‘അമ്മ’യിൽ കൂട്ടരാജി; മോഹൻലാൽ അടക്കം മുഴുവൻ ഭാരവാഹികളും രാജിവച്ചു, ഭരണസമിതി പിരിച്ചുവിട്ടു
Mail This Article
കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനും അതിനു പിന്നാലെ ഉയർന്ന ലൈംഗികാരോപണങ്ങൾക്കും പിന്നാലെ താരസംഘടനയായ ‘അമ്മ’യിൽ കൂട്ടരാജി. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. ഇന്നു ചേർന്ന ഓൺലൈൻ യോഗത്തിലാണു തീരുമാനം. അമ്മയിലെ കൂടുതൽ അംഗങ്ങൾക്കെെതിരെ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സ്ഥാനമൊഴിയാൻ മോഹൻലാൽ നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
പ്രസിഡന്റ് മോഹൻലാലിനു പുറമെ വൈസ് പ്രസിഡന്റുമാരായ ജയൻ ചേർത്തല, ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറർ ഉണ്ണി മുകുന്ദൻ തുടങ്ങിയവരും എക്സിക്യൂട്ടീവിലെ മറ്റ് അംഗങ്ങളുമാണ് രാജിവച്ചത്. കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോയി മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹനർ, ടൊവീനോ തോമസ്, സരയൂ, അൻസിബ, ജോമോൾ എന്നിവരാണു രാജിവച്ച എക്സിക്യൂട്ടീവ് അംഗങ്ങൾ.
ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പുറത്തു വന്ന വെളിപ്പെടുത്തലുകളിൽ മലയാള സിനിമ ലോകവും അമ്മയും ആകെ ഉലഞ്ഞിരുന്നു. ഇന്ന് എക്സിക്യൂട്ടീവ് ചേർന്നു വിഷയം ചർച്ച ചെയ്യാൻ ആലോചിച്ചിരുന്നെങ്കിലും ഇതു മാറ്റി വയ്ക്കുകയായിരുന്നു. ഏതുവിധത്തിൽ പ്രതിസന്ധി മറികടക്കുമെന്ന് അറിയാതെ സംഘടനാ നേതൃത്വവും വിഷമിച്ചതോടെയാണു താൽക്കാലിക പരിഹാരമെന്ന നിലയിൽ രാജിയുണ്ടായത്. റിപ്പോർട്ടിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളെ തുടർന്ന് സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനവും നടൻ സിദ്ദിഖ് താരസംഘടനയായ ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനവും രാജിവച്ചിരുന്നു. നടി രേവതി സമ്പത്ത് ഉയർത്തിയ പീഡന ആരോപണത്തെ തുടർന്നാണ് സിദ്ദീഖ് രാജിവച്ചത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചത്. തുടർന്ന് ഈ പദവി വഹിച്ചിരുന്ന ജോയിന്റ് സെക്രട്ടറി ബാബുരാജിനുനേരെയും ആരോപണങ്ങൾ ഉയർന്നതോടെ സംഘടന കടുത്ത പ്രതിസന്ധിയിലായിരുന്നു.
വിഷയത്തിൽ പരസ്യ പ്രതികരണവുമായി നടൻ ജഗദീഷ് അടക്കമുള്ള താരങ്ങൾ എത്തിയതും അമ്മയിൽ സംഭവിച്ച ഭിന്നത മറനീക്കി പുറത്ത് വന്നതിന് ഉദാഹരണമായി. ജയൻ ചേർത്തല അടക്കമുള്ള അംഗങ്ങളും അമ്മയുടെ നേതൃത്വത്തിനെതിരെ രംഗത്തെത്തി. അമ്മയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് നടൻ പൃഥ്വിരാജ് കഴിഞ്ഞ ദിവസം തുറന്നടിക്കുകയും ചെയ്തു.