കുടുംബത്തിലെ 3 പേർക്കും ഒരേ തീരുമാനം, മരണശേഷം ശരീരം മെഡിക്കൽകോളജിന്; ആ തീരുമാനത്തിനു പിന്നിൽ?

Mail This Article
മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിനായി താനുൾപ്പടെയുളള കുടുംബത്തിലെ 3 പേരുടെ ശരീരം മരണാനന്തരം മെഡിക്കൽ കോളജിനു നൽകാനുളള സമ്മതപത്രത്തിൽ ഒപ്പു വച്ചിരിക്കുകയാണ് മോട്ടിവേഷണൽ സ്പീക്കറും ട്രെയിനറുമായ ഡോ.പ്രീത് ഭാസ്കറും കുടുംബവും. സമ്മതപത്രം കോട്ടയം മെഡിക്കൽ കോളജിലെ അനാട്ടമി വിഭാഗം മേധാവി ഡോ.മഞ്ജു മാധവന് കൈമാറി. വൈക്കം വടക്കേനട പ്രീതാലയം വീട്ടിൽ ഡോ.പ്രീത് ഭാസ്കർ(52), ഭാര‍്യ സ്മിത (42) മാതാവ് വസുമതിയമ്മ(75) എന്നിവരാണ് മരണാനന്തരം തങ്ങളുടെ ശരീരം മെഡിക്കൽ കോളജിനു വിട്ടുനൽകാൻ തീരുമാനിച്ചത്. കഴിഞ്ഞ 25 വർഷമായി മോട്ടിവേഷണൽ പരിശീലന രംഗത്തു പ്രവർത്തിക്കുന്ന പ്രീത് ഭാസ്കർ കുടുംബത്തോടൊപ്പം ഇങ്ങനെയൊരു സമ്മതപത്രം നൽകാനുളള തീരുമാനം എടുത്തതിനെ പറ്റി മനോരമ ഓൺലൈനോടു പങ്കുവെയ്ക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...
മോട്ടിവേഷണൽ പരിശീലന രംഗത്ത് പ്രവർത്തിക്കുന്ന ഞാൻ എന്റെ വിദ്യാർഥികളോട് ഏറ്റവും കൂടുതൽ സംസാരിക്കുന്നതു സാമൂഹിക പ്രതിബദ്ധതയെ പറ്റിയാണ്. സമൂഹത്തിൽനിന്ന് എല്ലാം സ്വീകരിക്കുന്ന ആളുകളാണ് നമ്മളെല്ലാവരും, ആ സമൂഹത്തിന് എന്തെങ്കിലും തിരിച്ചു നൽകാനുളള ബാധ്യതയും നമുക്കുണ്ട്, അതിന്റെ ഭാഗമാണ് ഈ തീരുമാനവും. മരണശേഷം കത്തിക്കുകയോ, കുഴിച്ചു മൂടുകയോ ചെയ്യുന്ന നമ്മുടെ ശരീരം ആർക്കെങ്കിലും ഉപകാരപ്രദമാവുകയാണെങ്കിൽ അതു നല്ലതാണെന്നു തോന്നി. എം.ബി.ബി.എസ് പഠിക്കുന്ന 10 വിദ്യാർഥികൾക്ക് ഒരു മൃതദേഹം വേണമെന്നാണു ദേശീയ മെഡിക്കൽ കൗൺസിലിന്റെ കണക്ക്. എന്നാൽ പല മെഡിക്കൽ കോളജുകളും ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പഠനാവശ‍്യത്തിനുളള മൃതദേഹങ്ങളുടെ ലഭ്യതക്കുറവാണ്.
മെഡിക്കൽ പി. ജി പഠനത്തിന് 2 വിദൃാർഥികൾക്കു 1 മൃതദേഹം ആവശൃമാണ്. കോട്ടയം മെഡിക്കൽ കോളജിലെ കണക്കു മാത്രം പരിശോധിക്കുകയാണെങ്കിൽ 182 വിദ്യാർഥികൾക്കായി 18 മൃതദേഹവും 4 പി.ജി വിദൃാർഥികൾക്ക് 2 മൃതദേഹവും ആവശ്യമാണ്. അങ്ങനെ ഒരുവർഷം 20 മൃതദേഹങ്ങൾ ഈ മെഡിക്കൽ കോളേജിലേക്കുതന്നെ ആവശ്യമായിരിക്കെ സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ കോളേജിലേക്കുമായി എത്രത്തോളം മൃതദേഹങ്ങൾ ഒരു വർഷം വേണ്ടിവരും എന്നത് ഗൗരവകരമായ ഒരു വിഷയമാണ്. പലപ്പോഴും പഠനാവശ്യത്തിനുളള മൃതദേഹങ്ങൾ പല മെഡിക്കൽ കോളജുകളിലും ആവശ‍്യത്തിന് കിട്ടാറില്ല. ഇത് ഞാൻ അന്വഷിച്ചു മനസിലാക്കിയ ഒരു വസ്തുതയാണ്. പലപ്പോഴും 30 വിദ്യാർഥികൾക്ക് ഒരു മൃതദേഹം മാത്രം കിട്ടുന്ന സാഹചര‍്യമുണ്ട്. ഈ സാഹചരൃത്തിൽ ശരിയായ പഠനം വിദ്യാർഥികൾക്കു നടക്കാതെ വരുന്നു. ഇത്തരം വിവരങ്ങളൊക്കെ മനസിലാക്കിയതു കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ ഞാനും കുടുംബവും എത്തി ചേർന്നത്. എന്റെ തീരുമാനം ഞാൻ ആദ്യമായി പങ്കുവെച്ചത് ഭാര്യ സ്മിതയോടാണ്, പിന്നീട് അമ്മയോടും. രണ്ടുപേരും എന്റെ തീരുമാനത്തിനു പൂർണ പിന്തുണ നൽകി. എന്നോടൊപ്പം അവരും ഇതിൽ പങ്കുചേർന്നു. മക്കൾ രണ്ടു പേരുടെയും പിന്തുണ ഞങ്ങൾക്കു ആത്മവിശ്വാസം നൽകി. ഇപ്പോൾ മക്കൾ പറയുന്നത്, വലുതാകുമ്പോൾ കുട്ടികളുടെ സമ്മതത്തോടെ അവരും ശരീരം ദാനം ചെയ്യുുമെന്നാണ്.
വിവരം അറിഞ്ഞപ്പോൾ മുതൽ പല ഭാഗത്തു നിന്നും ഫോൺ കോളുകൾ വന്നു. എന്റെയും കുടുംബത്തിന്റെയും ഈ തീരുമാനത്തിന് വലിയ പിന്തുണയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അതുമാത്രമല്ല മരണാനന്തരം ശരീരംദാനം ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ച് പലരും മുന്നോട്ടു വന്നിട്ടുമുണ്ട്. ശരീരംദാനം ചെയ്യുന്നതിനെപ്പറ്റിയുള്ള അറിവില്ലായ്മയും തെറ്റിദ്ധാരണയും കാരണമാണ് പലരും ഇതിനു മടിക്കുന്നതെന്ന് ഇപ്പോൾ മനസിലായി.
മരണാന്തര ചടങ്ങുകൾ കിട്ടാതെ പോകുമോ, ഉപയോഗശേഷം ശരീരം എവിടെയെങ്കിലും ഉപേക്ഷിക്കുമോ എന്നൊക്കെയുളള ആശങ്ക പലർക്കുമുണ്ട്. എന്നാൽ അങ്ങനെയല്ല കാരൃങ്ങൾ. അവനവന്റെ വിശാവസപ്രകാരം വീട്ടിലെ മരണാനന്തര ചടങ്ങുകൾ എല്ലാം കഴിഞ്ഞതിനു ശേഷം മാത്രമാണ് മൃതദേഹം മെഡിക്കൽകോളജിലേക്കു കൊണ്ടുപോകുന്നത്. മാത്രമല്ല ഒരു മൃതദേഹം ഒരു വർഷം മാത്രമേ പഠനാവശ്യത്തിന് ഉപയോഗിക്കുകയുളളു. പഠനം കഴിയുമ്പോൾ അത് മണ്ണിലേക്കു തന്നെ മറവുചെയ്യപ്പെടുന്നു. ഇത്തരം കാരൃങ്ങൾ ശരിയായ രീതിയിൽ പൊതു സമൂഹത്തിന് മുൻപിൽ അറിയിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനു കഴിഞ്ഞതിൽ എനിക്കും കുടുംബത്തിനും അതിയായ സന്തോഷമുണ്ട്. വൈക്കം നഗരസഭ മുൻ ചെയർപേഴ്സൺ അനിൽ ബിശ്വാസ്, ടി.വി പുരം പഞ്ചായത്ത് മുൻ അംഗം ജോഷി പരമേശ്വരൻ എന്നിവരെ സാക്ഷികളാക്കിയാണ് സമ്മതപത്രം നൽകിയിരിക്കുന്നത്. മോട്ടിവേഷണൽ പരിശീലനരംഗത്ത് 25 വർഷത്തിലധികമായി പ്രവർത്തിക്കുന്ന ഡോ.പ്രീത് ഭാസ്കർ വൈക്കത്ത് പ്രവർത്തിക്കുന്ന 'സെൽറ്റ്' എന്ന പരിശീലന കേന്ദ്രത്തിന്റെ ഡയറക്ടർ കൂടിയാണ്. ഭാര‍്യ സ്മിത ബേക്കറി നടത്തുന്നു. മകൾ അമൃതഭാസ്കര ശിവപ്രിയ, മകൻ ആദിഭാസ്കര ശിവസ്വരൂപ് എന്നിവർ വിദ്യാർഥികളാണ്.