കണ്ണടിച്ചുപോകുന്ന ലൈറ്റ്, ഷോ കാണിക്കാൻ ഷോ കിച്ചൻ; വീട്ടിൽ മലയാളി കാശ് ധൂർത്തടിക്കുന്ന 5 കാര്യങ്ങൾ

Mail This Article
1. എക്സ്റ്റീരിയർ സങ്കീർണമാക്കണോ?
ആരു കണ്ടാലും ഞെട്ടണം എന്ന ഉദ്ദേശ്യത്തോടെയാണ് പലരും വീടുപണിക്കിറങ്ങുന്നത്. അതിനുവേണ്ടി എക്സ്റ്റീരിയറിൽ സിമന്റ് വർക്കുകൾ, മ്യൂറൽ വർക്കുകൾ, ക്ലാഡിങ്, കോൺക്രീറ്റ് വർക്കുകൾ തുടങ്ങി എണ്ണിയാൽ തീരാത്തത്ര അലങ്കാരപ്പണികൾ കാണിക്കും. ആവശ്യമില്ലാതെവരുത്തുന്ന ചെലവുകളാണ് ഇതെല്ലാം എന്ന് മലയാളി എന്നാണു തിരിച്ചറിയുന്നത്? വീടിനുവേണ്ടി അധികം തുക മാറ്റിവയ്ക്കാനില്ലാത്തവർ എക്സ്റ്റീരിയർ മോടിപിടിപ്പിക്കലുകൾ വേണ്ടെന്നുവയ്ക്കുക.
2. അലങ്കാരവസ്തുക്കളുടെ മ്യൂസിയമാക്കണോ?
വീടുകൾ പലതും കാഴ്ചബംഗ്ലാവുകളാക്കി മാറ്റുകയാണ് മലയാളികൾ. വിദേശങ്ങളിൽ നിന്നുള്ള അലങ്കാരവസ്തുക്കളും വിലപിടിപ്പുള്ള അപൂർവതകളും വീടിനകത്ത് കുത്തിനിറച്ചില്ലെങ്കിൽ ഏതോ പോരായ്മ പോലെയാണ് മലയാളിക്ക്. ഇല്ലാത്ത കാശുണ്ടാക്കി പൂപ്പാത്രങ്ങളും ബൗളുകളും ക്രിസ്റ്റലുകളും വച്ച് വീടു മോടി കൂട്ടുന്നതിനു പകരം വീട്ടുകാരുടെ കഴിവുകൾ തുറന്നുകാട്ടുന്നതാവട്ടെ വീടുകൾ.
3. ലൈറ്റ് ഫിറ്റിങ്ങുകൾ വൈദ്യുതി കളയാനോ?

ഒരു മുറിക്കകത്തുതന്നെ വാം ലൈറ്റ്, കൂൾ ലൈറ്റ്, ഷാൻലിയർ ... അങ്ങനെ ലൈറ്റ് ഫിറ്റിങ്ങുകളിൽ എന്തെല്ലാം തരമാണുള്ളത്! പക്ഷേ, ഇതെല്ലാം വേണമെന്നു നിർബന്ധം പിടിക്കുമ്പോൾ കറന്റ് ബില്ല് റോക്കറ്റ് പോലെ പോയെന്നിരിക്കും. ആരംഭശൂരത്വത്തിന് പിടിപ്പിക്കുമെങ്കിലും ഇതിൽ പലതും പിന്നീട് മിക്കവരും ഉപയോഗിക്കാറില്ല. ഭംഗിക്കുവേണ്ടി ആവശ്യത്തിൽ കൂടുതൽ ലൈറ്റ് പോയിന്റുകളും ലൈറ്റ് ഫിറ്റിങ്ങുകളും ഉപയോഗിക്കുന്നതിനു മുമ്പ് ഭാവിയിലേക്ക് കണ്ണു തുറന്നു നോക്കണം. വൈദ്യുത ബില്ലിന്റെ കാര്യം മാത്രമല്ല, ഊർജനഷ്ടവും ഭീമമായിരിക്കും എന്നോർക്കണം.
4. ഷോ കിച്ചൻ വെറുതെ ഷോ കാണിക്കാനോ?

കാഴ്ചയ്ക്കായി ഒരു അടുക്കള. ജോലി ചെയ്യാൻ വേറൊരു അടുക്കള. അതും കൂടാതെ വർക് ഏരിയ. ഇങ്ങനെ കാശുള്ളവർ മൂന്നും നാലും അടുക്കളകൾ പണിയാറുണ്ട്. ഇതിനെ അനുകരിച്ച്, സാധാരണക്കാർ വീടുപണിയുമ്പോഴും രണ്ടു അടുക്കള ഇല്ലെങ്കിൽ കുറച്ചിലാണ് എന്ന നിലയിലെത്തിയിട്ടുണ്ട്. സത്യത്തിൽ ഇതിന്റെ ആവശ്യമുണ്ടോ? ഷോ കിച്ചൻ ഒഴിവാക്കാം. രണ്ടു കിച്ചനുകളിലെയും കബോർഡുകളും ഫ്ളോറിങ്ങും ഫർണിച്ചറും എല്ലാം ചേരുമ്പോൾ വലിയ ഒരു തുക തന്നെ മാറ്റിവയ്ക്കേണ്ടി വരും. ഉള്ള ഒരു അടുക്കള വൃത്തിയായി സൂക്ഷിക്കുകയാണ് പ്രധാനം. ഇതിനോടു ചേർന്ന് ഒരു വർക് ഏരിയയുമുണ്ടെങ്കിൽ ധാരാളം. പ്രത്യേകിച്ചും അധികം അംഗങ്ങൾ ഇല്ലാത്ത വീടുകളിൽ വെറുതെ ചെലവ് കൂട്ടേണ്ട കാര്യമില്ല.
5. പുൽത്തകിടി പിടിപ്പിക്കാൻ മരം മുഴുവൻ വെട്ടണോ?

ലാൻഡ്സ്കേപ്പ് ചെയ്യുകയെന്നു വച്ചാൽ വീടിന്റെ മുറ്റത്ത് പുൽത്തകിടി പിടിപ്പിക്കുകയെന്നതാണ് പലരുടെയും ധാരണ. ഇതിനുവേണ്ടി എത്രയോ ചെടികളും മരങ്ങളുമാണ് വെട്ടിക്കളയുന്നത്! പുൽത്തകിടി ശരിയായ രീതിയിൽ പരിപാലിക്കണമെങ്കിൽ ആരുടെയെങ്കിലും സഹായം വേണ്ടിവന്നേക്കാം. ഇല്ലെങ്കിലും വളരെ ശ്രദ്ധാപൂർവ്വമായി കൈകാര്യം ചെയ്യേണ്ടിവരും. പുൽത്തകിടിക്കു ധാരാളം വെള്ളം വേണമെന്നുള്ളത് മറ്റൊരു കാര്യം. ജലദൗർലഭ്യം ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പുൽത്തകിടി ചെലവേറിയ കാര്യം തന്നെ. പോരാത്തതിന് ഒരു മരം പോലും ഇല്ലാത്തതിനാൽ ചുവരുകളിൽ അടിക്കുന്ന ചൂടും വളരെ കൂടുതലായിരിക്കും. ഭാവിയിൽ ചെലവും അസൗകര്യവും കൂട്ടുന്ന പുൽത്തകിടിക്കു പകരം കൂടുതൽ നാടൻചെടികളും മരങ്ങളും പൂന്തോട്ടത്തിൽ നിറയട്ടെ!