റിയാലിന് പുതിയ ചിഹ്നം പ്രഖ്യാപിച്ച് സൗദി

Mail This Article
റിയാദ് ∙ സൗദി റിയാലിന് പുതിയ ചിഹ്നം പ്രഖ്യാപിച്ച് സൗദി അറേബ്യ. ദേശീയ കറൻസിയുടെ ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ ചിഹ്നം അവതരിപ്പിച്ചത്. അറബിക് കാലിഗ്രാഫിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള ഒരു രൂപകൽപ്പനയാണ് ചിഹ്നത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
പുതിയ ചിഹ്നം പുറത്തിറക്കിയ വേളയിൽ, സെൻട്രൽ ബാങ്ക് ഗവർണർ അയ്മാൻ അൽ സയാരി, രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിനും കിരീടാവകാശിക്കും നന്ദി അറിയിച്ചു. റിയാൽ ചിഹ്നം പ്രാദേശിക, രാജ്യാന്തര തലങ്ങളിൽ രാജ്യത്തിന്റെ സാമ്പത്തിക ഐഡന്റിറ്റിക്ക് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിഹ്നം ഉടൻ തന്നെ ഉപയോഗത്തിൽ വരുത്തുമെന്നും സാമ്പത്തിക, വാണിജ്യ ഇടപാടുകളിൽ ഇത് ക്രമേണ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ സ്വത്വത്തിലും സാംസ്കാരിക ബന്ധത്തിലും അഭിമാനം വളർത്തുക, സൗദി റിയാലിന്റെ പദവി ഉയർത്തിക്കാട്ടുക, ആഗോള സമ്പദ്‌വ്യവസ്ഥയിൽ രാജ്യത്തിന്റെ സ്ഥാനം തെളിയിക്കുക എന്നിവയാണ് ചിഹ്നത്തിന്റെ ലക്ഷ്യങ്ങൾ.