കാണാതായത് മൂന്നാം വയസ്സിൽ; തിരികെ വന്നത് മറ്റൊരു യുവതി, ബ്രിസ്റ്റോൾ വിമാനത്താവളത്തിൽ നാടകീയ അറസ്റ്റ്

Mail This Article
ലണ്ടൻ ∙ 2007ൽ പോർച്ചുഗലിലെ പ്രായാ ഡ ലൂസിൽ അവധി ആഘോഷിക്കുന്നതിനിടെ കാണാതായ മൂന്ന് വയസ്സുള്ള മാഡലീൻ മക്‌കാനെയുടെ തിരോധാനം വീണ്ടും രാജ്യാന്തര മാധ്യമങ്ങളിൽ വലിയ തോതിൽ ശ്രദ്ധനേടുകയാണ്. മാഡലീൻ ആണെന്ന അവകാശപ്പെട്ട് ആൾമാറാട്ടം നടത്തിയ യുവതിയെ ബ്രിസ്റ്റോൾ എയർപോർട്ടിൽ വച്ച് അറസ്റ്റ് ചെയ്തതോടെയാണ് സംഭവം വീണ്ടും ചർച്ചയാകുന്നത്.
ആൾമാറാട്ടത്തിന്റെ പേരിൽ ജൂലിയ വാണ്ടെൽ (23) എന്ന പോളീഷ് യുവതിയാണ് പൊലീസ് പിടിയിലായത്. മാഡലീന്റെ മാതാപിതാക്കളായ കേറ്റ്, ജെറി മക്‌കാൻ എന്നിവരെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ കേസിലാണ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മാഡലീന്റെ തിരോധാനവുമായി ബന്ധപ്പെട്ട ക്രൈം സീനിൽനിന്ന് ലഭിച്ച ഡിഎൻഎയുമായി തന്റെ ഡിഎൻഎ സാംപിളിന് സാമ്യമുണ്ടെന്ന് വിദഗ്ദ്ധ പരിശോധനയിൽ തെളിഞ്ഞതായി ജൂലിയ വാദിക്കുന്നു. ഇക്കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ജൂലിയ @IAmMadeleineMcCann എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടും ഉപയോഗിച്ചുണ്ട്. 2023 ഫെബ്രുവരിയിലാണ് ജൂലിയ ഈ വാദവുമായി പരസ്യമായി രംഗത്ത് വന്നത്.
ഡോ. ഫിൽ എന്ന യുഎസ് ടോക്ക് ഷോയിലും ജൂലിയ ഈ അവകാശവാദം ഉന്നിയിച്ചിട്ടുണ്ട്. തന്റെ കണ്ണുകളും പല്ലുകളും ശബ്ദവും മാഡലീനുമായി സാമ്യമുണ്ടെന്നും ജൂലിയ പറയുന്നു. മാഡലീന്റെ മാതാപിതാക്കളായ കേറ്റ് ജെറി എന്നിവർ തന്റെ ഡിഎൻഎ പരിശോധനയിൽ സഹകരിക്കുന്നില്ലെന്ന് ജൂലിയ ആരോപിക്കുന്നു.