സംഘടന പിളരുമെന്ന് ഭയപ്പെട്ടു, വികാരാധീനനായി മോഹൻലാൽ; അമ്മയെ കരകയറ്റാൻ ഇനി ആര്?
Mail This Article
കൊച്ചി ∙ താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി പിരിച്ചുവിട്ടത് പൊട്ടിത്തെറിയുടെ വക്കിൽനിന്ന്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ‘അമ്മ’യ്ക്കുള്ളിൽ ഉയര്‍ന്ന അമർഷവും നേതൃത്വത്തോടുള്ള എതിർപ്പും സംഘടനയെത്തന്നെ പിളർത്തിയേക്കും എന്ന സ്ഥിതിയിലാണ് രാജിയാണ് ഉചിതം എന്ന തീരുമാനത്തിലേക്ക് ഭാരവാഹികൾ എത്തിയത്. നിലവിലുള്ള ഭരണസമിതി അടുത്ത രണ്ടു മാസം അഡ്ഹോക് ആയി പ്രവർത്തിക്കും. അംഗങ്ങൾക്ക് പദവിയുണ്ടാകില്ല. ‘അമ്മ’ തുടർന്നു വരുന്ന കൈനീട്ടം, ചികിത്സാസഹായം തുടങ്ങിയവ ഈ സമിതിയുെട േനതൃത്വത്തിലാവും. രണ്ടു മാസത്തിനു ശേഷം തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ, ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദീഖ് പറഞ്ഞത് റിപ്പോർട്ടിലെ കാര്യങ്ങൾ ‘ഒറ്റപ്പെട്ടത്’ എന്നായിരുന്നു. റിപ്പോർട്ട് പുറത്തുവരണമെന്നോ വേണ്ടെന്നോ തങ്ങൾക്ക് അഭിപ്രായമില്ലെന്നും സിദ്ദീഖ് പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് വൈസ് പ്രസിഡന്റ് ജഗദീഷ് അതിനു വിരുദ്ധമായി സംസാരിച്ചു രംഗത്തെത്തിയത്. ഒറ്റപ്പെട്ട സംഭവമല്ല എന്നും റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി നടപടി ഉണ്ടാവണമെന്നും ജഗദീഷ് വ്യക്തമാക്കിയത് ‘അമ്മ’യ്ക്കുള്ളിലെ അടിയൊഴുക്കുകളുടെ സൂചനയായിരുന്നു. മറ്റൊരു വൈസ് പ്രസിഡന്റ് ജയൻ ചേർത്തലയും അഭിപ്രായപ്പെട്ടത് ‘അമ്മ’യുടെ പ്രവർത്തനങ്ങളിൽ വലിയ കുറവുകളുണ്ടെന്നാണ്. ഇതിനു തൊട്ടുപിന്നാലെയാണ് സിദ്ദീഖിനെതിരെയുള്ള ആരോപണങ്ങള്‍ പുറത്തു വരുന്നതും അദ്ദേഹത്തിന്റെ രാജി ഉണ്ടാവുന്നതും. സമാനമായി, സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയും ഒഴിഞ്ഞിരുന്നു. ഇനി എന്ത് എന്ന ചോദ്യമുയർന്നതിനു പിന്നാലെയാണ് സംഘടനയുടെ എക്സിക്യുട്ടീവ് ചേരാനും പ്രതിസന്ധി ചര്‍ച്ച ചെയ്യാനും തീരുമാനമുണ്ടാകുന്നത്.
സിദ്ദീഖ് ഒഴിഞ്ഞതിനു ശേഷം ജനറൽ സെക്രട്ടറി പദവി വഹിച്ചിരുന്ന ജോയിന്റ് സെക്രട്ടറി ബാബുരാജിന് എതിരെ കൂടി ആരോപണം ഉയർന്നതോടെ ‘അമ്മ’ കൂടുതൽ പ്രതിസന്ധിയിലായി. ആരോപണവിധേയർ സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടുകയാണ് വേണ്ടതെന്നും ‘അമ്മ’യ്ക്ക് വീഴ്ച പറ്റിയെന്നും പൃഥ്വിരാജ് അഭിപ്രായപ്പെടുക കൂടി ചെയ്തതോടെ, ഇതേ അഭിപ്രായമുള്ളവർക്ക് പിന്തുണയേറി. ആരോപണം നേരിടുന്ന ബാബുരാജ് സ്ഥാനമൊഴിയണമെന്ന് കഴിഞ്ഞ ഭരണസമിതിയിലുണ്ടായിരുന്ന ശ്വേത മേനോൻ പരസ്യമായി ആവശ്യപ്പെട്ടു. താൽക്കാലിക സെക്രട്ടറി പദവി പോലും ബാബുരാജ് വഹിക്കരുത് എന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണവും കൂടി. ജഗദീഷ് സെക്രട്ടറിയാവണമെന്നും ഒരു വനിത ഈ പദവിയിലേക്കു വരട്ടെ എന്നും ചര്‍ച്ചകളുണ്ടായി. ഡബ്ല്യുസിസിയുടെ കാര്യത്തിലടക്കം അമ്മ ഭാരവാഹികൾ കൈക്കൊണ്ട ചില നിലപാടുകളോടും പല അംഗങ്ങൾക്കും വിയോജിപ്പുണ്ടായിരുന്നു. പലരും അതു പരസ്യമായി പ്രകടിപ്പിച്ചിരുന്നില്ലെന്നു മാത്രം. അത്തരം വിയോജിപ്പുകളും എതിർപ്പുകളും ഇപ്പോൾ മറനീക്കി പുറത്തുവരികയും ചെയ്തു. നടിമാരടക്കം പലരും പരസ്യ പ്രതികരണങ്ങൾക്കു മുതിർന്നതും അതുകൊണ്ടുതന്നെ.
എക്സിക്യുട്ടീവ് ചേരാൻ തീരുമാനിച്ചെങ്കിലും ഉടൻ ചേരുന്നതിൽ ഭരണസമിതിയിലെ ചില അംഗങ്ങൾക്കു താൽപര്യമില്ലായിരുന്നു എന്നാണു വിവരം. യോഗ തീരുമാനമറിയിക്കാൻ മാധ്യമങ്ങളെ കാണേണ്ടിവരുമെന്നതായിരുന്നു കാരണം. അതേസമയം, എക്സിക്യൂട്ടിവ് വിളിക്കാൻ വൈകുന്നതിനെതിരെ ‘അമ്മ’ അംഗങ്ങൾക്കിടയിൽ പ്രതിഷേധവുമുണ്ടായിരുന്നു. ഇതിനെപ്പറ്റി ‘അമ്മ’യുടെ വാട്സാപ് ഗ്രൂപ്പിൽ ചർച്ച നടന്നിരുന്നു. ഉടൻ തീരുമാനം എടുത്തില്ലെങ്കിൽ വാർത്താസമ്മേളനം വിളിച്ച് പലതും തുറന്നുപറയേണ്ടി വരുമെന്ന് പല അംഗങ്ങളും പറഞ്ഞതായാണ് സൂചന. തുടർന്നാണ് ഓൺലൈനിൽ യോഗം വിളിക്കാൻ തീരുമാനമുണ്ടായത്.
സംഘടനയുടെ കെട്ടുറപ്പു നിലനിർത്തുക അത്യാവശ്യമെന്ന് വന്നതോടെയാണ് ഒരു ധാർമിക കാര്യമെന്ന നിലയിൽക്കൂടി രാജിക്കാര്യത്തിലേക്ക് കടക്കാമെന്ന് നേതൃത്വം തീരുമാനിച്ചത്. മമ്മൂട്ടിയുമായി സംസാരിച്ച ശേഷം പ്രസിഡന്റ് മോഹൻലാൽ തന്നെയാണ് ഇക്കാര്യം ആദ്യം അവതരിപ്പിച്ചത് എന്നാണ് സൂചന. ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും ഭരണസമിതിക്കെതിരെ വൻ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്നും പറഞ്ഞ് മോഹൻലാൽ രാജി തീരുമാനം അറിയിക്കുകയായിരുന്നു. അംഗങ്ങളും അതിനോടു യോജിച്ചു. ഇതോടെ ഭരണസമിതി മൊത്തത്തിൽ പിരിച്ചുവിടാൻ തീരുമാനം എടുക്കുകയായിരുന്നു.
കാര്യം അറിയിക്കുമ്പോൾ മോഹൻലാൽ വികാരാധീനനായിരുന്നു എന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിലൊരാൾ പറഞ്ഞത്. രണ്ടു മാസത്തിനു ശേഷം തിരഞ്ഞെടുപ്പു നടക്കുമ്പോൾ ആരായിരിക്കും അധികാരത്തിൽ വരിക എന്നതാണ് ഇനി ചോദ്യം. മലയാള ചലച്ചിത്ര മേഖലയിലെ ഒട്ടേറെപ്പേരാണ് ലൈംഗികാരോപണം നേരിടുന്നതും കേസിൽ അകപ്പെട്ടിരിക്കുന്നതും. ‘അമ്മ’ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ ഇനി വരുന്നവർക്ക് കഴിയുമോ എന്ന ചോദ്യമാണ് ഇനി പ്രധാനം.