ഡോക്ടർ രോഗിയായി, തന്റെ ബുദ്ധി ചാരന്മാർ നിയന്ത്രിക്കുന്നുവെന്ന് സംശയം; സൈക്യാട്രിസ്റ്റിന്റെ ചികിത്സാനുഭവങ്ങൾ

Mail This Article
ജേഷ്ഠനോടൊപ്പം എന്നെ കാണാൻ വന്ന സുരേഷിന്റെ കണ്ണുകളിൽ ആശങ്കയും ഭയവും നിഴലിച്ചിരുന്നു. ഒരു കറുത്ത കുട അയാൾ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു. ജേഷ്ഠനാണ് സംസാരിച്ചു തുടങ്ങിയത്.
സുരേഷ് പഠിക്കുമ്പോൾ അതിസമർത്ഥനായിരുന്നു. നാട്ടുകാർക്കും വീട്ടുകാർക്കും അഭിമാനം തോന്നത്തക്കവിധം അവൻ സ്കൂൾപഠനം പൂർത്തിയാക്കി ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചേർന്ന് ബിരുദാനന്തര ബിരുദം നേടി. നാട്ടിൽ കുറച്ചുനാൾ ജോലി ചെയ്തു. അതിനു ശേഷം ഗൾഫിൽ നല്ല നിലയിൽ ജോലി ചെയ്തുകൊണ്ടിരിക്കവെയാണ് സുരേഷില്‍ മാറ്റം കണ്ടു തുടങ്ങിയത്.
എപ്പോഴും ചിന്തിച്ചിരിക്കുന്ന അദ്ദേഹം ഒരു കറുത്ത കുട അദ്ദേഹത്തിന്റെ സന്തതസഹചാരിയാക്കി മാറ്റി. ജോലി സ്ഥലത്ത് പോലും ഇടയ്ക്ക് കുട ചൂടിയിരിക്കുന്ന അവസ്ഥ. സ്വാഭാവികമായും ഈ പ്രവൃത്തി ജോലി നഷ്ടപ്പെടുന്നത്തിലേക്കും കുടുംബജീവിതം ശിഥിലമാവുന്ന അവസ്ഥയിലേക്കും കൊണ്ടുചെന്നെത്തിച്ചു.
വളരെ സമർഥനായ തന്റെ ബുദ്ധി പാക്കിസ്ഥാൻ ചാരൻമാർ തരംഗങ്ങൾ വഴി നിയന്ത്രിക്കുന്നതായി അയാൾക്ക് തോന്നിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഈ തരംഗങ്ങൾ പുറപ്പെടുവിക്കുന്നതിന് അയാളുടെ തലച്ചോറിൽ ചിപ്പ് ഘടിപ്പിക്കുകയും അത് റിമോട്ട് കൺട്രോളർ വഴി പാക്കിസ്ഥാനിൽ നിന്ന് നിയന്ത്രിക്കുകയും ചെയ്യുന്നത്രെ. കറുത്ത കുട ഉപയോഗിച്ചാൽ ഇതിനെ മറികടക്കാമെന്നും അയാൾ കണ്ടെത്തി. തന്റെ ബുദ്ധി ഉപയോഗിച്ച് ഇന്ത്യയ്ക്കെതിരായി തന്നെ കൊണ്ട് തന്നെ പദ്ധതികൾ ഉണ്ടാക്കി നടപ്പാക്കാനാണത്രേ പാക്ക് ചാര സംഘടനയുടെ ലക്ഷ്യം. പാക് ചാരന്മാർ അവരുടെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് സുരേഷിന് ചെവിയിൽ കേൾക്കുകയും ചെയ്യാം. രാജ്യസ്നേഹിയായ സുരേഷ് അതിനെ ചെറുക്കാനായി നിരന്തരം പോരാടിക്കൊണ്ടിരിക്കുന്നു. പോലീസ് മേധാവികൾക്കും എന്തിന് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഒക്കെ നിരന്തരം കത്തയക്കുന്ന രീതിയിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചേർന്നു.
എന്തിനെയും സംശയദൃഷ്ടിയോടെ കണ്ടിരുന്ന ഇയാൾ മരുന്നു കഴിക്കുവാനും കൂട്ടാക്കിയിരുന്നില്ല. ഈ സന്നിഗ്ധഘട്ടത്തിലാണ് അവരെന്നെ തേടിയെത്തിയത്. രോഗി അറിയാതെ പ്രത്യേകിച്ചും ബുദ്ധിമാനായ ഡോക്ടർ ആയ ഇദ്ദേഹത്തെ ചികിത്സിക്കുക ശ്രമകരമായ ഒരു ദൗത്യം തന്നെ ആയിരുന്നു. 'പാരനോയിഡ് സ്കിസോഫ്രേനീയ' എന്ന ഈ രോഗാവസ്ഥയ്ക്ക് ദീർഘകാല ചികിത്സയും ആവശ്യമായിരുന്നു. ഇത് പറഞ്ഞു മനസ്സിലാക്കി ബുദ്ധപൂർവ്വം കാര്യങ്ങൾ കൈകാര്യം ചെയ്യുവാൻ അദ്ദേഹത്തിന്റെ ജേഷ്ഠനെ ഏർപ്പാടാക്കി.

തുടക്കത്തിൽ ഉത്സാഹത്തോടെ ശ്രദ്ധിച്ചിരുന്ന കുടുംബാംഗങ്ങളുടെ പിന്തുണകൊണ്ട് ചികിത്സയുടെ ആദ്യ നാളുകളിൽ നല്ല പുരോഗമനം ഉണ്ടാവുക തന്നെ ചെയ്തു. കൃത്യമായി ചികിത്സയ്ക്കായി എത്താതിരുന്ന അവർ പോകപ്പോകെ വരവ് തീരെ ഇല്ലാതെയായി.
ഏകദേശം രണ്ടു വർഷങ്ങൾക്കിപ്പുറം ഞാൻ വീണ്ടും സുരേഷിന്റെ ജ്യേഷ്ഠനെ ആശുപത്രി ഒ.പി യുടെ വാതുക്കൽ കാണാനിടയായി. അയാൾ കൈകൂപ്പി എന്നോട് മാപ്പിരുന്നു. "എനിക്ക് അവനെ വേണ്ടവിധം ശ്രദ്ധിക്കാൻ ആയില്ല ഡോക്ടറെ... അച്ഛൻറെ വേർപാടും മറ്റുചില അത്യാവശ്യ കാര്യങ്ങളും വന്നപ്പോൾ അവന്റെ കാര്യത്തിൽ എനിക്ക് നോട്ടക്കുറവുണ്ടായി. തൽഫലമായി അവൻ 'തന്റെ രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി' എന്ന് കുറിപ്പെഴുതി ജീവത്യാഗം ചെയ്തു".
ശരിയായ സപ്പോർട്ട് സിസ്റ്റം ഇല്ലാത്തതിന്റെ പരിണിത ഫലമാണ് സമർത്ഥനായ ഒരു ഡോക്ടറുടെ അന്ത്യം എന്ന് പറയേണ്ടിയിരിക്കുന്നു. പലപ്പോഴും മനോരോഗികളോടൊത്തുള്ള ജീവിതം ക്ലേശകരമാണ് . ക്ഷമയോടും സഹിഷ്ണുതയോടും കൂടി പരിപാലിക്കപ്പെടാൻ പറ്റിയില്ലെങ്കിൽ ഇത്തരം ദുരന്തങ്ങളിൽ ചെന്നെത്തുക തന്നെ ചെയ്യും. അതുകൊണ്ടുതന്നെ ഇത്തരം രോഗികളെ പരിചരിക്കുന്നവരെ ചേർത്തുനിർത്തേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ട്.
സ്കിസോഫ്രേനീയ
രോഗിക്ക് തന്റെ രോഗാവസ്ഥയെ കുറിച്ചോ ചികിത്സയുടെ ആവശ്യകതയെ കുറിച്ചോ ഒരു ഉൾക്കാഴ്ച അഥവാ ഇൻസൈറ്റ് ഉണ്ടാവുകയില്ലായെന്നതാണ് 'സ്കിസോഫ്രേനീയ' എന്ന ഈ രോഗത്തിന്റെ പ്രത്യേകത. അവർ നിത്യേന അനുഭവിച്ചുകൊണ്ടിരിക്കുന്ന അപൂർവ്വവും അസാധാരണവുമായ കാര്യങ്ങൾ എല്ലാം തന്നെ യഥാർത്ഥത്തിൽ സംഭവിക്കുന്നതാണ് എന്നുള്ള ദൃഢനിശ്ചയം മൂലം മരുന്നു കഴിക്കുവാൻ അവർക്ക് സ്വയം താല്പര്യമുണ്ടാകുകയില്ല. ഇത്തരം സാഹചര്യങ്ങളിൽ അവർ മരുന്ന് നിർത്തിക്കളയുവാനോ നിഷേധിക്കുവാനോ സാധ്യതയുണ്ട്. അങ്ങനെയുള്ള രോഗികൾക്ക് നൽകുവാൻ മാസത്തിൽ ഒരിക്കൽ മാത്രം കൊടുക്കാവുന്നതരം കുത്തിവെയ്പ്പുകൾ ലഭ്യമാണ്. ഒരു കുത്തിവയ്പ്പിന്റെ ഫലം ആ മാസം മുഴുവനായും രോഗിക്ക് ലഭിക്കുകയും ചെയ്യും. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഇത്തരം സംഭാവനകൾ ഉത്തരവാദിത്വത്തോടെ സ്വന്തമായി മരുന്നു കഴിക്കാൻ വിസമ്മതിക്കുന്നതും സപ്പോർട്ട് സിസ്റ്റം കുറവായതുമായ രോഗികൾക്കും അവലംബിക്കാവുന്നതാണ് എന്ന് ഓർമിപ്പിക്കട്ടെ.
(ലേഖിക കൺസൽട്ടൻറ് സൈക്യാർട്ടിസ്റ്റ്,എറണാകുളം മെഡിക്കൽ ട്രസ്റ്റ്)