ADVERTISEMENT

അബുദാബി ∙ ഇതെന്റെ അവസാനത്തെ ഫോൺ കോളായിരിക്കാം. വൈകാതെ വധ ശിക്ഷ നടപ്പിലാക്കുമെന്നാണ് അധികൃതർ പറയുന്നത്. കഴിയുമെങ്കിൽ എന്നെ രക്ഷിക്കൂ- അബുദാബിയിൽ വധശിക്ഷ കാത്ത് കഴിയുന്ന ഇന്ത്യൻ യുവതിയുടേതാണ് ഞെട്ടലുളവാക്കുന്ന ഈ അപേക്ഷ. അബുദാബിയിൽ വധശിക്ഷ വിധിക്കപ്പെട്ടതിന് പിന്നാലെ നാട്ടിലെ കുടുംബത്തോട് അവസാനമായി സംസാരിക്കുകയായിരുന്നു യുപി സ്വദേശി ഷഹ്‌സാദി (33). ഇന്ത്യൻ ദമ്പതികളുടെ കുട്ടി മരിച്ചതിനെ തുടർന്ന് അവർ നൽകിയ കേസിലാണ് വീട്ടുജോലിക്കാരിയായിരുന്ന ഷഹ്സാദിക്കെതിരെ അബുദാബി കോടതി വധശിക്ഷ വിധിച്ചത്.

അബുദാബിയിലെ അല്‍ വത്ബ ജയിലില്‍ കഴിയുകയാണ് ഷഹ്‌സാദി. അവസാന ആഗ്രഹമെന്ന നിലയിലാണ് വീട്ടിലേക്ക് വിളിച്ച് കുടുംബത്തോട് സംസാരിക്കാന്‍ ജയില്‍ അധികൃതര്‍ ഷഹ്‌സാദിയെ അനുവദിച്ചത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ഷഹ്‌സാദി ഇത് തന്റെ അവസാന ഫോണ്‍ കോള്‍ ആയിരിക്കുമെന്നും പറഞ്ഞു.

∙ സൗദിയിലെ അബ്ദുൽ റഹീമിന് സമാനമായ കേസ്
സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി അബ്ദുൽ റഹീമിന്റെ കേസിന് സമാനമാണ് ഷഹ്സാദിയയുടെ സംഭവം. ഉത്തർപ്രദേശ് മതാവുന്ദ് ഗൊയ്റ മുഗളായി ബാന്ദ സ്വദേശിയാണ് ഷഹ്‌സാദി. 2021ലാണ് ഇവര്‍ അബുദാബിയിലെത്തിയത്. നാട്ടിൽ ഉസൈര്‍ എന്നയാളുമായി പരിചയത്തിലായ ഇവരെ അയാൾ ആഗ്ര സ്വദേശികളായ ദമ്പതികള്‍ക്ക് വിൽക്കുകയായിരുന്നു. അവരാണ് ഷഹ്‌സാദിയെ അബുദാബിയിലെത്തിച്ചത്.  ബാന്ദ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം ഈ ദമ്പതികള്‍ക്കും ഉസൈറിനും ഇയാളുടെ അമ്മാവൻ ഫൈസ്, ഭാര്യ നസിയ, മാതാവ് അഞ്ജും സഹാന എന്നിവർക്കെതിരെ അധികൃതര്‍ മനുഷ്യക്കടത്ത് ആരോപിച്ച് കേസെടുത്തു. ഇവർ നിലവില്‍ ദുബായിലാണുള്ളത്. 

∙ കുട്ടി മരിച്ചു, ഷഹ്സാദിയുടെ ജീവിതം അപകടത്തിലായി
ദമ്പതികളുടെ നാല് മാസം പ്രായമുള്ള മകനെ നോക്കാനായിരുന്നു ഷഹ്‌സാദിയെ ഇവര്‍ അബുദാബിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍  കുട്ടിയുടെ അപ്രതീക്ഷിത മരണത്തോടെ ഷഹ്‌സാദിയുടെ ജീവിതം പ്രതിസന്ധിയിലായി. മകന്റെ മരണത്തിന് ഉത്തരവാദി ഷഹ്‌സാദിയാണെന്ന് ആരോപിച്ച് ഫൈസും നസിയയും പരാതി നല്‍കിയതോടെയാണിത്. തുടര്‍ന്ന് പൊലീസ് ഷഹ്‌സാദിയെ അറസ്റ്റ് ചെയ്യുകയും അബുദാബി കോടതി ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.

കോടതിവിധിക്ക് പിന്നാലെ ഷഹ്‌സാദിയുടെ പിതാവ് ഷബ്ബിർ ഖാന്‍ ജില്ലാ ഭരണകൂടത്തെയും ഉന്നത ഉദ്യോഗസ്ഥരെയും കണ്ടു. തന്റെ മകളുടെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്ന് അദ്ദേഹം അഭ്യ‍ർഥിച്ചു. എന്നാൽ ഇക്കാര്യത്തിൽ യാതൊരു നടപടിയുമുണ്ടായില്ല.

∙ മുഖത്ത് പൊള്ളലേറ്റു, കുട്ടിക്കാലം മുതൽ ജീവിതം ദുരിതപൂർണം 
കുട്ടിക്കാലം മുതല്‍ ദുരിതപൂര്‍ണമായ ജീവിതം നയിച്ചയാളാണ് ഷഹ്‌സാദി. ചെറിയപ്രായത്തില്‍ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പൊള്ളലേറ്റ് ഇവരുടെ മുഖത്ത് പരുക്കേറ്റിരുന്നു. കോവിഡ്19 കാലത്ത് റോട്ടി ബാങ്ക് ഓഫ് ബാന്ദയിൽ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കെ ആഗ്ര സ്വദേശിയായ ഉസൈറുമായി സമൂഹമാധ്യമത്തിലൂടെ ഷഹ്‌സാദി പരിചയത്തിലായി. 

മുഖത്തെ പരുക്കുകൾ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമെന്നും മികച്ച ഭാവി ജീവിതം സാധ്യമാകുമെന്നും ഇയാള്‍ ഷഹ്‌സാദിയ്ക്ക് ഉറപ്പുനല്‍കി. ഇത് വിശ്വസിച്ചാണ് ഗ്രാമത്തിൽ നിന്ന് ഷഹ്സാദി ആഗ്രയിലേക്ക് എത്തിയത്. മുഖത്തെ പരുക്ക് ചികിത്സിക്കാമെന്ന ഉറപ്പിൽ 2021 നവംബറിൽ അബുദാബിയിലെത്തിച്ച ഷഹ്‌സാദിയെ ഉസൈര്‍ തന്റെ ബന്ധുക്കളായ ഫൈസ്-നദിയ എന്നീ ദമ്പതികൾക്ക് കൈമാറി. ഇതിനിടെയാണ് ദമ്പതികളുടെ കുട്ടി മരിച്ചത്. ഇതിന് കാരണം ഷഹ്സാദിയയാണെന്ന് ആരോപിച്ചു. എന്നാൽ ചികിത്സ കിട്ടാത്തതിനെത്തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്ന് ഷഹ്‌സാദിയും പിതാവും വാദിച്ചു. ഇവർ മാതാവുന്ദി പൊലീസ് സ്റ്റേഷനിൽ 2024 ജൂലൈ 15ന് പരാതി നകിയെങ്കിലും സബ് ഇൻസ്പെക്ടർ മുഹമ്മദ് അക്രം യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ഷബ്ബിർ പരാതിപ്പെട്ടു. യുഎഇയിൽ നടന്ന കേസായതുകൊണ്ട് നടപടി സാധ്യമല്ലെന്നായിരുന്നു മുഹമ്മദ് അക്രമിന്റെ നിലപാട്.  പിന്നാലെ കേസ് പരിഗണിച്ച അബുദാബികോടതി 2023ൽ ഷഹ്‌സാദിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

∙ അവസാന പ്രതീക്ഷ ഇന്ത്യൻ അധികൃതർ
ഈ മാസം 16ന് ഷഹ്‌സാദിയുടെ കുടുംബത്തെത്തേടി ദുബായില്‍ നിന്ന് ഫോണ്‍ കോളെത്തിയതോടെയാണ് സംഭവം വീണ്ടും സജീവമായത്. താന്‍ ഇപ്പോള്‍ ഏകാന്ത തടവിലാണെന്നും 24 മണിക്കൂറിനുള്ളില്‍ തന്റെ വധശിക്ഷ നടപ്പാക്കുമെന്ന് ജയിലധികൃതര്‍ പറഞ്ഞുവെന്നും ഷഹ്‌സാദി കുടുംബത്തോട് പറഞ്ഞു. തന്റെ അവസാന ആഗ്രഹമെന്ന നിലയിലാണ് കുടുംബത്തോട് സംസാരിക്കാന്‍ അധികൃതര്‍ അനുവദിച്ചതെന്നും വ്യക്തമാക്കി. അതേസമയം ഈ ഫോണ്‍കോളിന് പിന്നാലെ മകളുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഷഹ്‌സാദിയുടെ കുടുംബം ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അപേക്ഷ സമർപ്പിച്ചു. കൂടാതെ, അബുദാബി ഇന്ത്യൻ എംബസിയിലും ഇതുസംബന്ധമായി അപേക്ഷ നൽകിയിട്ടുണ്ട്.

∙ സൗദിയിലെ അബ്ദുൽ റഹീമിന്ർ്റെ കേസ്
വർഷങ്ങൾക്ക് മുൻപ് സൗദിയിലെത്തിയ അബ്ദുൽ റഹീം ജോലിക്ക് കയറി 28 ദിവസം കഴിഞ്ഞപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്വദേശി വീട്ടിലെ ഡ്രൈവറായ അബ്ദുൽ റഹീം ചലന ശേഷിയില്ലാത്ത 15 വയസ്സുകാരനായ അനസ് അൽ ഷഹ് രി എന്ന കുട്ടിയുമായി കാറിൽ പോകുമ്പോൾ കുട്ടിയുടെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ശ്വസനയന്ത്രം അബദ്ധത്തിൽ കൈ തട്ടി നീങ്ങുകയും കുട്ടി ശ്വാസം കിട്ടാതെ മരിക്കുകയുമായിരുന്നു. പക്ഷേ, ശക്തമായ നിയമവ്യവസ്ഥയുള്ള സൗദിയിൽ കോടതി വധശിക്ഷ വിധിച്ചു. പിന്നീട് മരിച്ച കുട്ടിയുടെ രക്ഷിതാക്കൾക്ക് 34 കോടി രൂപ ബ്ലഡ് മണി (ദയാധനം) നൽകിയാൽ വധശിക്ഷയിൽ നിന്ന് ഒഴിക്കാമെന്നും കോടതി പറഞ്ഞു. തുടർന്നായിരുന്നു മലയാളികൾ ഒത്തൊരുമയോടെ കൈകോർത്ത് ഇത്രയും വലിയ സംഖ്യ സ്വരൂപിച്ചത്. എന്നാൽ  മോചനം ഇനിയും യാഥാർഥ്യമായിട്ടില്ല.

English Summary:

'This could be my last phone call, death sentence will be carried out soon' says Indian woman awaiting death row in Abu Dhabi

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com