തപാൽ വകുപ്പിന്റെ മഹാ സുരക്ഷാ ഡ്രൈവ് , ഇൻഷുറൻസ് പരിരക്ഷ എല്ലാവർക്കും

Mail This Article
തപാൽ വകുപ്പിന്റെ ബാങ്ക് ആയ ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്കിന്റെ, “ഏവർക്കും ഇൻഷുറൻസ് പരിരക്ഷ” എന്ന ലക്ഷ്യത്തോടെയുള്ള “മഹാസുരക്ഷ ഡ്രൈവ്” എന്ന പദ്ധതി സംസ്ഥാനമൊട്ടാകെ വിപുലമായി നടക്കുന്നു.
ഒരു വ്യക്തിക്ക് 1000 രൂപയിൽ താഴെ ഉള്ള വാർഷിക പ്രീമിയത്തിൽ, 15 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകുന്ന ടോപ് അപ്പ് പ്ലാൻ ( 2 ലക്ഷം ഡിഡക്റ്റിബിൾ ) , 3 ലക്ഷം രൂപയുടെ കാൻസർ കെയർ പ്ലാൻ, 15 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പ്ലാൻ എന്നീ പദ്ധതികൾ ലഭ്യമാണ്. ഇവ കൂടാതെ വാഹന ഇൻഷുറൻസ് വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് എന്നിവയും ഈ ഡ്രൈവിന്റെ ഭാഗമാണ്.
രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ സാമ്പത്തിക ശാക്തീകരണം ഉറപ്പു വരുത്തുന്നതിനായി 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാണ് അന്ത്യോദയ ശ്രമിക് സുരക്ഷാ യോജന. ഇതിലൂടെ സംസ്ഥാനത്തെ തൊഴിലുറപ്പു ഉൾപ്പെടെയുള്ള അസംഘടിത മേഖല തൊഴിലാളികളെ പൂർണമായി ഇൻഷുറൻസ് പരിരക്ഷയിൽ ഉള്പെടുത്തുവാനും ഈ കാലയളവിൽ തപാൽ വകുപ്പ് ലക്ഷ്യമിടുന്നു.
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് ഹോൾഡേഴ്സിന് മാത്രമേ മേല്പറഞ്ഞ പദ്ധതികളിൽ ചേരാൻ സാധിക്കൂ. പുതുതായി ചേരേണ്ടവർക്കു പോസ്റ്റ് ഓഫീസ്/IPPB ഏജന്റ് വഴി തത്സമയം അക്കൗണ്ട് തുറക്കാവുന്നതാണെന്ന് കോട്ടയം പോസ്റ്റ് ഓഫീസ് സീനിയർ സൂപ്രണ്ട്, സ്വാതി രത്‌ന എസ്. അറിയിച്ചു.