മുകേഷിന്റെ അറസ്റ്റിന് സ്പീക്കറുടെ അനുമതി വേണോ?; വീണവരിൽ ചാക്കോ മുതൽ ശശീന്ദ്രൻ വരെ
Mail This Article
തിരുവനന്തപുരം∙ നടിയുടെ പീഡന ആരോപണത്തെ തുടർന്ന് നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനിച്ചാൽ അതിന് നിയമസഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ല. അറസ്റ്റ് ചെയ്തതിനുശേഷം സ്പീക്കറുടെ ഓഫിസിനെ അറിയിച്ചാൽ മതി. ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുത്തതിനാൽ മുകേഷ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകും. സൂക്ഷ്മ പരിശോധനയ്ക്കുശേഷം മാത്രമേ പൊലീസ് നിയമനടപടികളുമായി മുന്നോട്ടുപോകൂ.
നിയമസഭ സമ്മേളിക്കുന്ന സമയമാണെങ്കിലും എംഎൽഎയെ അറസ്റ്റ് ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി ആവശ്യമില്ല. അറസ്റ്റിന് ശേഷം അറിയിച്ചാൽ മതി. എന്നാൽ, നിയമസഭാ വളപ്പില്‍നിന്നോ എംഎൽഎ ക്വാർട്ടേഴ്സിൽനിന്നോ അറസ്റ്റ് ചെയ്യാൻ സ്പീക്കറുടെ അനുമതി വേണം. അഴിമതി ആരോപണക്കേസിൽ എംഎൽഎയെ അറസ്റ്റ് ചെയ്യാൻ സ്പീക്കറുടെ അനുമതി വേണം. കുറ്റപത്രം സമർപ്പിക്കാനും അനുമതി ആവശ്യമാണ്.
സ്ത്രീയുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നതിനെ തുടർന്ന് കേരള രാഷ്ട്രീയത്തിൽ ആദ്യം രാജിവയ്ക്കുന്നത് ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി.ചാക്കോയാണ്. അപകടത്തിൽപ്പെട്ട ചാക്കോയുടെ കാറിൽ ഒരു വനിതയുണ്ടായിരുന്നെന്ന ആരോപണത്തെ തുടർന്നായിരുന്നു രാജി. വനിതയുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നതിനെ തുടർന്ന് ഗണേഷ് കുമാർ, നീല ലോഹിതദാസൻ നാടാർ, എ.കെ.ശശീന്ദ്രൻ, പി.ജെ.ജോസഫ് എന്നിവർ മന്ത്രി സ്ഥാനം രാജിവച്ചിട്ടുണ്ട്.