മൂന്നുദിവസം നവദമ്പതികൾ ശുചിമുറി ഉപയോഗിക്കരുത്; പരിമിതഭക്ഷണം: വിചിത്ര വിവാഹ ആചാരം

Mail This Article
ജനനം, മരണം, വിവാഹം തുടങ്ങി മനുഷ്യരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂർത്തങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിലായി പ്രചാരത്തിലുണ്ട്. അക്കൂട്ടത്തിൽ യുക്തിസഹമല്ലെന്നു തോന്നുന്നവ പോലും പാരമ്പര്യത്തിനും ആചാരത്തിനും പ്രാധാന്യം നൽകുന്നതുകൊണ്ട് മാത്രം പിന്തുടർന്ന് പോകുന്നവരും ഏറെയാണ്. ഗോത്രവർഗക്കാരുടെ ഇടയിലാണ് ഇത്തരം ആചാരങ്ങൾ ഏറെയുള്ളത്. ഇന്തോനേഷ്യയിലെ ടിഡോങ്ങ് ഗോത്രവിഭാഗത്തിൽപ്പെട്ടവർക്കിടയിലും അത്തരത്തിൽ വിചിത്രമായ ഒരു ആചാരം പ്രചാരത്തിലുണ്ട്. വിവാഹം ചെയ്തതിനുശേഷം വധൂവരൻമാരെ തൊട്ടടുത്ത മൂന്നു ദിവസങ്ങളിലേയ്ക്ക് ശുചിമുറിയിൽ പോകാൻ അനുവദിക്കാറില്ല.
നവദമ്പതികളുടെ ദാമ്പത്യ ബന്ധത്തിന്റെ പവിത്രത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു ആചാരം നടത്തി വരുന്നത്. രണ്ടു വ്യക്തികൾ ഒന്നുചേരുന്നു എന്നതിനപ്പുറം വിവാഹം ഈ ഗോത്രവർഗക്കാർക്കിടയിൽ വിശുദ്ധമായ ഒരു കാര്യമാണ്. വിവാഹത്തിന്റെ ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ വധൂവരന്മാർ ശുചിമുറി ഉപയോഗിച്ചാൽ അത് നിർഭാഗ്യത്തിനും അശുദ്ധിക്കും വേർപിരിയലിനും എന്തിനേറെ മരണത്തിനും പോലും കാരണമാകുമെന്ന് ഇവർ വിശ്വസിക്കുന്നു. ഇത്തരം ദൗർഭാഗ്യങ്ങൾ വന്നു പെടാതിരിക്കാൻ വിവാഹശേഷം കുടുംബാംഗങ്ങളുടെ ശക്തമായ നിരീക്ഷണത്തിലായിരിക്കും വധൂവരന്മാർ.
ഈ പതിവ് തെറ്റിക്കാൻ വധൂവരന്മാർ ശ്രമിച്ചേക്കുമെന്നു തോന്നിയാൽ മൂന്നു ദിവസത്തേയ്ക്ക് അവരെ പുറംലോകം കാണിക്കാതെ മുറിയിൽ അടച്ചിടുന്നവർ പോലുമുണ്ട്. ദുഷ്ടശക്തികളിൽ നിന്ന് ദമ്പതികളെ സംരക്ഷിച്ചു നിർത്താനാണ് വിലക്ക് ഏർപ്പെടുത്തുന്നത്. നവദമ്പതികൾ ശുചിമുറിയിൽ പ്രവേശിച്ചാൽ പ്രതികൂല ഊർജം അവർക്കുള്ളിൽ നിറയും എന്നാണ് ടിഡോങ്ങ് ഗോത്രവർഗക്കാർക്കിടയിലെ വിശ്വാസം. ഇങ്ങനെ പ്രതികൂല ഊർജത്തിന്റെ പിടിയിലായാൽ വധൂവരന്മാർക്കിടയിൽ അഭിപ്രായ ഭിന്നതകൾ ഉടലെടുക്കാൻ സാധ്യതയുണ്ടെന്ന് ഇവർ കരുതുന്നു. മൂന്നു ദിവസങ്ങൾ അൽപം കഷ്ടപ്പാട് സഹിക്കേണ്ടി വന്നാലും ഒരായുഷ്കാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കാൻ വധൂവരന്മാർക്ക് അവസരം ഒരുക്കണമെന്ന തോന്നലിനെ തുടർന്ന് മുതിർന്ന തലമുറയിൽപെട്ടവർ ആചാരം നടപ്പിൽ വരുത്താൻ നേതൃത്വം നൽകുകയും ചെയ്യുന്നു.
ഈ ദിവസങ്ങളിൽ വധൂവരന്മാർക്ക് ശുചിമുറിയിൽ പോകാൻ തോന്നാതിരിക്കുന്നതിനു വേണ്ടി കുറഞ്ഞ അളവിൽ മാത്രമേ ഇവർക്കു ഭക്ഷണവും വെള്ളവും നൽകൂ. മൂന്നുദിവസം ശുചിമുറി ഉപയോഗിക്കാതെ പൂർത്തിയാക്കാനായാൽ ദമ്പതികൾ പരസ്പരമുള്ള പ്രതിബദ്ധത കാത്തുസൂക്ഷിച്ച് പിന്നീടുള്ള കാലം സഹിഷ്ണുതയോടെ ജീവിക്കുമെന്ന് ഇവിടത്തുകാർക്കുറപ്പാണ്. പുറമേ നിന്നുള്ളവർക്ക് വിചിത്രമായ ആചാരമായി തോന്നുമെങ്കിലും ടിഡോങ് ജനതയ്ക്ക് ഇത് അവരുടെ സമ്പന്നമായ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനുള്ള സുപ്രധാനമായ ചടങ്ങാണ്.
അതേസമയം ഈ ആചാരം തികച്ചും അനാരോഗ്യകരമാണെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ എടുത്തുപറയുന്നു. സ്വാഭാവികമായ ശാരീരിക പ്രവർത്തനങ്ങൾ നടക്കാതെ ദീർഘകാലത്തേയ്ക്ക് തടസ്സപ്പെടുത്തുന്നത് അണുബാധകളും ദഹനപ്രശ്നങ്ങളും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നാണ് ഇവർ നൽകുന്ന മുന്നറിയിപ്പ്. എന്നാൽ ഈ അപകടസാധ്യതകൾക്കിടയിലും വിജയകരമായ ദാമ്പത്യ ബന്ധത്തിന് ആചാരം നടത്തേണ്ടത് നിർണായകമാണെന്ന വിശ്വാസത്തിൽ പാരമ്പര്യം കൈവിടാതെ കാത്തുസൂക്ഷിക്കുകയാണ് ടിഡോങ്ങ് സമൂഹം.