ADVERTISEMENT

മേപ്പാടി∙ ഉരുൾ കവർന്നെടുത്ത ഓർമകളെ ബാക്കിയാക്കി ഡോ.സ്വീകൃതി മഹപത്ര സ്വദേശമായ ഒഡീഷയിലേക്ക് മടങ്ങി. ദുരന്തത്തിൽ തലനാരിഴയ്ക്കു രക്ഷപ്പെട്ട ഡോ.സ്വീകൃതി മഹപത്ര കഴിഞ്ഞ 30 മുതൽ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്നേഹാദരം ഏറ്റുവാങ്ങി ഇന്നലെയാണു സഹോദരിമാർക്കൊപ്പം ഡോ.സ്വീകൃതി നാട്ടിലേക്കു മടങ്ങിയത്. കൂട്ടുകാരായ മൂന്നു പേരുമൊത്ത് അവധി ആഘോഷിക്കാൻ എത്തിയപ്പോഴായിരുന്നു ദുരന്തം.

അപ്രതീക്ഷിതമായി ഉണ്ടായ കുത്തൊഴുക്കിൽ കൂടെ ഉണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെയും സ്വീകൃതിക്കു നഷ്ടമായി. അതിൽ ഒരാൾ ഇന്നും കാണാമറയത്താണ്. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ച സ്വീകൃതിയെ ആദ്യം ഐസിയുവിലും പിന്നീട് വെന്റിലേറ്ററിലേക്കു മാറ്റുകയും ചെയ്തു. ശ്വാസകോശത്തിൽ ചെളിവെള്ളവും മണ്ണും മണലും കൽചീളുകളും നിറഞ്ഞ നിലയിലായിരുന്നു. വലത് തുടയെല്ലിന്റെ പൊട്ടലും ഇടതു കാലിലെ ആഴത്തിലുള്ള മുറിവും സ്ഥിതി വഷളാക്കി.

15 ദിവസത്തെ വെന്റിലേറ്റർ ചികിത്സകൾക്കു ശേഷം വീണ്ടും ശ്വാസതടസ്സത്തെ തുടർന്ന് ഐസിയുവിൽ തുടരേണ്ടിവന്നു. അതോടൊപ്പം കാലിലെയും മറ്റു ശരീര ഭാഗങ്ങളിലെയും മുറിവുകൾക്കുള്ള ചികിത്സയും തുടർന്നു. ശ്വസന സംബന്ധമായ അസുഖങ്ങൾ ഭേദമായതിനെ തുടർന്ന് പിന്നീട് തുടയെല്ലിന്റെ ശസ്ത്രക്രിയ നടത്തി.

തുടക്കത്തിൽ അത്യാഹിത വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്ന ചികിത്സകൾ പിന്നീട് പൾമണോളജി, ജനറൽ മെഡിസിൻ, അസ്ഥിരോഗം, തീവ്ര പരിചരണം തുടങ്ങിയ വിഭാഗങ്ങളിലൂടെയാണു നടന്നത്. അണുബാധ കാരണം ചികിത്സാഘട്ടത്തിൽ പല തവണ അവസ്ഥ മോശമായെങ്കിലും പതുക്കെ മരുന്നുകളോടു പ്രതികരിച്ചു സാവധാനം സാധാരണ ജീവിതത്തിലേക്കു മടങ്ങി.

ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് എക്സിക്യുട്ടീവ് ട്രസ്റ്റി യു.ബഷീർ ഡോ. സ്വീകൃതിക്ക് പൂച്ചെണ്ട് നൽകി. പിജി പഠനം കഴിഞ്ഞാൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റായി ജോലി വാഗ്ദാനവും നൽകി. ടി. സിദ്ദിഖ് എംഎൽഎ ഉപഹാരം കൈമാറി. ഡീൻ ഡോ.ഗോപകുമാരൻ കർത്ത, മെഡിക്കൽ സൂപ്രണ്ട് ഡോ.മനോജ് നാരായണൻ, ഡിജിഎമ്മുമാരായ ഡോ.ഷാനവാസ് പള്ളിയാൽ, സൂപ്പി കല്ലങ്കോടൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകൃതിക്ക് യാത്രയയപ്പ് നൽകി.

English Summary:

Dr. Sweekriti Mahapatra Returns Home After Surviving Wayanad Landslide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com