റമസാൻ: വരവേൽക്കാനൊരുങ്ങി യുഎഇ; അറിയണം ഈ 5 കാര്യങ്ങൾ, നിയമം പാലിച്ചില്ലെങ്കിൽ വൻ പിഴയും ശിക്ഷയും

Mail This Article
ദുബായ് ∙ പുണ്യമാസമായ റമസാന്‍ ആരംഭിക്കാനിരിക്കുകയാണ്. വ്രതശുദ്ധിയുടെ നാളുകള്‍ സമാഗതമാകുമ്പോള്‍ യുഎഇ ഉള്‍പ്പടെയുളള രാജ്യങ്ങളിലെ വിശ്വാസികളുടെ മനസ്സും ശരീരവും റമസാനെ സ്വീകരിക്കാനുളള തയാറെടുപ്പിലാണ്. വ്യക്തികളെന്ന നിലയില്‍ കാത്തുസൂക്ഷിക്കേണ്ട വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പുറമെ പുണ്യമാസത്തില്‍ യുഎഇയിലെ താമസക്കാരും സന്ദർശകരും അറിഞ്ഞിരിക്കേണ്ട സാമൂഹികവും നിയമപരവുമായ വശങ്ങളുമുണ്ട്. വിവിധ വിശ്വാസങ്ങള്‍ പിന്തുടരുന്ന വിവിധ രാജ്യക്കാരുളള യുഎഇയില്‍ ഇസ്‌ലാം മതവിശ്വാസികളായവരും അല്ലാത്തവരും ഇക്കാര്യങ്ങള്‍ നിർബന്ധമായും അറിഞ്ഞിരിക്കണം.
1. ദാനധർമങ്ങള്‍ വിശ്വസനീയമായ കേന്ദ്രങ്ങളിലൂടെ മാത്രം
വലിയ തോതില്‍ ജീവകാരുണ്യപ്രവർത്തനങ്ങള്‍, പ്രത്യേകിച്ചും ദാനധർമങ്ങള്‍ നടക്കുന്ന മാസം കൂടിയാണ് റമസാന്‍. സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പടെയുളളവയിലൂടെ പലപ്പോഴും സംഭാവനകള്‍ അഭ്യർഥിക്കുന്ന പരസ്യങ്ങളും ക്യാംപെയിനുകളും പ്രത്യക്ഷപ്പെടാറുണ്ട്. ലൈസന്‍സില്ലാത്തും വിശ്വസനീയമല്ലാത്തതുമായ ഇത്തരം പ്രചാരണങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണമെന്നും രാജ്യത്തെ ഔദ്യോഗികമായതും വിശ്വസനീയമായതുമായ കേന്ദ്രങ്ങളിലൂടെ മാത്രം സംഭാവനകള്‍ നൽകണമെന്നും അധികൃതർ ഓർമിപ്പിച്ചു.
വ്യക്തിപരമായി ബന്ധുക്കളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ പണമിടപാടുകള്‍ നടത്തി ചാരിറ്റബിള്‍ ഓർഗനൈസേഷനുകള്‍ക്ക് കൈമാറുന്ന പ്രവണതയും അരുത്. ഔദ്യോഗികമായ അല്ലെങ്കില്‍ ലൈസന്‍സുളള സ്ഥാപനങ്ങള്‍ വഴിയാകണം ധനസഹായം, ഭക്ഷണം നല്‍കല്‍, ആവശ്യക്കാരെ സഹായിക്കല്‍ ഉള്‍പ്പടെയുളള ജീവകാരുണ്യ പ്രവർത്തനങ്ങള്‍ നടത്തേണ്ടത്. പള്ളികളിൽ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നത് സംബന്ധിച്ച് പ്രത്യേക നിയമങ്ങളൊന്നുമില്ലെങ്കിലും, ലൈസൻസുള്ള പ്ലാറ്റ്‌ഫോമുകൾ വഴി സംഭാവന നൽകുന്നതാണ് ഉചിതം. ദുബായ് ചാരിറ്റി അസോസിയേഷന്‍, ബെയ്ത് അല്‍ ഖൈർ സൊസൈറ്റി, ദാർ അല്‍ ബേർ സൊസൈറ്റി, റെഡ് ക്രെസന്റ് തുടങ്ങിയവയിലൂടെ ആവശ്യക്കാർക്ക് ഭക്ഷണമെത്തിക്കുന്ന പ്രവർത്തനങ്ങളില്‍ പങ്കാളികളാകാം.

2. അനധികൃത ഫണ്ട് ശേഖരണം അരുത്
യുഎഇ നിയമം അനുസരിച്ച് സംഭാവനയെന്ന രീതിയില്‍ പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് ശേഖരിക്കുന്നത് കുറ്റകരമാണ്. ഇത് ലംഘിക്കുന്നവർക്ക് 150,000 മുതല്‍ 300,000 ദിർഹം വരെ പിഴ കിട്ടും, കൂടാതെ ശേഖരിച്ച പണം കോടതി കണ്ടുകെട്ടുകയും ചെയ്യും. എന്നിരുന്നാല്‍ തന്നെയും കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ അടുത്ത് പരിചയമുളള നിർധനരെയോ സഹായിക്കുന്നതിനായി ഫണ്ട് ശേഖരിക്കുന്നതില്‍ തെറ്റില്ലെന്നും സാമൂഹിക വികസനമന്ത്രാലയം വ്യക്തമാക്കുന്നു. ഫണ്ട് ശേഖരണം അനുവദനീയമായ പരിധിക്കുളളിലായിരിക്കണമെന്നതും ലൈസന്‍സുളള സംഘടനകളുടെ പ്രവർത്തന നിലവാരത്തിലായിരിക്കരുത് എന്നതും നിബന്ധനയാണ്.
3. ക്രമരഹിത പാർക്കിങ്, പിഴ കിട്ടും
ക്രമരഹിതമായി വാഹനം പാർക്ക് ചെയ്യുന്നതും കുറ്റകരമാണ്. പ്രത്യേകിച്ചും തറാവീഹ് പ്രാർഥനകളിലും റമസാനിലെ അവസാന പത്ത് ദിവസങ്ങളിലും പളളികള്‍ക്ക് സമീപം ക്രമരഹിതമായി വാഹനം പാർക്ക് ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റ് യാത്രാക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ വാഹനം പാർക്ക് ചെയ്താല്‍ അബുദാബിയില്‍ 500 ദിർഹമാണ് പിഴ. ദുബായ് പൊലീസും ക്രമരഹിത പാർക്കിങ് പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രാർഥന സമയങ്ങളില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ വാഹനം പാർക്ക് ചെയ്യുന്നത് ഗതാഗത കുരുക്കിന് ഇടയാക്കും. നിയമലംഘകരെ കണ്ടെത്താന്‍ പ്രത്യേക പട്രോളിങ് ഉണ്ടാകും.

4. ഭിക്ഷാടനം നിയമവിരുദ്ധം
യുഎഇയില്‍ ഭിക്ഷാടനം നിയമവിരുദ്ധമാണ്. ഭിക്ഷതേടുന്നതും അവരെ പ്രോത്സാഹിപ്പിക്കുന്നതും കുറ്റകരമാണെന്ന് അധികൃതർ ഓർമിപ്പിച്ചു. ഭിക്ഷാടനത്തിന് 5000 ദിർഹമാണ് കുറഞ്ഞ പിഴ. 3 മാസം ജയില്‍ ശിക്ഷയും കിട്ടും. സംഘടിത ഭിക്ഷാടനം നടത്തുന്നവർക്ക് 100,000 ദിർഹം പിഴയും ആറ് മാസത്തില്‍ കുറയാത്ത ജയില്‍ ശിക്ഷയും കിട്ടും. അതേസമയം തന്നെ കുറ്റകൃത്യത്തിന്റെ വ്യാപ്തിയും സാഹചര്യവും അനുസരിച്ച് ഇത് 500,000 ദിർഹം വരെയാകാം. സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെയുളള സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി അനധികൃതമായി ഫണ്ട് ശേഖരണം അഥവാ ഹൈടെക് ഭിക്ഷാടനം നടത്തുന്നവർക്ക് 250,000 ദിർഹം മുതല്‍ 500,000 ദിർഹം വരെയാണ് പിഴ. ഭിക്ഷാടനം പ്രോത്സാഹിപ്പിക്കരുതെന്നും ആവശ്യക്കാരെ സഹായിക്കുന്നതിന് ലൈസൻസുള്ള പ്ലാറ്റ്‌ഫോമുകൾ വഴി സംഭാവന നൽകണമെന്നും ഭിക്ഷാടകരെ കുറിച്ച് അധികൃതർക്ക് വിവരം നല്‍കണമെന്നും അധികൃതർ അഭ്യർഥിച്ചു.
5. സന്നദ്ധസേവനം
സന്നദ്ധസേവനം നടത്തുന്നതിന് യുഎഇയില്‍ തടസ്സങ്ങളില്ല. എന്നാല്‍ അംഗീകാരമുളള സംഘടനകള്‍ വഴിയാകണം സന്നദ്ധ സേവനപ്രവർത്തനങ്ങള്‍ നടത്തേണ്ടത്. നിയമലംഘകർക്ക് 10,000 ദിർഹം മുതല്‍ 100,000 വരെയാണ് പിഴ കിട്ടുക. സന്നദ്ധ സേവനത്തിനിടെ ലഭിച്ച വിവരങ്ങള്‍ പുറത്തുവിടുന്നത് നിയമവിരുദ്ധമാണ്. ഇത് ലംഘിക്കുന്നവർക്ക് 30,000 ദിർഹം വരെ പിഴ കിട്ടും. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സന്നദ്ധസേവനവുമായി ബന്ധപ്പെട്ട് ഫണ്ട് ശേഖരിച്ചാല്‍ 50,000 ദിർഹം വരെ പിഴ കിട്ടും.
മനസ്സുകൊണ്ട് ഐക്യപ്പെടാം
എല്ലാ വിശ്വാസങ്ങളെയും മതങ്ങളേയും ഒരുപോലെ ബഹുമാനിക്കുന്ന രാജ്യമാണ് യുഎഇ. റമസാനില്‍ വിശ്വാസികള്‍ വ്രതമനുഷ്ഠിക്കുമ്പോള്‍ മനസ്സുകൊണ്ട് ഐക്യപ്പെടുകയെന്നുളളത് പ്രധാനമാണ്.
∙ നിയമപരമായ തടസ്സങ്ങളിലെങ്കിലും പുണ്യമാസത്തില്‍ പാലിക്കേണ്ട ചില അടിസ്ഥാന മര്യാദകള്‍ ഇവയാണ്.
∙ മറ്റുളളവർക്ക് ശല്യമാകുന്ന തരത്തില്‍ പൊതുസ്ഥലങ്ങളില്‍ വലിയ ശബ്ദത്തില്‍ പാട്ടുവയ്ക്കുന്നതും നൃത്തമാടുന്നതും ഒഴിവാക്കാം.
∙ ആക്രമണോത്സുകമായ പ്രവൃത്തികളോ ആക്രോശങ്ങളോ പാടില്ല.
∙ പൊതുസ്ഥലങ്ങളില്‍ അനുചിത വസ്ത്രധാരണം ഒഴിവാക്കാം.
∙ അസഭ്യം പറയുന്നത് അധികകുറ്റകൃത്യമാണ്.
∙ റമസാനില്‍ നല്‍കുന്ന സമ്മാനങ്ങളോ ഇഫ്താറിൽ പങ്കെടുക്കാനുളള ക്ഷണമോ നിരസിക്കാതിരിക്കുന്നതാണ് ഉചിതം.