കേന്ദ്രത്തിന്റെ ഏകീകൃത പെൻഷൻ പദ്ധതി, കേരളത്തിനും താൽപര്യം: അറിയാം പത്തു കാര്യങ്ങൾ
Mail This Article
ന്യൂഡൽഹി ∙ ഏകീകൃത പെൻഷൻ പദ്ധതിക്ക് (യുപിഎസ്) ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് അംഗീകാരം നൽകിയത്. 2004 മുതലുള്ള പുതിയ പെൻഷൻ പദ്ധതി (എൻപിഎസ്) നിലനിൽക്കും. കേന്ദ്ര സർക്കാർ ജീവനക്കാരുടെ പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) പുനഃസ്ഥാപിക്കണമെന്ന ആവശ്യം തള്ളി. പങ്കാളിത്ത രീതിയിൽത്തന്നെയുള്ളതാണ് പുതിയ പദ്ധതി. പദ്ധതി അടുത്ത ഏപ്രിൽ ഒന്ന് മുതൽ നിലവിൽവരും.
പ്രയോജനം 23 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കെന്നും സംസ്ഥാന സർക്കാരുകളും നടപ്പാക്കിയാൽ 90 ലക്ഷം സർക്കാർ ജീവനക്കാർക്കുമെന്നുമാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്. മുൻ ഫിനാൻസ് സെക്രട്ടറിയും നിയുക്ത കാബിനറ്റ് സെക്രട്ടറിയുമായ ടി.വി.സോമനാഥന്റെ നേതൃത്വത്തിലുള്ള സമിതിയാണു യുപിഎസ് തയാറാക്കിയത്. കുടിശിക നൽകാൻ വേണ്ടത് 800 കോടി രൂപ. ആദ്യവർഷം നടപ്പാക്കാൻ വേണ്ടി വരുന്നത് 6250 കോടി. യുപിഎസ് ജീവനക്കാർക്ക് 99% സ്വീകാര്യമായ പദ്ധതിയാണെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാർ പുതിയ ഏകീകൃത പെൻഷൻ പദ്ധതി പ്രഖ്യാപിച്ചതോടെ സംസ്ഥാന സർക്കാരും ഈ വഴിക്കു നീങ്ങിയേക്കും. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു പുതിയ പദ്ധതി കൊണ്ടുവരുമെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര പദ്ധതി കേരളത്തിലും നടപ്പാക്കി പങ്കാളിത്ത പെൻഷൻകാരുടെ ഇപ്പോഴുള്ള എതിർപ്പ് കുറയ്ക്കാനാകും സർക്കാർ ഇനി ശ്രമിക്കുക. പുതിയ പെൻഷൻ പദ്ധതി സർക്കാരിനു സൃഷ്ടിക്കുന്ന സാമ്പത്തിക ബാധ്യത എത്രയെന്നു പരിശോധിച്ചശേഷമാകും തുടർനടപടി.
പെൻഷൻ പദ്ധതി: അറിയേണ്ട പത്ത് കാര്യങ്ങൾ
∙ 25 വർഷമെങ്കിലും സർവീസ് ഉള്ളവർക്ക്, അവസാന 12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ ശരാശരിയുടെ 50% പെൻഷൻ ഉറപ്പ്. 25 വർഷത്തിനും 10 വർഷത്തിനുമിടയിൽ സർവീസുള്ളവരുടെ പെൻഷൻ ഇതേ മാനദണ്ഡങ്ങൾ വച്ച് ആനുപാതികമായി (പ്രോ–റേറ്റ) കണക്കാക്കും.
∙ 10 വർഷമെങ്കിലും സർവീസുള്ളവർക്ക് കുറഞ്ഞത് 10,000 രൂപ പെൻഷൻ ഉറപ്പാക്കും.
∙ മരണമടഞ്ഞവർക്ക് ലഭിച്ചിരുന്ന തുകയുടെ 60% ആശ്രിതർക്കു കുടുംബ പെൻഷൻ.
∙ ഗ്രാറ്റുവിറ്റിക്കു പുറമേ ഒരു തുക കൂടി ജീവനക്കാർക്കു ലഭിക്കും. സർവീസ് കാലയളവിലെ 6 മാസത്തിൽ 1 എന്ന കണക്കിൽ, അടിസ്ഥാന ശമ്പളവും ഡിഎയും ചേർത്തുള്ളതിന്റെ പത്തിലൊന്ന് എന്ന തോതിൽ ഈ തുക തിട്ടപ്പെടുത്തും. ഇത് പെൻഷനെ ബാധിക്കില്ല.
∙ 2004 നു ശേഷം വിരമിച്ചവർക്കും 2025 മാർച്ച് 31ന് അകം വിരമിക്കുന്നവർക്കും യുപിഎസിൽ ചേരാം. ഇവർക്ക് കുടിശിക നൽകും.
∙ പെൻഷൻകാരുടെ ക്ഷാമബത്ത (ഡിയർനസ് റിലീഫ്), ജീവനക്കാരുടേതിനു തുല്യമായ രീതിയിൽ തിട്ടപ്പെടുത്തും. വിലക്കയറ്റവുമായി ബന്ധിപ്പിച്ച് പരിഷ്കാരം.
∙ പങ്കാളിത്ത പദ്ധതിയായ എൻപിഎസിലെ ജീവനക്കാരുടെ വിഹിതം 10% എന്നത് യുപിഎസിലും തുടരും. കേന്ദ്ര സർക്കാരിന്റെ വിഹിതം 18.5% ആയി ഉയർത്തി.
∙ എൻപിഎസിൽ നിന്നു യുപിഎസിലേക്ക് ഓപ്ഷൻ മാറ്റം ഒരു തവണ മാത്രം. തിരിച്ചു മാറാൻ കഴിയില്ല.
∙ സ്വയം വിരമിക്കുന്നവർക്കും അർഹത.
∙ പഴയ പെൻഷൻ പദ്ധതി പ്രകാരമുള്ള മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് തുടരും.