‘5 ദിവസത്തേക്ക് അറസ്റ്റ് പാടില്ല’; മുകേഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി
Mail This Article
കൊച്ചി∙ ലൈംഗികാരോപണക്കേസിൽ മുകേഷിന് എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് താൽക്കാലിക ആശ്വാസം. സെപ്റ്റംബർ 3 വരെ മുകേഷിനെ അറസ്റ്റ് ചെയ്യുന്നതു കോടതി തടഞ്ഞു. മുകേഷ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഉത്തരവ്. കേസ് സെപ്റ്റംബർ 3ന് കോടതി പരിഗണിക്കും. കേസിൽ തന്നെ ബ്ലാക്മെയിൽ ചെയ്തതുൾപ്പെടെ തനിക്ക് അനുകൂലമായ നിരവധി കാര്യങ്ങളുണ്ട്. എന്നാൽ ഒരു മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ തനിക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നെന്നാണു മുകേഷിന്റെ വാദം. പൊലീസ് കടുത്ത നടപടിയിലേക്ക് കടന്നേക്കുമെന്ന സൂചന ലഭിച്ചതോടെയാണു മുകേഷ് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചത്.
മരട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്വകാര്യ ഹോട്ടലിൽ വച്ച് ലൈംഗികമായി ആക്രമിച്ചെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു മുകേഷിനെതിരെ കേസെടുത്തത്. തുടർന്നു മുകേഷ് എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതിയിൽ, പരാതിക്കാരിക്കു ഗൂഢലക്ഷ്യമുണ്ടെന്നാണു മുകേഷ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്. തന്റെ സിനിമാ–രാഷ്ട്രീയ ജീവിതം തകർക്കാൻ ലക്ഷ്യമിട്ടാണ് ആരോപണമെന്നു പറയുന്ന മുകേഷ് ആരോപണം തെറ്റെന്നു തെളിയിക്കാൻ 2009 മാർച്ച് 7 ന് അയച്ച മെയിൽ സന്ദേശം തെളിവായുണ്ടെന്നും വ്യക്തമാക്കുന്നു. തന്റെ മാന്യമായ പെരുമാറ്റത്തെ പരാതിക്കാരി അഭിനന്ദിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത് റിമാൻഡിലായാൽ നികത്താനാകാത്ത നഷ്ടമുണ്ടാകും. അന്വേഷണവുമായി എല്ലാത്തരത്തിലും സഹകരിക്കാമെന്നും മുകേഷ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
മുകേഷിനും സിദ്ദിഖിനും എതിരായ അന്വേഷണത്തിനു പ്രത്യേക അന്വേഷണം സംഘത്തെ നിയോഗിച്ചു. എസ്‍പി പൂങ്കുഴലിയാണ് മുകേഷിനെതിരായ അന്വേഷണത്തിന് നേതൃത്വം നല്‍കുക. ചേർത്തല ഡിവൈഎസ്‍പി ബെന്നിയാണ് മുകേഷിനെതിരായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ. സിദ്ദിഖിനെതിരായ പരാതിയിൽ തിരുവനന്തപുരം കേന്ദ്രീകരിച്ചാകും പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുക. സിറ്റി ജില്ലാ ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല.