മുല്ലമൊട്ടു വിറ്റിരുന്ന സർക്കാർ ഉദ്യോഗസ്ഥൻ ഇന്ന് കർഷകൻ; കൃഷിയിലേക്ക് ഇറങ്ങിയത് ലാഭം കണ്ടുതന്നെ

Mail This Article
കൃഷി ലാഭകരമല്ല എന്നാണു പൊതുവേ പറയാറുള്ളതെങ്കിലും ലാഭം കണ്ടു കൃഷിയിലേക്കിറങ്ങിയതാണ് ആർ.ലാലു. ഒരു ചെടി നടുന്നതും അതിൽനിന്നു വിളവെടുക്കുന്നതും ആ ആഹ്ലാദവുമെല്ലാം കുട്ടിക്കാലത്തേ ഇഷ്ടമായിരുന്നു. കൊല്ലം പരവൂർ ബ്ലോക്ക് മരം ജംക്‌ഷനിൽ റോഡരികിലെ വീട്ടിൽ 1990 കാലഘട്ടത്തിൽ മുറ്റത്തൊരു കുറ്റിമുല്ലയായാണ് കൃഷിയോടുള്ള ഇഷ്ടം പൂത്തുവിടർന്നു തുടങ്ങിയത്. അന്ന് അദ്ദേഹം ഹൈക്കോർട്ട് അസിസ്റ്റന്റ്. ദിവസേന 4 കിലോ മുല്ലമൊട്ടു വിൽക്കുന്ന സർക്കാർ ഉദ്യോഗസ്ഥനിലെ കർഷകൻ പതിയെ കോവലിലേക്ക് ആ ഇഷ്ടം മാറ്റി നട്ടു. അധികം പരിപാലനമൊന്നും വേണ്ടാത്ത വിള. പക്ഷേ, അന്നത്തെ കാലത്തു മാസം 9000 രൂപയ്ക്കു വരെ മുല്ലപ്പൂവും കോവയ്ക്കയും വിൽക്കാനായി. ശമ്പളത്തെക്കാൾ കൂടുതൽ വരുമാനം കൃഷി നല്‍കിയ അന്ന് ഉറപ്പിച്ചതാണ്; ലാഭം തന്നെ! പിന്നീടു മുനിസിപ്പൽ സെക്രട്ടറിയായി മൂവാറ്റുപുഴയ്ക്കു മാറേണ്ടിവന്നപ്പോൾ നാട്ടിലെ കൃഷി ലാലു തൽക്കാലത്തേക്കു മാറ്റിവച്ചു. പക്ഷേ, വർഷങ്ങൾക്കിപ്പുറം 2020ൽ നഗരകാര്യ വകുപ്പിൽ ജോയിന്റ് ഡയറക്ടറായി വിരമിച്ച അദ്ദേഹത്തിനു മറ്റൊരു ജോലിയും തേടിപ്പോകേണ്ടിവന്നില്ല.
ബ്ലോക്ക് മരം ജംക്‌ഷനിൽ അരയേക്കര്‍ വീട്ടുവളപ്പുതന്നെ അതിനു തെളിവ്. ‘‘എല്ലാവരും റോഡരികിൽ വീടിനോടു ചേർന്നു സ്ഥലമുണ്ടെങ്കിൽ കടമുറിയാണു കെട്ടുക. ഞാനിവിടെ കുരുമുളക് കൃഷി ചെയ്യുന്നതു കൃഷി ലാഭം തന്നെയെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താനാണ്’’ – ലാലു പറയുന്നു. ആസ്ബസ്റ്റോസ് പൈപ്പിനുള്ളിൽ മണലും സിമന്റുമിട്ട് ഉറപ്പിച്ച് അതിൽ കുരുമുളകുവള്ളി പടർത്തിയിരിക്കുകയാണ്. എൺപതോളം പൈപ്പുകളിലാണു കൃഷി. 87 സെന്റ് വരുന്ന മറ്റൊരു സ്ഥലത്ത് പലതരം വിളകൾ. പന്തലിട്ടു പടർത്തിയിട്ടുണ്ട്, മറ്റൊരു വിള; പാഷൻ ഫ്രൂട്ട്.

അധികം പരിപാലനം വേണ്ടാത്ത വിളകൾ കൃഷി ചെയ്യുന്നതാണു ലാലുവിന്റെ ട്രേഡ് സീക്രട്ട്. വളം സ്വന്തമായി തയാറാക്കുന്നു. ജോലിയിൽനിന്നു വിരമിച്ചശേഷം ആദ്യം തുടങ്ങിയതു വാഴക്കൃഷിയാണ്. ഏത്തനും നാടൻ പൂവനും. ഏത്തൻ ലാഭകരമല്ലെന്നു കണ്ടതോടെ അതു വിട്ടു; റെഡ് ലേഡി ഇനം പപ്പായയിലേക്കു തിരിഞ്ഞു.
രാവിലെ മൂന്നരയ്ക്ക് എഴുന്നേൽക്കും. പതിവു യോഗക്ലാസിനുശേഷം നേരെ കൃഷിയിടത്തിലേക്ക്. ഭാര്യ ഗീത കൃഷിയിൽ സഹായിക്കും. യുകെയിൽ ജോലി ചെയ്യുന്ന മകൾ ഡോ. ഐശ്വര്യ ലാലും എൻജിനീയറായ മകൻ അശ്വിൻ ലാലും ടിസിഎസിൽ ജോലി ചെയ്യുന്ന മരുമകൾ ഗൗരിയും ഇവരുടെ കൃഷിതാല്‍പര്യത്തില്‍ സന്തുഷ്ടര്‍.
പൊന്നുപോലെ നോക്കണം
കുരുമുളകു കറുത്ത പൊന്നുതന്നെ. പക്ഷേ, പരിപാലനവും അങ്ങനെ വേണമെന്നു ലാലു. പരമാവധി വിളവിലേക്കെത്താന്‍ നാലാം വർഷം വരെ കാക്കണം. അത്രയും നാൾ ഓമനിച്ചുതന്നെ വളർത്തണം. വള്ളികൾക്കു പടർന്നുകയറാൻ ‘ഗ്രിപ്പ്’ കിട്ടുമെന്നതുകൊണ്ടാണ് ആസ്ബസ്റ്റോസ് പൈപ്പുകൾ തിരഞ്ഞെടുത്തത്. ചൂടു കൂടുതലായതുകൊണ്ട് വള്ളികൾ വാടാതിരിക്കാൻ പൈപ്പിനുള്ളിൽ വെള്ളമൊഴിച്ചു കൊടുക്കണം. നല്ല വെയിലിൽ ചൂടേറുമെന്നതാണു പരിമിതി. തണലിടങ്ങളിലാണെങ്കിൽ വിളവു കുറയും. പന്നിയൂർ ഇനമാണ് ആദ്യം നട്ടത്. ആദ്യം മരങ്ങളിലും തെങ്ങിലുമാണ് വള്ളികൾ പടർത്തിയിരുന്നത്. പക്ഷേ, വിളവെടുപ്പു പ്രയാസമായി. മരച്ചില്ല വെട്ടിയൊതുക്കാനും വിളവെടുക്കാനും ചെലവേറി. അതോടെ ലാഭം കുത്തനെ താഴേക്ക്. മരങ്ങളിലാകുമ്പോൾ തണൽ വീഴുന്നതു കാരണം വിളവും കുറയും. അങ്ങനെയാണു സാധാരണ പിവിസി പൈപ്പിലേക്കു മാറ്റിയത്. ഒന്നരയാൾ പൊക്കമുള്ള പൈപ്പുകളാണ് ഉപയോഗിച്ചത്. ചെടി ചുറ്റിവളർന്നു കഴിയുമ്പോൾ മുകളിലേക്കു മറ്റൊരു പൈപ്പ് ചേർത്തു കൊടുക്കും. ആസ്ബസ്റ്റോസ് പൈപ്പുകൾക്ക് 3 മീറ്റർ പൊക്കമുണ്ട്. അര മീറ്റർ താഴ്ത്തിയാണു കുഴിച്ചിടുക. പൈപ്പുകളിൽ വളർത്തുമ്പോൾ അധികം അകലമില്ലാതെ തന്നെ തൈകൾ നടാമെന്നതാണു മെച്ചം. ചൂടിന്റെ കാഠിന്യം തടയാന്‍ കുരുമുളകുവള്ളി പടർന്ന പൈപ്പുകൾക്കു മീതെ പടവലപ്പന്തലിട്ടു. പൈപ്പുകൾക്കു ചുവട്ടിൽ ചീരയും നട്ടു. ഇങ്ങനെ നട്ട ചീര വിറ്റുകിട്ടിയതു 10,000 രൂപ! പടവലവും ഭേദപ്പെട്ട വിളവു തന്നു.
പുരയിടങ്ങളിൽ കുരുമുളകു കൂടാതെ വാഴ, പപ്പായ, വിയറ്റ്നാം ഏർലി പ്ലാവ്, പീനട്ട് ബട്ടർ, പാഷൻ ഫ്രൂട്ട്, പേര, മുള്ളാത്ത, റംബുട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, സ്റ്റാർ ഫ്രൂട്ട്, വഴുതന, മുന്തിരി, പാവൽ, പടവലം, വെള്ളരി, മുളക്, തക്കാളി, കാച്ചിൽ, വെള്ള ഞാവൽ, ബയർ ആപ്പിൾ, വെള്ളച്ചാമ്പ, സപ്പോട്ട എന്നിവയും നട്ടു.
പാഷൻ ആണ് ഈ ഫ്രൂട്ട്
പാഷൻ ഫ്രൂട്ട് പലയിനങ്ങളായി 7 ചെടികള്‍. ആഴ്ചയിൽ 10–15 കിലോ വരെ വിളവെടുക്കും. ഇറ്റലിയിൽനിന്നു സുഹൃത്ത് കൊണ്ടുവന്ന ഇനത്തിൽ 9 എണ്ണം മതി ഒരു കിലോയ്ക്ക്. ഉൾക്കാമ്പും കൂടുതലാണ്. നാടനിലെ ചെറിയ ഇനമാണെങ്കിൽ 17 എങ്കിലും വേണ്ടിവരും. മധുരമേറിയ നാടനും ഇവിടെയുണ്ട്. കീടങ്ങളെ അകറ്റാൻ കായ്കളെ കവറിലാക്കും. നല്ലതു മാത്രം തിരഞ്ഞെടുത്താണു വിൽപന. അണ്ണാനും മറ്റും കഴിക്കാനായി കവറിടാത്തവയുമുണ്ട്. തൈകൾ പതിവച്ചെടുക്കുകയാ ണു ചെയ്യുന്നത്.
കായ്ച്ചു തുടങ്ങി ഡ്രാഗൺ
ഡ്രാഗൺ ഫ്രൂട്ട് നട്ടിട്ട് ഒരു വർഷമാകുന്നതേയുള്ളൂ. 3 എണ്ണം കായ്ച്ചു. 30 മൂടാണുള്ളത്. കല്ലുകെട്ടി കോൺക്രീറ്റ് ചെയ്ത് അതിലാണു കൃഷി. ഇതു വ്യാപിപ്പിക്കാനായി കോൺക്രീറ്റ് തൂണുകളും കെട്ടിക്കഴിഞ്ഞു.
ലാഭം കോവൽ
വലിയ പരിചരണം വേണ്ടാത്ത കോവൽ പക്ഷേ വിളവു തരുന്നതിൽ പിശുക്കാറില്ലെന്നു ലാലു. ആഴ്ചയിൽ 30 കിലോയെങ്കിലും കിട്ടും. സീസൺ ആണെങ്കിൽപോലും കിലോയ്ക്ക് 25–30 രൂപ ഉറപ്പ്.
മഴവെള്ള സംഭരണി മീൻകുളം
വീടിനോടു ചേർന്ന് 25,000 ലീറ്റർ വെള്ളം കൊള്ളുന്ന മഴവെള്ള സംഭരണി. അതു മീൻകുളമാക്കി മാറ്റി. തിലാപ്പിയയും കാർപ്പിനെയുമാണു വളർത്തുന്നത്. തിലാപ്പിയയുടെ കുഞ്ഞുങ്ങളെ കാർപ് ശാപ്പിടുമെന്നതാണു ഹൈലൈറ്റ്. മോട്ടറടിച്ചു ജലനിരപ്പു കുറച്ച ശേഷമാണു വിളവെടുപ്പ്. മുന്‍കൂട്ടി ഓർഡർ എടുക്കും. വീട്ടാവശ്യത്തിനുമെടുക്കും. മീൻകുളത്തിലെ വെള്ളമാണ് കൃഷിക്കു നനയ്ക്കാനെടുക്കുന്നത്. ഇതു വളത്തിന്റെ ഗുണവും ചെയ്യും.
വിൽപന
എല്ലാ ആഴ്ചയിലും തിങ്കളും വെള്ളിയുമാണു വിളവെടുപ്പ്. ചാത്തന്നൂര്‍, കല്ലുവാതുക്കല്‍ വിപണികളില്‍ വില്‍ക്കും.
പുഷ്പകൃഷി
അഡീനിയം ഗ്രാഫ്റ്റ് ചെയ്തു തൈകൾ വിൽക്കുന്നുണ്ട് അദ്ദേഹം. എത്ര നിറങ്ങളിലെ പൂക്കൾ എന്നത് അനുസരിച്ചാണു വില.
ജൈവവളം
വീടിനോടു ചേർന്നുള്ള പഴക്കടയിലെ അവശിഷ്ടങ്ങൾ മുതൽ വീട്ടിലെ അടുക്കള വേസ്റ്റും പറമ്പിലെ പുല്ലുമെല്ലാം ചേർത്തു മണ്ണിര കംപോസ്റ്റ് തയാറാക്കുന്നു. മെഷ് 3 മീറ്റർ പൊക്കത്തിൽ വലിയ വീപ്പ പോലെ ചുറ്റിവളച്ച് അതിലാണു വളമൊരുക്കുന്നത്. മീൻ ചത്താൽ അതും ഇതിലിടും.
ചില നഷ്ടങ്ങൾ
ആട്, കോഴി, താറാവ് എന്നിവയെ മുന്‍പു വളർത്തിയിരുന്നു. വീട്ടിൽ വളർത്തുന്ന ബ്രൂണോ എന്ന ലാബ്രഡോർ നായയെപ്പോലും കെട്ടിയിട്ടു വളർത്താത്ത അദ്ദേഹം ആടുകളെയും പറമ്പിൽ വേലി കെട്ടി അഴിച്ചുവിട്ടാണു വളർത്തിയിരുന്നത്. പക്ഷേ, ഓടിനടന്നു വിളകൾ നശിപ്പിച്ചുതുടങ്ങിയതോ ടെ അതു നിര്‍ത്തി.
ഡ്രിപ് ഇറിഗേഷനായി പൈപ്പുകളും മറ്റും ഇട്ടെങ്കിലും തെരുവുനായ്ക്കൾ അതെല്ലാം കടിച്ചുമുറിച്ചതു മറ്റൊരു സങ്കടം. ഇപ്പോൾ വീട്ടുകിണറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ഇക്കൊല്ലം കാലാവസ്ഥമാറ്റം കാരണം റംബുട്ടാനു വിളവു കുറവായിരുന്നെന്നും അദ്ദേഹം പറയുന്നു. ചിലപ്പോള്‍ വിപണിയിൽ പാളയംകോടൻ പഴത്തിനു കിലോയ്ക്ക് 10 രൂപയേ കിട്ടൂ. പ്രമേഹരോഗികൾക്ക് ഉപകാരപ്പെടുന്ന സ്റ്റാർ ഫ്രൂട്ടിനും വില വളരെ തുച്ഛമാണ്. ഇതൊക്കെ കൃഷിയുടെ ഭാഗമാണെന്നു സമാധാനിക്കുന്നു അദ്ദേഹം.
ഫോൺ: 9447638886