‘എന്റെ വഴി എന്റെ അവകാശമാണ്’: മാധ്യമപ്രവർത്തകരെ തള്ളിമാറ്റി കേന്ദ്രമന്ത്രി സുരേഷ് ഗോപി– വിഡിയോ
Mail This Article
തൃശൂർ∙ ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളിൽ അസഹിഷ്ണുത കാണിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരെ സുരേഷ് ഗോപി ബലം പ്രയോഗിച്ച് തള്ളിമാറ്റി. ചൊവ്വാഴ്ച ഉച്ചയോടെ തൃശൂർ രാമനിലയത്തിൽ വച്ചായിരുന്നു സംഭവം. മുകേഷ് രാജിവയ്‌ക്കണമോയെന്ന് ചോദിച്ച മാധ്യമപ്രവർത്തകരോട്, സുരേഷ് ഗോപി ക്ഷുഭിതനാകുകയും ചോദ്യം ചോദിച്ചവരെ തള്ളിമാറ്റുകയുമായിരുന്നു.
‘എന്റെ വഴി എന്റെ അവകാശമാണ്, പ്ലീസ്’ എന്നും ബലപ്രയോഗത്തിന് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോടു പറഞ്ഞു. തുടർന്ന് ഔദ്യോഗിക വാഹനത്തിൽ കയറിയ സുരേഷ് ഗോപി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ തിരികെ പോയി. മുകേഷിന്റെ രാജി വിഷയത്തിൽ പാർട്ടി നിലപാട് പറയേണ്ടത് താനാണെന്നും സുരേഷ് ഗോപിയല്ലെന്നുമുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രസ്താവനയ്ക്കു ശേഷമാണ് സുരേഷ് ഗോപിയുടെ രോഷപ്രകടനം.
സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ മുൻ എംഎൽഎ അനിൽ അക്കരെ പരാതി നൽകി. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്കാണ് പരാതി നൽകിയത്.