‘കാഫിർ’ സ്ക്രീൻഷോട്ട് വിവാദം: അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി
Mail This Article
കൊച്ചി∙ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് സംബന്ധിച്ചുള്ള അന്വേഷണം നടക്കുന്നത് പ്രഥമദൃഷ്ട്യാ ശരിയായ ദിശയിലെന്നു ഹൈക്കോടതി. അതേസമയം, വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഉൾപ്പെടുത്തണമെന്ന ഹർജിക്കാരന്റെ ആവശ്യം അന്വേഷണ ഉദ്യോഗസ്ഥൻ പരിഗണിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശിച്ചു. കേസ് ഡയറി പരിശോധിച്ചതിനുശേഷമാണ് കേസന്വേഷണം ശരിയായ ദിശയിലാണെന്നു കോടതി വ്യക്തമാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേന്ന് വടകര മണ്ഡലത്തിൽ പ്രചരിച്ച വ്യാജ സ്ക്രീൻഷോട്ടിനെ ചൊല്ലിയുള്ള വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഹർജി സെപ്റ്റംബർ ആറിനു പരിഗണിക്കുമ്പോൾ തീർപ്പാക്കുമെന്നു കോടതി വ്യക്തമാക്കി.
തന്റെ പേരിൽ പ്രചരിപ്പിച്ച വ്യാജ സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്നും കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് പി.കെ.മുഹമ്മദ് ഖാസിം നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ടു പൊലീസ് ഇതുവരെ ചെയ്തതെല്ലാം ഉചിതമായ കാര്യങ്ങൾ തന്നെയാണെന്നു കോടതി പറഞ്ഞു. അതേസമയം, രണ്ടു കുറവുകളും ചൂണ്ടിക്കാട്ടുന്നുണ്ട്. ചില കുറ്റങ്ങൾ ചേർത്തിട്ടില്ല. കൂടുതൽ വിവരങ്ങൾ നൽകാൻ സാധ്യതയുള്ള ഒരാളെ ഒരു സാക്ഷി പരാമർശിച്ചെങ്കിലും ഇയാളെ ചോദ്യം ചെയ്തിട്ടില്ല. ഇയാളെ ചോദ്യം ചെയ്തിരുന്നെങ്കിൽ ചിലപ്പോൾ ചില സൂചനകൾ ലഭിക്കുമായിരുന്നു. എന്നാൽ അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ നിർദേശങ്ങൾ നൽകുന്നില്ല. ഇതുവരെ നടത്തിയ അന്വേഷണത്തിന് എതിരൊന്നും പറയുന്നില്ല. ഇരുകേസുകളും പൊലീസ് അന്വേഷിക്കുകയാണ്, കോടതി പറഞ്ഞു.
സ്ക്രീൻഷോട്ട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവരെ പ്രതിയാക്കിയിട്ടില്ലെന്നും ഇപ്പോഴും ഇത് പ്രചരിക്കുന്നുണ്ടെന്നും ഹർജിക്കാരൻ ആരോപിച്ചു. എന്നാൽ പൊലീസ് അവർക്കു ചെയ്യാവുന്നതെല്ലാം ചെയ്യുന്നില്ലേ എന്നു കോടതി ചോദിച്ചു. പരിമിതികൾ മനസ്സിലാകും. മെറ്റയെ കക്ഷി ചേർത്തിട്ടുണ്ട്. എന്നാൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തയാൾക്ക് അത് നീക്കം ചെയ്യാവുന്നതല്ലേയെന്നും കോടതി ചോദിച്ചു. തന്നെ പ്രതിയാക്കിയ കാര്യം ഹർജിക്കാരൻ ഉന്നയിച്ചപ്പോൾ ഹർജിക്കാരനെതിരെ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും പൊലീസ് അന്വേഷണത്തിൽ തെറ്റൊന്നും കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കാഫിർ സ്ക്രീൻഷോട്ട് വിഷയത്തിൽ ഖാസിമിനെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. എന്നാൽ താനല്ല ഇത് നിർമിച്ചതും പ്രചരിപ്പിച്ചതെന്നും കാട്ടി ഖാസിമും അന്വേഷണം ആവശ്യപ്പെട്ട് പരാതി കൊടുത്തു. തുടർന്ന് പൊലീസ് രണ്ടു കേസുകളും അന്വേഷിച്ചു തുടങ്ങിയെങ്കിലും കേസന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് ചൂണ്ടിക്കാട്ടി ഖാസിം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതിയിൽ സമര്‍പ്പിച്ച റിപ്പോർട്ടിൽ ഖാസിമിനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, ഫെയ്സ്ബുക്, വാട്സാപ് എന്നിവയിലൂടെയാണ് ഈ സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിക്കപ്പെട്ടത് എന്നതിനാൽ ഇവരുടെ മാതൃകമ്പനിയായ മെറ്റയിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞെങ്കിലും ഇത് ലഭ്യമായില്ല. ഇതിനു പിന്നാലെ ഈ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച വിവിധ ഇടത് അക്കൗണ്ടുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പൊലീസ് കോടതിയിൽ സമര്‍പ്പിക്കുകയും ഇതു വലിയ രാഷ്ട്രീയ വിവാദമായി വളരുകയും ചെയ്തു.