ADVERTISEMENT

ടെൽഅവീവ്∙ യെമനിലെ വിമത വിഭാഗമായ ഹൂതികളുടെ ആക്രമണത്തെത്തുടർന്ന് ക്രൂഡ് ഓയിലുമായി പോയിരുന്ന എണ്ണ കപ്പലിന് തീപിടിച്ചു. ഓഗസ്റ്റ് 23 മുതൽ ഗ്രീസിന്റെ ക്രൂഡ് ഓയിൽ ചരക്കുകപ്പലായ സൗനിയനിൽ തീപിടിക്കുന്നതായി യൂറോപ്യൻ യൂണിയൻ അധികൃതർ സ്ഥിരീകരിച്ചു. എക്സിൽ പങ്കുവച്ച പോസ്റ്റിൽ കപ്പലിൻ്റെ പ്രധാന ഡെക്കിൽ നിന്ന് തീയും പുകയും വരുന്നതായി കാണിക്കുന്ന ചിത്രങ്ങളും യൂറോപ്യൻ യൂണിയൻ അധികൃതർ പങ്കുവച്ചിട്ടുണ്ട്. 

അതേസമയം യെമനിലെ ഹൂതികള്‍ ചരക്കു കപ്പലിന് നേരെ ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ റോയിട്ടേഴ്‌സ് പുറത്തുവിട്ടു. കപ്പലിൽ 1,50,000 ടൺ അസംസ്‌കൃത എണ്ണയാണ് ഉണ്ടായിരുന്നതെന്നും ഇത് കടലിലേക്ക് ഒഴുകിപോകുന്നതോടെ പരിസ്ഥിതിക്ക് വലിയ ദോഷം സംഭവിക്കുമെന്നുമാണ് അധികൃതർ പറയുന്നത്. തീനിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ കപ്പൽ ദുരന്തമാകാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.

ലെബനനിൽ ഹിസ്ബുള്ളയ്ക്ക് നേരെ നടന്ന ഇസ്രയേൽ ആക്രമണത്തിന് മറുപടിയായാണ് ഗ്രീക്ക് എണ്ണക്കപ്പലിന് നേരെയുള്ള ഹൂതി ആക്രമണമെന്നാണ് വിലയിരുത്തൽ. നേരത്തെ ഗാസയിൽ നടക്കുന്ന ഇസ്രായേലിന്റെ അധിനിവേശത്തെയും ഹൂതികൾ ശക്തമായി എതിർത്തിരുന്നു. ചെങ്കടലിൽ നിരന്തരമായി ഉണ്ടാകുന്ന ആക്രമണങ്ങൾ കാരണം, സൂയസ് കനാൽ ഒഴിവാക്കാൻ ആഗോള കപ്പൽ കമ്പനികൾ നിർബന്ധിതരാകുകയാണ്. 

ഇറാന്റെ പിന്തുണയുള്ള ഹൂതികളുടെ ആക്രമണത്തിൽ 2 കപ്പലുകളാണ് കഴിഞ്ഞ 10 മാസത്തിനിടയ്ക്ക് തകർക്കപ്പെട്ടത്. ആതൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡെൽറ്റ ടാങ്കേഴ്സിന്റെ ഉടമസ്ഥതിയലുള്ളതാണ് ഹൂതികൾ ആക്രമിച്ച സൗനിയൻ എണ്ണക്കപ്പൽ. ഇസ്രയേൽ പിടിച്ചെടുത്ത പലസ്തീന്റെ തുറമുഖങ്ങളിലേക്കു ചരക്കുമായി പോകരുതെന്ന തങ്ങളുടെ വിലക്ക് ഡെൽറ്റ ടാങ്കേഴ്സ് കമ്പനി ലംഘിച്ചുവെന്നും ഇതിനാലാണ് ആക്രമണമെന്നുമാണ് ഹൂതി വിമതരുടെ വാദം.

English Summary:

Greek-flagged oil tanker on fire after Houthi attack, EU naval mission says

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com