‘ഇത് എന്റെ വഴി’: മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയ സംഭവം; സുരേഷ് ഗോപിക്കെതിരെ അന്വേഷണം
Mail This Article
തൃശൂർ∙ രാമനിലയത്തിൽ വച്ച് മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയ സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണത്തിന് നിർദേശം. മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരയുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിനാണ് തൃശൂർ സിറ്റി എസിപിക്കു കമ്മിഷണർ നിർദേശം നൽകിയത്. എസിപി വ്യാഴാഴ്ച അനിൽ അക്കരയുടെ മൊഴിയെടുക്കും. വേണ്ടിവന്നാൽ മാധ്യമ പ്രവർത്തകരുടെയും മൊഴിയെടുക്കുമെന്നാണ് വിവരം.
സിനിമ മേഖലയിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട ചേദ്യങ്ങളിലാണ് മാധ്യമ പ്രവർത്തകരോട് സുരേഷ് ഗോപി ക്ഷുഭിതനായത്. ‘‘ഇത് എന്റെ വഴിയാണ് എന്റെ അവകാശമാണ്’’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ രോഷം. ജനങ്ങള്‍ക്കറിയേണ്ട ചോദ്യമാണ് ചോദിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ സൗകര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്കുള്ള തീറ്റയാണെന്നും അതുവച്ച് കാശുണ്ടാക്കിക്കോളൂവെന്നും സുരേഷ് ഗോപി ആദ്യം പ്രതികരിച്ചിരുന്നു. ആരോപണങ്ങളില്‍ മുകേഷിനെ പിന്തുണച്ചും രംഗത്തെത്തി. മുകേഷിനെതിരെയുള്ളത് ആരോപണങ്ങള്‍ മാത്രമാണെന്നും കോടതി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നും കേന്ദ്രമന്ത്രി ചോദിച്ചു. ഇതിനുപിന്നാലെ സുരേഷ് ഗോപിയെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു.