56 സ്ത്രീകളെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ ചിത്രീകരിച്ചു, പ്രജ്വലിനെതിരെ 2144 പേജുള്ള കുറ്റപത്രം
Mail This Article
ബെംഗളൂരു∙ പീഡനക്കേസിൽ ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്കും പിതാവ് എച്ച്.ഡി.രേവണ്ണ എംഎൽഎയ്ക്കും എതിരെ കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം 2144 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. ഹാസനിലെ എംപിയായിരുന്ന പ്രജ്വൽ 56 സ്ത്രീകളെ പീഡിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 4 പേരാണു രേഖാമൂലം പരാതി നൽകിയത്. അതിജീവിതകളെല്ലാം ഹാസൻ മണ്ഡലവുമായി ബന്ധമുള്ളവരാണ്. പീഡനത്തിന്റെ ദൃശ്യങ്ങൾ പ്രജ്വൽ തന്നെ ചിത്രീകരിക്കുകയും ഇതുപയോഗിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു.
നൂറ്റൻപതിലധികം പേരുടെ മൊഴി കുറ്റപത്രത്തിലുണ്ട്. പ്രജ്വലിന്റെ പീഡന ദൃശ്യങ്ങളുടെ വിഡിയോ ഫൊറൻസിക് പരിശോധനയിൽ യഥാർഥമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. 2 വീട്ടുജോലിക്കാരും ദൾ വനിതാ നേതാവും ഒരു വീട്ടമ്മയുമാണ് പ്രജ്വലിനെതിരെ പരാതി നൽകിയത്. വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിലും പ്രജ്വൽ പീഡിപ്പിച്ച മറ്റൊരു വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടുപോയ കേസിലും രേവണ്ണ പ്രതിയാണ്. മേയ് 31ന് അറസ്റ്റിലായ പ്രജ്വൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മേയ് 4ന് അറസ്റ്റിലായ രേവണ്ണയ്ക്കു പിന്നീട് ജാമ്യം ലഭിച്ചിരുന്നു.