‘പ്രതിക്ക് തൂക്കുകയർ, ബിജെപിക്ക് വേണ്ടത് മൃതദേഹങ്ങള്’: പൊലീസിനെ അഭിനന്ദിച്ച് മമത
Mail This Article
കൊൽക്കത്ത∙ ആർ.ജി.കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ തൂക്കുകയർ മാത്രമാണ് മതിയായ ശിക്ഷയെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേസിൽ തെളിവ് നശിപ്പിച്ചതും സമരക്കാരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തിയതും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ബംഗാൾ സർക്കാർ നേരിടുന്നതിനിടെയാണ് മമതയുടെ പരാമർശം. ബിജെപി അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണെന്നും ബലാത്സംഗക്കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകാൻ നിയമം കൊണ്ടുവരുമെന്നും അവർ പറഞ്ഞു.
‘‘ഇത്തരം കുറ്റകൃത്യങ്ങൾക്ക് തൂക്കുകയറാണ് ശരിയായ ശിക്ഷ. പൊലീസിൽനിന്ന് സിബിഐ കേസ് ഏറ്റെടുത്തിട്ട് 16 ദിവസമായി. ഇതുവരെയും ഒന്നുമായിട്ടില്ല. ഞാൻ വെറും 5 ദിവസമാണ് ചോദിച്ചത്. എന്നിട്ടും കേസ് സിബിഐക്കു കൈമാറി. അവർക്ക് നീതി ആവശ്യമില്ല. കേസ് വൈകിപ്പിക്കുകയാണ് വേണ്ടത്. എവിടെയാണ് നീതി?’’– മമത ചോദിച്ചു. തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ തൃണമൂൽ ഛാത്ര കോൺഗ്രസിന്റെ സ്ഥാപകദിനത്തിൽ പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
നിർമിത ബുദ്ധിയുപയോഗിച്ച് ബിജെപി തെറ്റായ പ്രചാരണം നടത്തുകയാണ്. കലാപം സൃഷ്ടിക്കാൻ ബിജെപിയും എബിവിപിയും ഗൂഢാലോചന നടത്തുന്നു. കൊൽക്കത്ത പൊലീസിനെ അഭിനന്ദിക്കാൻ വാക്കുകളില്ല. ഇത്രയേറെ ആക്രമണങ്ങളുണ്ടായിട്ടും അവർ ആ വലയിൽ വീഴാതെയും മരണങ്ങളുണ്ടാകാതെയും കാത്തു. ബിജെപിക്ക് വേണ്ടത് മൃതദേഹങ്ങളാണ്. അതിനുവേണ്ടിയാണ് അവർ ബന്ദ് നടത്തുന്നത്. ഞങ്ങൾക്കു വേണ്ടത് നീതിയും പ്രതിക്ക് ലഭിക്കേണ്ടത് തൂക്കുകയറുമാണെന്നും മമത പറഞ്ഞു.
കൊല്ലപ്പെട്ട വനിതാഡോക്ടർക്ക് നീതിയാവശ്യപ്പെട്ട് വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിനെതിരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദ് ബംഗാളിൽ തുടരുകയാണ്. പലയിടങ്ങളിലും അക്രമസംഭവങ്ങളുണ്ടായി. ബസുകളും ട്രെയിനുകളും തടഞ്ഞു. തന്റെ കാറിനുനേരെ വെടിവെയ്പുണ്ടായതായി ബിജെപി നേതാവ് പ്രിയാങ്കു പാണ്ടെ ആരോപിച്ചു. ഡ്രൈവർക്ക് വെടിയേറ്റിട്ടുണ്ട്. തൃണമൂൽ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രിയാങ്കുവിന്റെ ആരോപണം.