മോഹൻ ഭാഗവതിന്റെ സുരക്ഷ: കേരള പൊലീസും ജാഗ്രതയിൽ; വഴികളിൽ ബാരിക്കേഡ് സ്ഥാപിക്കും
Mail This Article
തിരുവനന്തപുരം∙ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ സുരക്ഷ പ്രധാനമന്ത്രിയുടേതിനു തുല്യമായി ഉയർത്തിയ സാഹചര്യത്തിൽ കേരള പൊലീസും സുരക്ഷ ശക്തമാക്കി. സുരക്ഷ ഉയർത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം വന്നശേഷം മോഹൻ ഭാഗവത് പങ്കെടുക്കുന്ന ആദ്യ പരിപാടി കേരളത്തിലാണ്. ശനിയാഴ്ച പാലക്കാട് തുടങ്ങുന്ന സമന്വയ ബൈഠക്കിൽ പങ്കെടുക്കാനാണ് മോഹൻ ഭാഗവത് കേരളത്തിലെത്തിയത്. സംഘപരിവാർ സംഘടനകളുടെ പ്രവർത്തനം വിലയിരുത്താൻ വർഷത്തിലൊരിക്കൽ ചേരുന്ന സമ്മേളനമാണിത്. 3 ദിവസമാണ് യോഗം.
‘‘ മോഹൻ ഭാഗവതിനു സെഡ് പ്ലസ് സുരക്ഷാ ക്രമീകരണങ്ങളാണ് പാലക്കാട് ഒരുക്കിയിരിക്കുന്നത്. കേന്ദ്രത്തിൽനിന്ന് കൂടുതൽ നിർദേശങ്ങൾ ലഭിക്കുന്ന മുറയ്ക്ക് സുരക്ഷയിൽ അതിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തും’’–ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ‘മനോരമ ഓൺലൈനിനോട്’ പറഞ്ഞു. പ്രധാനമന്ത്രിക്ക് സ്പെഷൽ പ്രൊട്ടക്‌ഷന്‍ ഗ്രൂപ്പിന്റെ (എസ്പിജി) സുരക്ഷയാണുള്ളത്. മോഹൻ ഭാഗവതിന് എസ്പിജി സുരക്ഷയുണ്ടാകില്ല. നിലവിലെ സെഡ് പ്ലസ് സുരക്ഷ വർധിപ്പിക്കുകയാണ് ചെയ്യുന്നത്.
കൂടുതൽ പൊലീസിനെ പാലക്കാട് വിന്യസിക്കും. താമസസ്ഥലം, യാത്ര, പൊതുസമ്മേളനം എന്നിവിടങ്ങളിൽ സുരക്ഷ കൂടുതൽ ശക്തമാക്കും. പല വളയങ്ങളിലുള്ള (റിങ്) സുരക്ഷയാകും നൽകുക. വിഐപിയുടെ ഏറ്റവും അടുത്ത് സിഐഎസ്എഫ് സുരക്ഷ ഒരുക്കും. അതിനു പുറത്തെ സുരക്ഷാ കാര്യങ്ങൾ കേരള പൊലീസും ഒരുക്കും. സെഡ് പ്ലസ് സുരക്ഷയുണ്ടെങ്കിലും ചില സംസ്ഥാനങ്ങളിൽ സുരക്ഷാവീഴ്ച വരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് മോഹൻ ഭാഗവതിന്റെ സുരക്ഷ വർധിപ്പിച്ചത്.
രാജ്യത്തെ പ്രമുഖ വ്യക്തികൾക്ക് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത് ‘യെലോ ബുക്ക്’ നിർദേശങ്ങള്‍ അനുസരിച്ചാണ്. സുരക്ഷ ഏർപ്പെടുത്തൽ, പിൻവലിക്കൽ, കാറ്റഗറിയിൽനിന്ന് ഒഴിവാക്കൽ തുടങ്ങിയ വിവരങ്ങളാണ് ഇതിലുണ്ടാകുക. കേന്ദ്ര ആഭ്യന്തര മന്ത്രി, ആഭ്യന്തര സെക്രട്ടറി, ഇന്റലിജൻസ് ബ്യൂറോ ഓഫിസർ എന്നിവരാണു സുരക്ഷ നൽകേണ്ട വ്യക്തികളെക്കുറിച്ചു തീരുമാനമെടുക്കുക. സുരക്ഷ നൽകേണ്ട വ്യക്തികളെക്കുറിച്ച് സംസ്ഥാന സർക്കാരുകൾ കേന്ദ്ര ആഭ്യന്തര വകുപ്പിനെ അറിയിക്കണം. വിദഗ്ധ പരിശീലനം നേടിയ സിആർപിഎഫ് കമാൻഡോകളാണ് സെഡ് പ്ലസ് സുരക്ഷ ഒരുക്കുന്നത്. വിഐപിയുടെ സുരക്ഷാ വ്യൂഹത്തിൽ അഡ്വാൻസ് പൈലറ്റ്, പൈലറ്റ്, എസ്കോർട്ട് 1, എസ്കോർട്ട് 2, ആംബുലൻസ്, സ്പെയർവണ്ടി, സ്ട്രൈക്കർ ഫോഴ്സ് എന്നിവരുണ്ടാകും.
ജില്ലാ പൊലീസ് മേധാവിക്കായിരിക്കും പൊലീസ് വിന്യാസത്തിന്റെ ചുമതല. ഇന്റലിജൻസ് മേധാവി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കേന്ദ്രത്തിൽനിന്നുള്ള വിവിധ സുരക്ഷാ ഏജൻസികളുടെ ഉദ്യോഗസ്ഥരും പാലക്കാട് എത്തിയിട്ടുണ്ട്. മോഹൻ ഭാഗവത് യാത്ര ചെയ്യുന്ന വഴികളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷയൊരുക്കും. കേരളത്തിൽ മുഖ്യമന്ത്രിക്കും ഗവർണർക്കുമാണ് സെഡ് പ്ലസ് സുരക്ഷയുള്ളത്. ഗവർണർക്ക് സിആർപിഎഫും സുരക്ഷ നൽകുന്നുണ്ട്.