ഹൃദയാഘാതം: പ്രവാസി മലയാളി ദമാമിൽ അന്തരിച്ചു; വിടപറഞ്ഞത് സാമൂഹിക, സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യം

Mail This Article
ദമാം ∙ രണ്ടു പതിറ്റാണ്ടായി പ്രവാസിയായ ഒഐസിസി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ഷിബു ജോയ് (46) ദമാമിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. കൊല്ലം ജില്ലയിലെ ചിറ്റുമല സ്വദേശി, കരീംതോട്ടുവ, ഷിബു ജോയ് ദമാം വെസ്കോസ കമ്പനി ജീവനക്കാരനാണ്. ഇന്ന് രാവിലെ ജോലി സ്ഥലത്ത് വച്ച് അസ്വസ്ഥതയനുഭവപ്പെട്ടതിനെ തുടർന്ന ദമാം തദാവി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
ഷിബു ജോയുടെ ആകസ്മിക വിയോഗ വാർത്ത സഹപ്രവർത്തകർക്കിടയിൽ ദുഃഖം പരത്തി. മരണ വിവരമറിഞ്ഞ് ഒഐസിസി നേതാക്കൾ ആശുപത്രിയിലെത്തി. ദമാമിലെ ഒഐസിസിയുടെ രൂപീകരണ കാലം മുതൽ സംഘടനാ പ്രവർത്തനത്തിൽ സജീവമായിരുന്ന ഷിബു ജോയ് സൈബർ ഇടങ്ങളിൽ ഒഐസിസിയുടെ മുഖവും സാമൂഹിക, സാംസ്കാരിക രംഗത്തും സജീവമായിരുന്നു. ഭാര്യ സോണി , രണ്ട്മക്കളുണ്ട്.
നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം സഹായവുമായി രംഗത്തുണ്ട്. ഷിബു ജോയുടെ മരണത്തിൽ ദമാം കൊല്ലം ജില്ലാ ഒഐസിസി കമ്മിറ്റി അനുശോചനവും രേഖപ്പെടുത്തി. മികച്ച ഒരു സംഘടനാ പ്രവർത്തകനേയും ജനാധിപത്യ മൂല്യങ്ങൾക്ക് വേണ്ടി ശബ്ദിക്കുകയും പ്രതിരോധം തീർക്കുകയും ചെയ്ത കോൺഗ്രസ് പ്രവർത്തകന്റെ നഷ്ടമാൺ ഷിബു ജോയിയുടെ മരണമെന്ന് കൊല്ലം ജില്ലാ ഒഐസിസി കമ്മിറ്റി അനുശോചന സന്ദേശത്തിൽ അറിയിച്ചു.