ആർഎസ്എസ് ദേശീയ നേതൃത്വയോഗം പാലക്കാട്ട് ആരംഭിച്ചു
Mail This Article
പാലക്കാട്∙ ഈ മാസം 31ന് ആരംഭിക്കുന്ന സംഘപരിവാർ സംഘടനകളുടെ ദേശീയ സമന്വയ ബൈഠക്കിന് മുന്നോടിയായി ആർഎസ്എസ് ദേശീയ നേതൃത്വത്തിന്റെ മുന്നു ദിവസം നീളുന്ന ഉന്നതതല യോഗം ആരംഭിച്ചു. വാളയാർ അഹല്യാ ക്യാംപസിലാണ് സംഘടനയുടെ പ്രധാന ദേശീയ ഭാരവാഹികൾ പങ്കെടുക്കുന്ന സംഘടനാതല യോഗം നടക്കുന്നത്.
സമന്വയ ബൈഠക്കിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ തീരുമാനിക്കാനും വരുംവർഷങ്ങളിൽ പോഷകസംഘടനകൾക്കുള്ള രൂപരേഖ തയാറാക്കലുമാണു യോഗത്തിന്റെ അജൻഡയെന്നാണു സൂചന. ആർഎസ്എസിന്റെ ശതാബ്ദിയോടനുബന്ധിച്ചുള്ള പരിപാടികളുടെ ചർച്ചയും പദ്ധതി ആസൂത്രണവുമായിരിക്കും കൂടുതൽ നടക്കുക. ഒപ്പം ബിജെപിയുടെ രാഷ്ട്രീയ ദൗർബല്യവും അതു പരിഹരിക്കാനുളള നിർദ്ദേശങ്ങളും ചർച്ചയിൽ വരുമെന്നാണ് വിവരം.
ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേദ്കർ. സഹ സർകാര്യവാഹകന്മാരായ ഡോ. കൃഷ്ണഗോപാൽ, സി.ആർ. മുകുന്ദൻ, എം.കെ.അരുൺ കുമാർ, അലോക് കുമാർ, രാംദത്ത് ചക്രധർ, അതുൽ ലിമയെ തുടങ്ങി നേതാക്കൾ പൂർണസമയം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മൂന്നു ദിവസങ്ങളിലായി 100 ലധികം ദേശീയ നേതാക്കൾ ഇവിടെയുണ്ടാകും.
ഓഗസ്റ്റ് 31, സെപ്റ്റംബർ 1,2 തീയതികളിലാണ് ആർഎസ്എസിന്റെ നേതൃത്വത്തിൽ, ബിജെപി, ബിഎംഎസ് ഉൾപ്പെടെയുള്ള പോഷക സംഘടനകളുടെ പ്രധാന ദേശീയ നേതാക്കൾ പങ്കെടുക്കുന്ന ദേശീയ സമന്വയബൈഠകും ഇവിടെയാണ് നടക്കുക. ഇന്നലെ രാത്രിയോടെ കോയമ്പത്തൂർ വഴി പാലക്കാട് എത്തിയ സർസംഘചാലക് മോഹൻ ഭാഗവത് മുഴുവൻ സമയവും യോഗത്തിലുണ്ടാകും. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ 31ന് എത്തും. രണ്ടുപേർക്കും സെഡ് പ്ലസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം പുണെയിലായിരുന്നു സമന്വയ ബൈഠക് നടന്നത്.