ADVERTISEMENT

തിരുവനന്തപുരം ∙ കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടി മുഖ്യമന്ത്രി പ്രസിഡന്റായി പ്രവർത്തിക്കുന്ന സംസ്ഥാന ശിശുക്ഷേമ സമിതിയിലെ ഇടതു ജീവനക്കാരുടെ സംഘടനാ നേതാവായി കൊലക്കേസ് പ്രതിയെ തിര‌ഞ്ഞെടുത്തതു വിവാദത്തിൽ. മണ്ണന്തല രഞ്ജിത് കൊലക്കേസിലെ നാലാം പ്രതി വി.അജികുമാറിനെയാണു ശിശുക്ഷേമസമിതി സ്റ്റാഫ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. കൊലക്കേസിൽ റിമാൻ‍ഡിൽ കഴിഞ്ഞ കാലാവധി സർവീസ് കാലമായി പരിഗണിച്ചു സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും നൽകണമെന്ന അജികുമാറിന്റെ ആവശ്യം ശിശുക്ഷേമ സമിതിയുടെ ഭരണസമിതിക്കു മുന്നിലുണ്ട്.

ഇതു പരിഗണിക്കാനിരിക്കെയാണ് അജി സിഐടിയു നിയന്ത്രണത്തിലുള്ള സംഘടനയുടെ തലപ്പത്ത് എത്തിയത്. 2008 ഒക്ടോബർ 15ന് പുലർച്ചെ പച്ചക്കറി കടയ്ക്കുള്ളിൽ കയറി അജി കുമാർ ഉൾപ്പെടുന്ന സംഘം രഞ്ജിത്തിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലക്കേസിൽ പ്രതിയാകുമ്പോഴും സംസ്ഥാന ശിശു ക്ഷേമസമിതി സ്റ്റാഫ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു അജി കുമാർ.

കേസ് നടപടികളുടെ ഭാഗമായി ഓഫിസിൽനിന്നു വിട്ടുനിന്നതിനെ തുടർന്നു സംഘടനയുടെ പ്രവർ‍ത്തനം നിർജീവമായി. അടുത്തിടെ സിഐടിയു അഫിലിയേഷൻ ലഭിച്ചതിനു ശേഷം നടത്തിയ തിരഞ്ഞെടുപ്പിൽ അജി കുമാറിനെ വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു. സ്വഭാവ ദൂഷ്യമുള്ളവരെ ഇത്തരം സ്ഥാപനങ്ങളിൽനിന്ന് ഒഴിവാക്കണമെന്നാണ് ജുവനൈൽ ജസ്റ്റിസ് നിയമം നിർദേശിക്കുന്നത്. അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയിലാണ് അജികുമാർ ഇപ്പോൾ. ജൂനിയർ‍ സൂപ്രണ്ടായി സ്ഥാനക്കയറ്റം നൽകാനാണു നീക്കം.

English Summary:

Child Welfare Council Under Fire for Appointing Murder Case Accused

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com