽ മാത്രം ഒതുങ്ങുകയാണ് സജി ചെറിയാൻ. മന്ത്രിയെ തിരുത്താൻ പാർട്ടി തയാറാവണം. രഞ്ജിത്തിനെ പദവിയിൽ നിന്നു മാറ്റി നിർത്താന്‍ സർക്കാർ തയാറാവണമെന്നും നടിയുടേത് ആരോപണമല്ല, വെളിപ്പെടുത്തലാണെന്നും ആഷിഖ് അബു പറഞ്ഞു. 

‘‘ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ മുതൽ ഈ വിഷയത്തിൽ ഇടതുപക്ഷ മന്ത്രിമാർക്ക് തന്നെ ആശയക്കുഴപ്പമുണ്ട്. സാംസ്കാരിക മന്ത്രി പറയുന്നത് സാമാന്യ ബുദ്ധിവച്ച് മനസ്സിലാകുന്നതല്ല. അദ്ദേഹം വലിയൊരു മൂവ്മെന്റിന് എതിരെ നിൽക്കുകയാണ്. ആരെങ്കിലും അദ്ദേഹത്തെ ഉപദേശിക്കണം. 

സിനിമാ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ ഇതുവരെയുണ്ടായ പ്രസ്താവനകളൊന്നും ഇടതുപക്ഷത്തിന്റെ നയങ്ങളോട് ചേർന്നു നിൽക്കാത്തതാണ്. പരാതി ഉന്നയിച്ച സ്ത്രീയും ഒരു ഇടതു സഹയാത്രികയാണ്. പരാതിക്കാരിയുടെ പരാതിയെപറ്റി അന്വേഷിക്കാതെ വേട്ടക്കാരന്റെ വിശദീകരണത്തിൽ ഒതുങ്ങുകയാണ് മന്ത്രി. മന്ത്രിയുടെ നിലപാടിനോട് ശക്തമായ പ്രതിഷേധമാണുള്ളത്. 

സജി ചെറിയാൻ വിചാരിച്ചാൽ ആരെയും സംരക്ഷിക്കാൻ പറ്റില്ല. ഈ വിഷയം സംസാരിക്കാൻ സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും വരണമെന്നാണ് പറയാനുള്ളത്. സർക്കാരിന്റെ പ്രഖ്യാപിത നിലപാടല്ല സജി ചെറിയാൻ പറയുന്നത്. രാഷ്ട്രീയമായി യാതൊരു വിവരവുമില്ലെന്ന് മന്ത്രി തെളിയിക്കുകയാണ്. അദ്ദേഹത്തിന് പാർട്ടി ക്ലാസ് കൊടുക്കണം. സർക്കാരിന്റെ പ്രഖ്യാപിത നിലപാടല്ല ഇത്. ഒന്നു രണ്ടു പേർ ഇങ്ങനെ പറയുന്നത് എന്തുകൊണ്ടെന്ന് ഞാനും ആശ്ചര്യപ്പെടുകയാണ്. അത് ഉടൻ തന്നെ തിരുത്തുമെന്നാണ് വിശ്വസിക്കുന്നത്. 

രഞ്ജിത്തിനെ സർക്കാർ പദവിയിൽ നിന്ന് മാറ്റി നിർത്തണം. പരാതി കൊടുക്കാന്‍ നടി തയാറാകും. നടി പറഞ്ഞത് ആരോപണമല്ല, വെളിപ്പെടുത്തലാണ്’’–ആഷിഖ് അബു പറഞ്ഞു. ജഗദീഷിന്റെ വാക്കുകൾ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും സിദ്ദിഖ് നല്ല അഭിനേതാവാണെന്നും ഇന്നലെയും അദ്ദേഹം അഭിനയിക്കുന്നതാണ് കണ്ടതെന്നും ആഷിഖ് അബു പറഞ്ഞു.

English Summary:

"Saji Cheriyan Needs Political Education," Says Director Aashiq Abu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com